ബംഗളൂരു: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ രാജസ്ഥാന് റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം ജയം. ഇന്ത്യ നായകന് വിരാട് കോഹ് ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ അവര്‍ 19 റണ്‍സിന് തോല്‍പ്പിച്ചു.
45 പന്തില്‍ 92 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നതോടെ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ നാലു വിക്കറ്റിന് 217 റണ്‍സ് കുറിച്ചു. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന് ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 198 റണ്‍സേ എടുക്കാനായുള്ളൂ.
ബംഗളൂരു ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പത്ത് സിക്സറും രണ്ട് ഫോറും പിറന്നു. ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ട്ലര്‍, രാഹുല്‍ ത്രിപാഠി, ക്യാപറ്റന് അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം സഞ്ജു മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.
രഹാനെ 20 പന്തില്‍ 36 റണ്‍സും ബെന്‍സ്റ്റോക്ക്സ് 21 പന്തില്‍ 27 റണ്‍സും ജോസ് ബട്ട്ലര്‍ പതിനാല് പന്തില്‍ 23 റണ്‍സും നേടി. ത്രിപാഠി അഞ്ചു പന്തില്‍ പതിനാലു റണ്‍സുമായി പുറത്താകാതെ നിന്നു. ചലഞ്ചേഴ്സിന്റെ യുവേന്ദ്ര ചഹല്‍ 22 റണ്‍സിന് രണ്ട് വിക്കറ്റും ക്രിസ് വോക്ക്സ് 47 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
വിജയംലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന്റെ തുടക്കം കസറി. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്ലിയും ഡികോക്കും 77 റണ്‍സ് അടിച്ചെടുത്തു. കോഹ്ലി 30 പന്തില്‍ 57 റണ്‍സും ഡികോക്ക് 19 പന്തില്‍ 26 റണ്‍സും നേടി. ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ചലഞ്ചേഴ്സിന്റെ പ്രതീക്ഷകള്‍ മങ്ങി. എ ബി ഡിവില്ലിയേഴ്സ് പതിനെട്ട് പന്തില്‍ 20 റണ്‍സ് നേടി.
മന്ദ്വീപ് സിങ് 25 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. സുന്ദര്‍ 19 പന്തില്‍ 35 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന് റോയല്‍സിന്റെ ശ്രേയസ് ഗോപാല്‍ 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: