കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രം അന്വേഷിക്കുന്ന പെരുംചെല്ലൂര് ചെപ്പേട് എന്ന ബ്ലോഗില്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്തത് രണ്ട് ചോദ്യങ്ങള്‍ ആണ്
എവിടെ നിന്ന് വന്നു..?
ഏത് കാലത്ത് വന്നു..?
നമ്പൂതിരി കുടിയേറ്റത്തെക്കുറിച്ചുള്ള ഈ രണ്ട് പ്രധാന ചോദ്യങ്ങളില്‍ രണ്ടാമത്തെ ചോദ്യത്തിനു ഇന്ന് ഏതാണ്ടൊക്കെ ഉത്തരം വ്യക്തമാണു. ക്രിസ്തു വര്ഷാരംഭത്തിനു മുന്‍പ് തന്നെ സംഘടിതമായ തോതില്‍ അല്ലെങ്കിലും ഇവിടെ ബ്രാഹ്മണ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി വ്യക്തമായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ അപ്പോഴും ആദ്യത്തെ ചോദ്യത്തില്‍ അവ്യക്തത തുടരുക തന്നെയാണ്. ആ ചോദ്യമിതാണു എവിടെ നിന്ന് വന്നു..? അതിനൊപ്പം മറ്റൊരു ചോദ്യം കൂടി ഈ അദ്ധ്യായം ചോദിക്കുന്നു, പൂര്‍വ്വ ദേശത്ത് നിന്ന് സര്‍വ്വതും വിട്ട് കേരളത്തിലേക്ക് നമ്പൂതിരി കുടിയേറിയത് എന്തുകൊണ്ടാണു..?
കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിനു പിന്നില്‍ പരശുരാമനുമായി ബന്ധപ്പെട്ട കഥകള്‍ ഉണ്ട് എങ്കിലും ശ്രീരാമനു ഈ രചനയുമായി ഒരു ബന്ധവുമില്ല. എന്നിരുന്നാലും നമുക്ക് ഇവിടെ രാമായണത്തെ ഒന്ന് പരാമര്‍ശിക്കാതെ വയ്യ. ഭാരതത്തിലെ ആദികാവ്യമായ രാമായണത്തിന്റെ കാലം അതി പൗരാണികം ആണ്. വേദ കാലത്തിന്റെ തുടര്‍ച്ചയായിത്തന്നെ എഴുതപ്പെട്ട ഈ മഹാകാവ്യം ചര്‍ച്ച ചെയ്യുന്നത് വേദ സാഹിത്യങ്ങളില്‍ പരാമര്‍ശിക്കുന്ന ഏതാണ്ട് ഇന്നത്തെ അഫ്ഘാനിസ്ഥാന് മുതല്‍ക്ക് ഗംഗാസമതലമാകെ പരന്ന് കിടക്കുന്ന ഒരു ഭൂപ്രദേശത്തെക്കുറിച്ചല്ല. പകരം ഇന്ത്യയ്ടെ തെക്ക് വടക്ക് അച്ചുതണ്ടിലൂടയാണു ഇതിലെ സഞ്ചാരപഥം കടന്ന് പോകുന്നത്. രാമന് ലങ്കയിലേക്ക് നടത്തിയ യാത്രാപഥം നോക്കുക. അതായത് ശ്രീരാമന് ജനിച്ച ഇന്നത്തെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായ അയോദ്ധ്യയെന്ന രാജ്യത്ത് നിന്ന് മദ്ധ്യപ്രദേശിലെ ചിത്രകൂടം വഴി മഹാരാഷ്ട്രയിലെ പഞ്ചവടിയില്‍ എത്തി, അവിടെ നിന്ന് കര്‍ണ്ണാടകത്തിലെ ഇന്ന് ഹമ്പി എന്ന് അറിയപ്പെടുന്ന കിഷ്ക്കിന്ധ വഴി, തമിഴ്നാട്ടിലെ രാമേശ്വരത്തേക്കും അവിടുന്ന് ലങ്കയിലേക്കും കാല്‍നടയായി പോകുന്നു. വൈദിക കാലത്തിന്റെ തുടര്‍ച്ചയായി രചിക്കപ്പെട്ട രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒന്നും തന്നെ വാത്മീകി ഒരു കവിയുടെ കാല്‍പ്പനികത ആയിരുന്നില്ല എന്ന് വ്യക്തം. അതായത് രാമായണത്തിന്റെ രചനാ കാലത്ത് വൈദീക സംസ്കാരം വളര്‍ച്ച പ്രാപിച്ച ഇന്ത്യയുടെ ഉത്തര ദിക്കില്‍ നിന്ന് ദക്ഷിണ ദിക്കുകളിലേക്ക് വളരെ വ്യക്തമായ ഒരു സഞ്ചാര പഥം നിലവില്‍ ഉണ്ടായിരിക്കണം, മാത്രവുമല്ല ഈ പ്രദേശങ്ങളെക്കുറിച്ച് എല്ലാം തന്നെ ഉത്തരേന്ത്യക്കാരനായ കവിക്ക് കൃത്യമായ അറിവ് ലഭ്യമാകും വിധം തിരക്കേറിയ ഒരു ജനപഥവും ആയിരുന്നിരിക്കണം.
ശ്രീരാമന്റെ യാത്രാപഥം
ഇനി ശ്രീരാമനെ വിട്ട് രാമായണത്തില്‍ തന്നെ അദ്ദേഹത്തിന്റെ സമകാലികനായി പരാമര്‍ശിക്കുന്ന പരശുരാമന് കൊണ്ടുവന്നു എന്ന് വിശ്വസിക്കുന്ന നമ്പൂതിരി കുടിയേറ്റത്തിലേക്ക് തന്നെ വരാം. ഉത്തരദേശത്ത് നിന്ന് ദക്ഷിണ ദിക്കിലെ ഈ കേരളക്കരയിലേക്കുള്ള നമ്പൂതിരിയുടെ പാത സുഗമമാക്കിയതിനു പിന്നിലും ഒരു പക്ഷെ രാമായണ രചനാ കാലത്ത് തന്നെ ഉത്തരേന്ത്യക്കാര്‍ക്ക് അറിയാവുന്ന ഒരു ദക്ഷിണാപഥം തന്നെയായിരുന്നിരിക്കും എന്ന് തീര്‍ച്ച. കേരളത്തിലേക്ക് വന്ന നമ്പൂതിരിമാരുടെ സഞ്ചാര പഥം ഇത് തന്നെയാണോ എന്ന് ഉറപ്പൊന്നും ഇല്ല. ഗംഗാ സമതലത്തില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്തേക്കുള്ള പാതയില്‍ പലയിടത്തും രാമായണ പാതകളും കടന്ന് പോകുന്നുണ്ട് എന്നത് വസ്തുതയാണു. നമ്പൂതിരി കുടിയേറ്റത്തിന്റെ പാത ഏതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്ക്കിടയില് തന്നെ ഏകാഭിപ്രായം ഇല്ലെന്നത് കഴിഞ്ഞ അദ്ധ്യായത്തില്‍ തന്നെ ചര്‍ച്ച ചെയ്തതാണ്. ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ കൊണ്ട് ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ നീളുന്ന തുറന്ന് കിടക്കുന്ന പടിഞ്ഞാറന്‍ കടല്‍ തീരം വഴിയാകാം കേരളത്തിലേക്ക് നമ്പൂതിരിമാര്‍ കടന്നിരിക്കുക എന്ന അനുമാനം മാത്രമാണ് നമുക്ക് മുന്നില്‍ ഉള്ളത്. തെളിവുകള്‍ ഇല്ലാത്തിടത്ത് സാധ്യതകള്‍ കൂടുതല്‍ ഉള്ള അനുമാനത്തിനു തന്നെയാണല്ലോ താല്‍ക്കാലികമായെങ്കിലും സ്ഥിരത ഉണ്ടാവുക.
എവിടെ നിന്ന് കുടിയേറി..? എന്തുകൊണ്ട് കുടിയേറി..?
കേരള നമ്പൂതിരിമാരുടെ തായ് വേര് എവിടെ നിന്നാണെന്നതില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട്. നമ്പൂതിരിമാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഏറ്റവും പ്രബലമായ ഒരു വാദം ഉള്ളത് ആന്ധ്രയില്‍ കൃഷ്ണാ നദിക്കരയില്‍ നിന്ന് ആണ് കേരളത്തിലേക്ക് നമ്പൂതിരി കുടിയേറിയത് എന്നാണ്. ചില സ്ഥലനാമ സാധ്യതകളും കുടുംബപ്പേരുകളും എല്ലാം ഇതിനു ബലം കിട്ടാന്‍ പറയാറുമുണ്ട്. അത് പോലെ മറ്റൊരു വാദം ഉള്ളത്, ‘ഇല്ലം’ എന്നും ‘മന’ എന്നും നമ്പൂതിരി ഭവനങ്ങളെ പ്രതിപാദിക്കാറുണ്ട്. ആന്ധ്രയില്‍ നിന്ന് വന്നവര്‍ ഇല്ലം എന്നും, കര്‍ണ്ണാടകത്തില്‍ നിന്ന് വന്നവര്‍ മന എന്നുമാണു പ്രയോഗിക്കുക എന്നുമാണ് ഭാഷാ പണ്ഡിതരെ ഉദ്ധരിച്ച് ചിലര്‍ അഭിപ്രായപ്പെടാറുള്ളത്. എന്നാല്‍ ആന്ധ്രയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും കുടിയേറ്റം നടന്നിരിക്കാമെങ്കിലും ഈ വാദത്തില്‍ കഴമ്പ് ഇല്ല എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും. ‘മന’ എന്ന് ഭവനത്തിന്റെ പേരായിചേര്‍ക്കുന്നവരും ‘ഇല്ലം’ എന്ന് ചേര്‍ക്കുന്നവരും തങ്ങളുടെ ഭവനത്തെ ഇല്ലമെന്ന് തന്നെയാണ് പരാമര്‍ശിക്കുന്നത്. രണ്ട് നമ്പൂതിരിമാര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ‘ഇല്ലപ്പേര്’ എന്താണ് എന്നല്ലാതെ ‘മനപ്പേര്’ എന്താണെന്ന് ഒരിക്കലും ചോദിക്കാറില്ല. അതായത് രണ്ട് കൂട്ടര്‍ക്കും ‘ഇല്ലം’ തന്നെയാണ് ഭവനം. ‘മന’ എന്നത് നമ്പൂതിരിമാരില്‍ വിശേഷിച്ച് മദ്ധ്യകേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ എഴുത്ത് ഭാഷയായി മാത്രം പ്രയോഗിക്കുന്നതാണു.
നമ്പൂതിരിമാരുടെ ആന്ധ്ര ബന്ധം ചരിത്രകാരന്മാരും തള്ളിക്കളയുന്നില്ല എന്നത് വാസ്തവമാണു. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലിന്റെ കര്‍ത്താവും വിവിധകാലങ്ങളില്‍ തിരുവിതാംകൂറിലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്ത നഗമയ്യയെ പ്രശസ്ത ചരിത്രകാരനായ പി.കെ.ബാലകൃഷ്ണന് ഉദ്ധരിച്ച് പറയുന്നത് ഇങ്ങിനെയാണു ”ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിക്കും, ഗോദാവരി നദിക്കും ഇടയിലുള്ള പ്രദേശത്ത് നിന്നുള്ളവരാണു നമ്പൂതിരിമാര്‍ എന്ന് അനുമാനിക്കാന്‍ സാധിക്കും. ഈ പ്രദേശം ബ്രിട്ടീഷ് ഭരണത്തിനു മുമ്പുള്ള കാലങ്ങളില്‍ വിന്ധ്യ പര്‍വ്വതത്തിനു തെക്കുള്ള പ്രദേശങ്ങളില്‍ വച്ച് ഏറ്റവും കൊള്ളരുതാത്ത ഭൂപ്രകൃതിയുള്ള ദേശവും ആയിരുന്നു. പ്രാകൃതികമായ അനുകൂലാവസ്ഥ ഒട്ടുമില്ലാത്തതും, ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണുള്ളതും, കാലാവസ്ഥ ഏറ്റവും ദുസ്സഹമായതുമായ പ്രദേശമാണു ഇവിടം, അവിടത്തെ ദരിദ്രരായ ജനതയാകട്ടെ ദീര്‍ഘമായ വരള്‍ച്ചയുടേയും, കൊടിയ ക്ഷാമത്തിന്റേയും സംഹാര ശക്തിക്ക് നിരന്തരം ഇരയാകേണ്ടി വരികയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഭാവികമായും പരശുരാമനു നല്‍കിയത് ഈ പ്രദേശം തന്നെയാകും ‘ നഗമയ്യയുടെ ഈ വരികളില്‍ നമ്മള് ഉന്നയിച്ച രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. എവിടെ നിന്ന് വന്നു..? എന്തുകൊണ്ട് വന്നു..?
തുടര്‍ന്ന് പി.കെ ബാലകൃഷ്ണന് അഭിപ്രായപ്പെടുന്നു, ഒരു ജന സമൂഹം ഒന്നടങ്കം മറ്റൊരു ദിക്കിലേക്ക് കുടിയേറുന്നുവെങ്കില്‍ അവിടെ ഒരു പലായനത്തിന്റെ സ്വഭാവം കൂടി അനുമാനിക്കേണ്ടി വരും. ജനിച്ച് വളര്‍ന്ന മണ്ണിനെ ഉപേക്ഷിച്ച് വലിയൊരു സംഘമായി അവര്‍ കുടിയേറിയിരിക്കുക അങ്ങിനെയാവാനെ .”ഒരേ പ്രദേശത്ത് നിന്ന് പരിമിതമായ ഒരു കാലയളവിനുള്ളില്‍ ജന്മദേശത്തോട് അന്ത്യയാത്ര പറഞ്ഞ് സകുടുംബം പറ്റം പറ്റമായി പലായനം ചെയ്ത് വന്ന ഒരു പ്രത്യേക ജനവിഭാഗം ആയിരിക്കാം ഇവര്‍” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതേ വാദം തന്നെയാണ് ചരിത്രകാരനായ പത്മനാഭമേനോനും മുന്നോട്ട് വയ്ക്കുന്നത്. കൃഷ്ണാ ഗോദാവരി നദികള്‍ക്കിടയിലെങ്കിലും ആന്ധ്രയിലെ ആ ദുസ്സഹമായ പ്രദേശം ഉപേക്ഷിച്ച് കേരളത്തിലേക്ക് കുടിയേറിയ വിഭാഗമാണു നമ്പൂതിരിമാര്‍ എന്നാണ് നഗമയ്യയെ ഉദ്ദരിച്ച് തന്നെ പത്മനാഭമേനോനും അഭിപ്രായപ്പെടുന്നത്.
കൃഷ്ണാ തടത്തില്‍ നിന്ന് കേരളത്തിലേക്ക്..?
ഈ വാദങ്ങള്‍ ശരിയാണെങ്കില്‍ ഗംഗാതടത്തില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്കുള്ള കുടിയേറ്റ പ്രക്രിയയില്‍ എന്നെങ്കിലും ആന്ധ്രയില്‍ അധിവസിച്ച ഒരു വിഭാഗം വൈദീക ബ്രാഹ്മണരാകാം കേരള നമ്പൂതിരിമാരുടെ പൂര്‍വ്വീകര്‍. എന്നാല്‍ പിന്നീടൊരുകാലത്ത് അവിടെയുടലെടുത്ത വരള്‍ച്ചയും, ക്ഷാമവും ഒരുപക്ഷെ പകര്‍ച്ച വ്യാധികളും മൂലം പൊറുതിമുട്ടിയ ആ വലിയൊരു ജന വിഭാഗം ജന്മദേശത്തോട് വിട പറഞ്ഞ് കൂട്ടത്തോടെ കര്‍ണാടകത്തിലേക്കും, അവിടെ നിന്ന് ഒരു പക്ഷെ ഗോകര്‍ണ്ണം വഴി പടിഞ്ഞാറന്‍ തീരത്ത് കൂടി താരതമ്യേന മനുഷ്യവാസം കുറഞ്ഞ ഇതര ബ്രാഹ്മണവര്‍ഗ്ഗം അതുവരേക്കും കടന്ന് ചെന്നിട്ടില്ലാത്ത കേരള ദേശത്തേക്ക് കുടിയേറിയതാകാം.
(തുടരും)
ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
കേരളത്തിലെ നമ്പൂതിരി കുടിയേറ്റം
ദുര്‍ബ്ബലമാകുന്ന ആര്യന് സിദ്ധാന്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: