ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകന് ദത്തോപാന്ത് ഠേംഗ്ഡ്ജി. 1944-ല്‍ പാലക്കാട്ടെത്തിയപ്പോള്‍ സ്വയംസേവകനായ ശങ്കരമുത്താന്റെ വീട് സന്ദര്‍ശിച്ചു. ശങ്കരമൂത്താന്റേയും ദേവകിയമ്മയുടേയും ഇളയമകനെ നോക്കി ഠേംഗ്ഡ്ജി പറഞ്ഞു, ഈ മകനെ ഞങ്ങള്‍ക്ക് വേണം. അത് വെറുവാക്കായില്ല. ആ മകന് സേതുമാധവന് രാഷ്ട്ര സേവനത്തിന്റെ വിപുലമായ കര്‍മ്മ മണ്ഡലത്തിലെ കരുത്തുറ്റ കണ്ണിയായി മാറി, ആര്‍എസ്എസ് പ്രചാരകനായി. എല്ലാവര്ക്കും പ്രിയപ്പെട്ട സേതുവേട്ടനായി.
ശങ്കരമൂത്താന്‍ ഒരു സ്വയം സേവകന് ആയതുകൊണ്ടുമാത്രം ആയിരുന്നില്ല അത്. ആര്‍എസ്എസിന് ഇന്നത്തോളം സ്വാധീനവുമുണ്ടായിരുന്നില്ല അന്ന്. മകനെ രാഷ്ട്രസേവനമെന്ന മഹത്തായ മാര്‍ഗ്ഗത്തിലേക്ക് അനുഗ്രഹിച്ച് അയക്കുമ്പോള്‍ ആ അമ്മയുടെ കൈകള്‍ ഇടറിയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ അനുവാദം ചോദിച്ചാണ് സേതുമാധവന് ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകളിലെക്കെത്തിയത്. ആര്‍എസ്എസിന്റെ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും പ്രചാരകര്‍ക്കും മാതൃതുല്യയായിരുന്നു ദേവകിയമ്മ.
മകനെ രാഷ്ട്രസേവനത്തിന് അയച്ചശേഷം ഒതുങ്ങി നില്‍ക്കുകയായിരുന്നില്ല ആ അമ്മ. സമാജസേവന പ്രവര്‍ത്തനങ്ങളിലും ദേവകിയമ്മ സജീവമായിരുന്നു. 1960 കാലഘട്ടത്തില്‍ സേതുവേട്ടന് സംഘപ്രചാരകനായ ശേഷം പാലക്കാട് കര്‍ണ്ണകി നഗര്‍ പ്രദേശത്ത് അവര്‍ കുടുംബക്ഷേമത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയിരുന്നു. മൂത്താന്തറയിലെ യശോദ, രാജമ്മ, ഭാര്‍ഗ്ഗവി, ജാനു തുടങ്ങിയവരും മഹിളാ കൂട്ടായ്മ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ സംഘപ്രവര്‍ത്തനത്തിന് അത് വളരെ സഹായകവുമായി. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ പ്രവര്‍ത്തനങ്ങള്‍ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു.
1965-66 കാലയളവില്‍ സേവികാ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിലും ദേവകിയമ്മ പ്രധാന പങ്കു വഹിച്ചു. അതിനുശേഷമാണ് രാഷ്ട്രസേവികാ സമിതിയുടെ പാലക്കാട് ജില്ലാ സഞ്ചാലിക ചുമതല അവരില്‍ വന്നുചേര്‍ന്നത്. ജനസംഘത്തിന്റെ മഹിളാ നേതാവായ ദേവകിയമ്മയും (എടപ്പാള്‍), രാഷ്ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ടി.പി. വിനോദിനിയമ്മയും (പുന്നയൂര്‍ക്കുളം) പാലക്കാട്ടു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സേതുവേട്ടന്റെ അമ്മയും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. 1979-80 കാലഘട്ടമാവുമ്പോഴേയ്ക്കും ബാലഗോകുലം പ്രവര്‍ത്തനമാരംഭിച്ചു. ബാലഗോകുലത്തിന്റെ രക്ഷാധികാരിയായും ദേവകിയമ്മ പ്രവര്‍ത്തിച്ചു. നിലയ്ക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ ദേവകിയമ്മയും മറ്റു മഹിളാ പ്രവര്‍ത്തകരും അണിചേര്‍ന്നു.
മൂത്തമകന് ഭാസ്കരന് മാസ്റ്റര്‍ ബാലഗോകുലത്തിന്റെയും കല്ലേക്കാട് വ്യാസവിദ്യാ പീഠത്തിന്റെയും ചുമതലയില്‍ ആയിരുന്നതിനാലും സേതുവേട്ടന്റെ ജന്മഗൃഹമെന്ന നിലയിലും സംഘ അധികാരികള്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ആതിഥേയത്വമരുളുന്നതിലും അവര്‍ സന്തോഷം കണ്ടെത്തി. ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും സംഘകാര്യകര്‍ത്താക്കളോട് അവര്‍ക്ക് വാത്സല്യമായിരുന്നു. ഒരുപക്ഷേ, സംഘപ്രസ്ഥാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയും തന്റെ പുത്രനെ ആ കര്‍മ്മമണ്ഡലത്തിലേക്കയച്ച ഈശ്വരനിയോഗവും ഒരു വീട്ടമ്മയെന്ന നിലയില്‍ അവരുടെ നിര്‍വൃതിയ്ക്ക് കാരണമായിരിക്കാം.
(പാലക്കാട് ജില്ല സംഘചാലകാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: