ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്‌ക്കു നാണക്കേടായി മലയാളി താരങ്ങള്‍. കേരളത്തില്‍ നിന്നുള്ള കെ.ടി.ഇര്‍ഫാനെയും രാഗേഷ് ബാബുവിനെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നു പുറത്താക്കി. ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തു നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി.
ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്തിട്ടുണ്ട്. ഇതിനാല്‍ രണ്ടു താരങ്ങളും ഉടന്‍തന്നെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരും. ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്കു തിരിച്ചയയ്‌ക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രിസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. അക്രഡിറ്റേഷന്‍ റദ്ദാക്കിയതിനാല്‍ ഇരുവര്‍ക്കും ഇനി ഗെയിംസ് വില്ലേജില്‍ തുടരാന്‍ കഴിയില്ല.
അതേസമയം, താരങ്ങളുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞില്ല. താരങ്ങളുടെ ബാഗില്‍നിന്നാണ് സിറിഞ്ച് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകളോട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
















