ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്റെ പ്രഭവസ്ഥാനവുമായ സംസ്ഥാനമാണ് ബംഗാള്‍. സ്വാതന്ത്ര്യലബ്ധിയോടെ വിഭജിക്കപ്പെട്ടശേഷം കിഴക്കന്‍ ബംഗാളും പശ്ചിമബംഗാളുമായി രൂപാന്തരപ്പെട്ടു. പശ്ചിമബംഗാള്‍ ഇന്ത്യയ്ക്കും കിഴക്കന്‍ ബംഗാള്‍ പാക്കിസ്ഥാനുമായി ലഭിച്ചു. പിന്നീട് കിഴക്കന്‍ ബംഗാള്‍ പാക്കിസ്ഥാനില്‍നിന്നു വേര്‍പെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നമ്മുടെ രാജ്യത്തിന് തലവേദനയായിട്ട് കാലമേറെയായി.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനും സംരക്ഷിക്കാനും പശ്ചിമബംഗാളില്‍ ഭരണം നടത്തിയവരെല്ലാം മത്സരിക്കുകയായിരുന്നു. വോട്ടാണ് പ്രശ്നം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും വോട്ടര്‍മാരാക്കാനും സംഘടിതനീക്കങ്ങള്‍തന്നെ നടത്തി. പല ജില്ലകളിലും നുഴഞ്ഞുകയറ്റക്കാര്‍ ഭൂരിപക്ഷമായി മാറിയിരിക്കുകയാണ്. അത് വലിയ സാമൂഹ്യപ്രശ്നങ്ങളായി. സമുദായസ്പര്‍ധയും സംഘര്‍ഷങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. അതിനെക്കാള്‍ പ്രധാനമാണ് വോട്ടെടുപ്പുകളെ സംഘര്‍ഷത്തിലും സംഘട്ടനങ്ങളിലും എത്തിക്കുന്ന സംഭവങ്ങള്‍.
പശ്ചിമബംഗാളില്‍ ഇതിനകം ആറു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ. അജയ്കുമാര്‍ മുഖര്‍ജി മുതല്‍ മമതാബാനര്‍ജി വരെയുള്ള മുഖ്യമന്ത്രിമാരുടെ ഭരണത്തില്‍ ജനാധിപത്യം അട്ടിമറിച്ച സംഭവങ്ങള്‍ നിരവധിയാണ്. 30 വര്‍ഷത്തോളം മുഖ്യമന്ത്രിയായി ഭരിച്ചത് സിപിഎം നേതാവ് ജ്യോതി ബസുവാണ്. അതിനുമുമ്പ് സിദ്ധാര്‍ഥ ശങ്കര്‍ റായ് ഭരിച്ചപ്പോള്‍ അക്രമികളുടെ തേര്‍വാഴ്ചയായിരുന്നു പശ്ചിമബംഗാളില്‍. മാര്‍ക്കറ്റില്‍ തക്കാളിയും ഉരുളക്കിഴങ്ങും പോലെ നാടന്‍ ബോംബുകള്‍ സുലഭമായിരുന്നു. അടിയും കുത്തും വെടിയും ബോംബേറും നടത്തി അരാജകത്വം സൃഷ്ടിച്ച സിപിഎം അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തെ അട്ടിമറിച്ചു എന്നുതന്നെ പറയാം. ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണത്തിലും കലാപങ്ങള്‍ കലയായി വളര്‍ത്തി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായ ഭരണമായിരുന്നു ബുദ്ധദേവിന്റേത്. സിംഗൂരും നന്ദിഗ്രാമുമൊക്കെ മറക്കാറായിട്ടില്ല. പട്ടിണിയും നിരക്ഷരതയും വികസനമുരടിപ്പും മാത്രം പറയാനുള്ള സംസ്ഥാനമായി പശ്ചിമബംഗാളിനെ മാറ്റിയത് ഇടതുഭരണമാണ്. ഇതിനൊരുമാറ്റം ആഗ്രഹിച്ച ജനങ്ങളുടെ മുന്നില്‍ ആറേഴ് വര്‍ഷം മുന്‍പ് കണ്ടത് മമതാ ബാനര്‍ജിയെയാണ്. ഒറ്റമുറി വീട്ടില്‍ താമസിച്ച്, ലളിതജീവിതം നയിച്ച് പ്രവര്‍ത്തിച്ച മമതയില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ക്ക് അവര്‍ ദുരന്തമായി മാറി. ജനാധിപത്യം മമതയ്ക്ക് എന്തെന്നറിയില്ല. താന്തോന്നിത്തവും തന്‍പ്രമാണിത്തവും കൈമുതലാക്കിയ മമത കേന്ദ്രസര്‍ക്കാരിനെ പുറത്താക്കാന്‍ അത്താഴവിരുന്നുകളൊരുക്കിയും വിശാല സഖ്യത്തിനിറങ്ങിയും അരങ്ങുതകര്‍ക്കുമ്പോഴാണ് പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എത്തിയത്.
അടുത്ത മാസാദ്യം നടക്കുന്ന തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ അട്ടിമറിക്കാന്‍ മമതതന്നെ നേതൃത്വം നല്‍കുകയാണ്. മമതയോടൊപ്പം മോദിക്കെതിരെ കൈകോര്‍ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയുടെ സഹായം തേടുകയാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍പോയ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃണമൂല്‍കാരുടെ കൈക്കരുത്തറിഞ്ഞു. നേരത്തെ സിപിഎം എങ്ങനെയാണോ പ്രതിയോഗികളെ കൈകാര്യം ചെയ്തത് അതേ മാര്‍ഗം മമതയും സ്വീകരിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്‍പതിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണസൗകര്യം ദുര്‍വിനിയോഗം ചെയ്ത് മറ്റുപാര്‍ട്ടികളെ പത്രിക സമര്‍പ്പിക്കാന്‍പോലും അനുവദിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ പോയ സംഘത്തിലെ സിപിഎം നേതാവും ഒമ്പതുവട്ടം എംപിയുമായ നവതി പിന്നിട്ട ബസുദേവ് ആചാര്യയെ ഉള്‍പ്പെടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് ആശുപത്രിയിലാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് 42,000 സീറ്റുകളിലേക്കാണ്. കേന്ദ്രസര്‍ക്കാരിനെ അടുത്ത തെരഞ്ഞെടുപ്പില്‍ താഴെയിറക്കാനും നരേന്ദ്ര മോദിയെ കെട്ടുകെട്ടിക്കാനും ഭാരതപര്യടനം നടത്തി നേതാക്കളെ കണ്ടു തിരിച്ചെത്തിയ മമതയ്ക്ക് ബംഗാളില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന ഭീതിയില്‍ അതിനെ മറികടക്കാന്‍ അക്രമ മാര്‍ഗമാണ് അവലംബിച്ചിട്ടുള്ളത്. ത്രിപുരയിലെ നേട്ടത്തിനൊപ്പം പശ്ചിമബംഗാളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന ഭീതിയില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടം ഒത്താശ ചെയ്യുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് സമാനമാണ്. ഇത് അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: