സിനിമയിലെ വില്ലന്‍ വേഷം ഒരിക്കലും താണ തരം അല്ല. ഇടികൊള്ളുന്ന വില്ലനില്‍നിന്നും ഇടികൊടുക്കുന്ന നായകനായി കേറിവന്ന കഥകളാണ് ഇന്നത്തെ ചില സൂപ്പര്‍താരങ്ങള്‍ക്കുപോലും പറയാനുള്ളത്. മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനു മികച്ച ഉദാഹരണങ്ങളാണ്. സോമന്, ജയന് തുടങ്ങിയ പഴയകാല നടന്മാരെ പോലുള്ളവരും എത്ര. നായകനായി വന്ന് വില്ലന്‍ വേഷങ്ങളിലേക്കു മടങ്ങിപ്പോയവരേയും കാണാം. നിരവധി ഹിറ്റു ചിത്രങ്ങളിലെ നായകനായിരുന്ന ശങ്കര്‍ പിന്നീട് വില്ലന്‍ വേഷത്തിലേക്കു തിരിയുന്നതും കണ്ടു.
സിനിമാജീവിതത്തില്‍ മുഴുക്കെ വില്ലന്‍ വേഷങ്ങളില്‍ മാത്രം തിളങ്ങാന്‍ വിധിക്കപ്പെട്ടവര്‍ ഒരു പക്ഷേ അജിത്തിനെപ്പോലെ അപൂര്‍വമായിരിക്കും. അജിത്ത് കടന്നുപോകുമ്പോള്‍ ഒരു ടിപ്പണി കൂടാതെ മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് പതിറ്റാണ്ടുകള്‍ പ്രായമുള്ള ഈ വില്ലന്‍വേഷം മനസില്‍ പതിഞ്ഞതുകൊണ്ടാണ്. സംവിധായകനാകാന്‍ വന്ന്് നടനായും സ്ഥിരം വില്ലനായും മാറിയതാണ് അജിത്തിന്റെ സിനിമാ ജീവിതം. സംവിധാനം കൊതിച്ച് പത്മരാജനടുത്തെത്തിയ അജിത്ത് അദ്ദേഹത്തിന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ അഭിനേതാവായി മാറുകയായിരുന്നു. അങ്ങനെ കൊല്ലം അജിത്തിന് പത്മരാജന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.
അക്കാലത്ത് കണ്ടുമടുത്ത സ്ഥിരം വില്ലനില്‍നിന്നും വ്യത്യസ്തനായൊരു വില്ലനെ മലയാള സിനിമ തേടിക്കൊണ്ടിരിക്കെയാണ് അജിത്തിന്റെ വിധിയും മാറിയത്. വലിയ കണ്ണും മുഖ പൗരുഷവും ഒത്ത ശരീരഘടനയുമുള്ള അജിത്ത് അങ്ങനെ പുതിയ വില്ലനായി. സിനിമയില്‍ ഗുണ്ടയുണ്ടെങ്കില് അത് അജിത്തായിരിക്കുമെന്നുപോലും വന്നു. മൂന്നു പതിറ്റാണ്ടിലേറെ വില്ലന്‍ വേഷങ്ങളുടെ ജൈത്രയാത്ര അജിത്തിനെപ്പോലെ മറ്റൊരാളും ചെയ്തിട്ടുണ്ടാവില്ല.
ഐ.വി.ശശിയെപ്പോലുള്ള ചില സംവിധായകരുടെ സ്ഥിരം വില്ലനായിരുന്നു അജിത്ത്. പിന്നീട് ഈ വേഷങ്ങളില്‍ തന്നെ വെവ്വേറെ മാനറിസങ്ങളുണ്ടായി. പേടിത്തൊണ്ടനായ വില്ലന്‍, ചിരിപ്പിക്കുന്ന വില്ലന്‍, സ്നേഹമുള്ള വില്ലന്‍ എന്നിങ്ങനെ മുഷിയാത്ത ആവര്ത്തനങ്ങളുണ്ടായി. ഗുണ്ടയായി ഒതുങ്ങിയെന്നോ ഒതുക്കിയെന്നോ പറയുന്നതിനു പകരം എല്ലാംകൊണ്ടും യോഗ്യനായൊരു വില്ലനെ പെട്ടെന്നു കണ്ടെത്താന്‍ ആകാത്തതുകൊണ്ടു കൂടിയാണെന്നു വിശ്വസിക്കുന്നതാവും നല്ലത്. വില്ലന്‍ വേഷങ്ങളില്‍ ആഘോഷിച്ച ജീവിതമായിരുന്നു അത്. മനസിലെ ആദ്യമോഹം സഫലീകരിച്ചശേഷമാണ് അജിത്ത് വിടവാങ്ങിയത്. രണ്ടു സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: