മഹോളി (യുപി): ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ഇത് പുതിയ ജനകീയ വാക്യമാകുന്നു, മതമേതായാലും നദി നന്നാല്‍മതി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സന്ദേശം ഇന്ത്യക്കാകെ മാത്രമല്ല, ലോകത്തിനും വഴികാട്ടിയായേക്കും.
ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ മഹോളി നഗരത്തിലൂടെ ഒരു നദിയുണ്ട്. കാതിന എന്നാണ് പേര്. പഴയ നദി, പക്ഷേ പരിഷ്‌കാരികളായ ജനങ്ങളുടെ അവഗണനയും മലിനീകരണവും നദിയെ നശിപ്പിച്ചു. വെള്ളം കുറഞ്ഞു, ഉള്ളത് ഉപയോഗിക്കാനാവാത്തതായി.
നദീ തീരത്ത് ജനങ്ങള്‍ ധാരാളം പാര്‍ക്കുന്നു. ഇവിടെ ഒട്ടേറെ ക്ഷേത്രങ്ങളും പ്രജ്ഞാന സത്‌സംഗ് ആശ്രമവും മുസ്ലിം പള്ളിയും അടുത്തടുത്തുണ്ട്. 1962 മുതലുണ്ട് അമ്പലവും പള്ളിയുമവിടെ.
നദിയുടെ ദയനീയാവസ്ഥ മനസിലാക്കിയ വിവിധ മതമേധാവികള്‍ നദിയുടെ സംരക്ഷണത്തിനിറങ്ങി. ജനങ്ങള്‍ക്ക് നദിയുടെ പ്രാധാന്യവും അവരുടെ പ്രവൃത്തികൊണ്ട് ജലം മലിനമാകുന്നതും അറിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു. ജനങ്ങള്‍ ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും നദിയിലേക്ക് തള്ളുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അപകടമാണെന്നറിഞ്ഞ്, സ്വയം ശുദ്ധീകരണത്തിലൂടെയേ നദിയുടെ സംരക്ഷണം നടക്കൂ എന്നും അവര്‍ തീരുമാനിച്ചു. ”അങ്ങനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് നദി സംരക്ഷിക്കാന്‍ തീരുമാനിച്ചു,”വെന്ന് പ്രജ്ഞാന സദ്‌സംഗം ആശ്രമത്തിന്റെ അധിപന്‍ സ്വാമി വിജ്ഞാനാനന്ദ സരസ്വതി പറഞ്ഞു.
ആദ്യം നദി ശുചീകരണത്തിന് തീരുമാനിച്ചിറങ്ങിയത് ആശ്രമമാണ്. വിശ്വാസികളും അനുയായികളും നദി ശുചീകരണത്തിനിറങ്ങി. പിന്നാലെ മുസ്ലിം പള്ളിക്കാരും ഗുരുദ്വാരാ കമ്മിറ്റിയും പിന്തുണയുമായി എത്തി. ഇങ്ങനെ വിവിധ മത വിഭാഗങ്ങളും ഒന്നിച്ചിറങ്ങിയതോടെ വന്‍ ജനകീയ പദ്ധതിയായി. അങ്ങനെ നദിശുചീകരണം വന്‍ വിജയമായി.
മാര്‍ച്ച് 14നാണ് ശുചീകരണ പരിപാടി തുടങ്ങിയത്. ഇപ്പോഴും നടക്കുകയാണ്. നാനൂറോളം പേര്‍ വെള്ളത്തിലിറങ്ങി വൃത്തിയാക്കാന്‍ കൂടി. 700 പേര്‍ നദിയുടെ തീരപ്രദേശങ്ങള്‍ ശുചിയാക്കി.
പ്ലാസ്റ്റിക്, പോളിത്തീന്‍, ഷൂകള്‍, റബ്ബര്‍ വസ്തുക്കള്‍, ജന്തുക്കളുടെ അവശിഷ്ടങ്ങള്‍, മനുഷ്യ മാലിന്യം, കുപ്പിച്ചില്ല, മാര്‍ബിള്‍ കഷണങ്ങള്‍ തുടങ്ങിയവ മാത്രമല്ല, മുങ്ങിപ്പോയ ബോട്ടവശിഷ്ടങ്ങളും കിട്ടി. ട്രക്കുകണക്കിന് കുളവാഴയാണ് നദിയില്‍നിന്ന് നീക്കിയത്.
സിഖുകാര്‍ക്ക് ‘സേവ’ മതചര്യയുടെ ഭാഗമാണ്. നമ്മുടെ നദികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴെല്ലാം സേവയ്‌ക്ക് ഞങ്ങള്‍ ഒരുക്കമാണ്, ഉജാഗര്‍ സിങ് പറഞ്ഞു.
നദി വൃത്തിയാക്കാനായി. ഇനി മലിനീകരണം തടയാന്‍ എന്തുചെയ്യുമെന്നതാണ് ചിന്തിക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് കക്കൂസുകളില്ലാത്തത് പ്രശ്‌നമാണ്. എന്നാല്‍ മന്ദിര്‍-മസ്ജിദ് സഹകരം ഈ പ്രശ്‌നത്തില്‍ ഒന്നിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കെ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് മോസ്‌കിന്റെ മാനേജിങ് കമ്മിറ്റിയിലെ മുഖ്യന്‍ മുഹമ്മദ് ഹനീഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
















