മദ്ധേഷ്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഊര് ചുറ്റി എത്തിയ നോര്‍മഡക്കുകള്‍ ആണ് ആര്യന്മാര്‍ എന്നാണ് സംക്ഷിപ്തമായി ഇവരെ വിശേഷിപ്പിക്കാറ്. സ്വതന്ത്രന്‍, ശ്രേഷ്ഠന്‍, ത്രൈവര്‍ണ്ണികന്‍, എന്നെല്ലാമാണു ഭാഷാ പണ്ഡിതര്‍ ആര്യന്‍ എന്ന പദത്തിനു നല്‍കുന്ന അര്‍ത്ഥം. എന്തായാലും ഒരു പ്രത്യേക ഗോത്രം എന്ന നിലയ്‌ക്കോ വിഭാഗം എന്നനിലയ്‌ക്കോ ഈ പദത്തെ കണക്കാക്കാവുന്നതാണു. ജര്‍മ്മനിയിലെ നാസി ഭരണകാലത്ത് ഈ ഒരു പദത്തിനു കൈ വന്ന അനാശാസ്യ വര്‍ഗ്ഗീയ അര്‍ത്ഥ വിശേഷവും, അതനുസരിച്ചുള്ള ഔദ്യോഗിക തത്വസംഹിതയുമാണു ഈ ഒരു പദത്തിനെ വലിയൊരളവോളം കുഴപ്പത്തില്‍ പെടുത്തിയത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
ഇന്ത്യയില്‍ ആര്യാധിനിവേശം ഉണ്ടായോ എന്നത് അനേക നാളുകളായി തുടരുന്ന ഒരു തര്‍ക്ക വിഷയമാണ്. ഒന്നിലേറെ സിദ്ധാന്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. വൈദീക മതവും ആര്യമതവും രണ്ട് ആണെന്ന വാദവും ശക്തമാണു. വൈദീക മതമാണു ഇവിടെ ഉണ്ടായിരുന്നതെന്നും സിന്ധൂനദീതടത്തില്‍ നിന്ന് അത് പിന്നീട് ഭാരതമെമ്പാടും വ്യാപിക്കുകയായിരുന്നു എന്നുമാണു ഇവര്‍ സിദ്ധാന്തിക്കുന്നത്. ആര്യന്‍ സിദ്ധാന്തം ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ കെട്ടുകഥയാണെന്നും ആര്യന്മാര്‍ ഇന്ത്യയിലേക്ക് വന്നിട്ട് പോലുമില്ലെന്നും ഇക്കുട്ടര്‍ സമര്‍ത്ഥിക്കുന്നു. കൃസ്തുവിനു മുന്‍പ് രണ്ടായിരാമാണ്ടിനു ശേഷം കടന്നുവന്ന ആര്യന്മാര്‍ക്ക് ശേഷമാണു ഇന്ത്യയില്‍ ചരിത്ര കാലഘട്ടം തുടങ്ങിയത് എന്നും അതിനു മുന്‍പ് ഇന്ത്യയില്‍ ശിലായുഗ കാലഘട്ടമായിരുന്നു എന്നുമാണു ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ നിരൂപിച്ചിരുന്നത്. എന്നാല്‍ ഹാരപ്പയിലേയും മൊഹഞ്ചദാരോയിലേയും ഉദ്ഘനനത്തോടെ വാസ്തവത്തില്‍ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ഈ ഒരു സിദ്ധാന്തത്തിനു ഇളക്കം തട്ടി. അടുത്ത അദ്ധ്യായത്തില്‍ ഈ വാദഗതികള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതിനാല്‍ ഇക്കാര്യത്തില്‍ ഇവിടെ അധികം വിസ്തരിക്കുന്നില്ല.
ആര്യന്മാരുടെ കുടിയേറ്റം തിയറി
സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളെ ക്ലാസിക്കല്‍ ആര്യന്‍ ഭാഷകളായാണു പരിഗണിക്കുന്നത്. ഇതില്‍ സംസ്‌കൃതത്തിലതിഷ്ഠിതമായ ഭാഷാ സംസ്‌കാരങ്ങള്‍ അനുവര്‍ത്തിച്ച് വന്ന വിഭാഗമാണു ഖൈബര്‍ ചുരം കടന്ന് ഇന്ത്യയിലേക്ക് കടന്ന് വന്നത്. പൂര്‍വ്വ നിശ്ചിതമോ ആസൂത്രിതമോ അല്ലാത്ത തികച്ചും സ്വാഭാവികമായ പുതിയ മേച്ചില്‍ പുറങ്ങളും ആവാസ വ്യവസ്ഥയും അന്വേഷിച്ചുള്ള കുടിയേറ്റമായിരുന്നിരിക്കണം അത് എന്ന് ഇന്ത്യയില്‍ വന്ന ശേഷമുള്ള അവരുടെ ജീവിത ശൈലികളും, പില്‍ക്കാല കുടിയേറ്റങ്ങളും പരിശോധിക്കുമ്പോള്‍ മനസിലാകും. ഇന്ത്യയില്‍ വേദനിബദ്ധമായ സംസ്‌കൃതിയുടെ ആരംഭത്തിനു കൂടിയായിരുന്നു ആര്യന്മാരുടെ വരവോടെ അരങ്ങൊരുങ്ങിയത്. പില്‍ക്കാലത്ത് ആദ്യമെത്തിയ സംഘത്തെ പിന്തുടര്‍ന്ന് പുതിയ സംഘങ്ങള്‍ എത്തിയതോടെ പുതിയ ഇടങ്ങളിലേക്ക് കൂടി ആര്യന്മാര്‍ പടര്‍ന്നവെന്നാണു അനുമാനം.
എന്തായാലും ആര്യന്‍ സിദ്ധാന്ത പ്രകാരം മദ്ധ്യേഷ്യയില്‍ നിന്ന് അഫ്ഘാനിസ്ഥാന്‍ വഴി ഖൈബര്‍ ചുരം കടന്ന് ഇന്ത്യയിലെത്തിയ ഇവര്‍ ആദ്യം വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ സിന്ധു നദിയുടെ തീരങ്ങളില്‍ അധിവസിച്ചു. പിന്നീട് ക്രമാനുഗതമായി കിഴക്കോട്ട് നീങ്ങി ഗംഗാ സമതലം വഴി ഉത്തരേന്ത്യയില്‍ ആകമാനവും പതുക്കെ മദ്ധ്യേന്തയിലൂടെയും, കിഴക്കന്‍ തീരത്ത് കൂടെയും, പടിഞ്ഞാറന്‍ തീരത്ത് കൂടെയും ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു എന്നാണ് അനുമാനങ്ങള്‍. ചാതുര്‍വര്‍ണ്യം പോലുള്ള വര്‍ണ്ണാശ്രമ സമ്പ്രദായത്തില്‍ അതിഷ്ഠിതമായ ആര്യ മതം ഇന്ത്യയിലെമ്പാടും വ്യാപിക്കുന്നതും, ഒരു പൊതുരൂപം കൈവരുന്നതും ഇതിന്റെ തുടര്‍ച്ചയാണു. വേദങ്ങളില്‍ അതിഷ്ഠിതമായ സ്മൃതികള്‍ എന്ന നിയമവ്യവസ്ഥ ഉടലെടുത്തതും എല്ലാം ഇതിന്റെ തുടര്‍ച്ച തന്നെയാണ്.
കേരളത്തിലേക്ക് ആദ്യമെത്തിയ വിഭാഗം ആര്യമതം ബ്രാഹ്മണര്‍ തന്നെയാണെന്നതിലും തര്‍ക്കം ഉണ്ട്. കേരളത്തില്‍ വൈദീക മതത്തിന്റെ വ്യാപനത്തിനു മുമ്പേ മുന്‍പേ തന്നെ ഇവിടെ ജൈന, ബുദ്ധ മതങ്ങളുടെ സാനിദ്ധ്യമുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. വൈദിക സംസ്‌കാര പ്രകാരമുള്ള ആരാധനാ രീതികള്‍ യാഗങ്ങളും യജ്ഞങ്ങളുമെല്ലാമാണെന്നിരിക്കെ ക്ഷേത്ര കേന്ദ്രീകൃത അരാധനാ സമ്പ്രദായത്തിലേക്ക് ഇവിടുത്തെ വൈദീക ബ്രാഹ്മണര്‍ മാറിയത് ഈ ബുദ്ധ, ജൈന രീതികള്‍ പിന്തുടര്‍ന്നായിരുന്നു എന്നും, ഇവിടത്തെ പല പൗരാണിക ക്ഷേത്രങ്ങളും ബുദ്ധ, ജൈന മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ ആയിരുന്നിരിക്കാം എന്നും എല്ലാം ചില ചരിത്രകാരന്മാര്‍ അഭിപ്രായം ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ വൈദീക മതത്തോടൊപ്പമോ അല്ലെങ്കില്‍ അതിനു സമാന്തരമായോ കേരളീയമായ തന്ത്രശാസ്ത്ര പദ്ധതികളും വികാസം കൊണ്ടിരിക്കാം എന്ന സാദ്ധ്യതകളെ അത്രയെളുപ്പം തള്ളിക്കളയുവാന്‍ സാധിക്കുകയില്ല. ഇതര ദേശങ്ങളിലെ തന്ത്രശാസ്ത്ര പദ്ധതികളില്‍ നിന്ന് വിഭിന്നമായി കേരളീയ തന്ത്ര ശാസ്ത്രം വൈദീകത്തിന്റേയും തന്ത്രയുടേയും സമിശ്രമായ രൂപം ആയിട്ടാണ് വികസിച്ച് വന്നത്. അത് കൊണ്ട് തന്നെ യജ്ഞ സംസ്‌കാരത്തിനു സമാന്തരമായി കേരളീയ തന്ത്ര ശാസ്ത്രവും, ക്ഷേത്രാരാധനകളും വികസിച്ചിരുന്നു എന്നതിന്റെ തെളിവാണ് കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ സങ്കേതങ്ങളും ക്ഷേത്ര കേന്ദ്രീകൃതമായി രൂപം കൊണ്ടത് എന്ന് വേണം അനുമാനിക്കാന്‍.
എന്നാല്‍ വൈദീകമതത്തിന്റെ വ്യാപനത്തിനു മുമ്പ് തന്നെ ജൈന മതത്തിനും, ബുദ്ധമതത്തിനും ശക്തമായ സ്വാധീനം കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ചരിത്രകാരന്മാരുടെ വാദം. അശോക ചക്രവര്‍ത്തിയുടെ കാലത്തെ പല ശിലാലിഖിതങ്ങളിലും കാണുന്ന ‘കേരള പുത്ര’ എന്ന പരാമര്‍ശം ഇവിടുത്തെ ബുദ്ധമത പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ കാലത്തെ ബന്ധത്തിന്റെ സൂചനയാകാം എന്നാണ് അഭിപ്രായം. ബൗദ്ധ സാഹിത്യമായ ‘മണിമേഖല’യില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നതും ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.
അതോടോപ്പം മലയാള ഭാഷയില്‍ ‘പാലീ’ ഭാഷയിലെ ചില പദങ്ങള്‍ കടന്ന് കൂടിയതും ബുദ്ധ സ്വാധീനമായിരിക്കാം എന്ന് ഭാഷാ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
എന്തായാലും നാസ്തിക മതങ്ങളായി വൈദീക മതം വിശേഷിപ്പിച്ച് ബുദ്ധ, ജൈന മതങ്ങള്‍ വൈദീക മതത്തിന്റെ വ്യാപനത്തിനു കേരളത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു എന്നതിന് തെളിവ് ബ്രാഹ്മണ വിരചിതമായ കേരളോല്‍പ്പത്തിയില്‍ തന്നെ കാണുന്നുണ്ട്. ഒരു പന്തയം കണക്കെ നടത്തിയ തര്‍ക്ക സഭയില്‍ ബുദ്ധ പണ്ഡിതരെ ആറു മഹാ പണ്ഡിതരായ ബ്രാഹ്മണര്‍ ചേര്‍ന്ന് വാദപ്രതിവാദത്തില്‍ തോല്‍പ്പിച്ചു എന്നും, ഈ പരാജയത്തോടെ ബുദ്ധ പണ്ഡിതര്‍ കേരളം വിട്ടു എന്നും കേരളോല്‍പ്പത്തിയില്‍ പരാമര്‍ശിച്ച് കാണുന്നുണ്ട് വേലായുധന്‍ പണിക്കശ്ശേരി സമാഹരിച്ച കേരളോല്‍പ്പത്തിയില്‍ ബാണപ്പെരുമാളിന്റെ കാലത്ത് ബുദ്ധമതത്തിന്റെ മുനയൊടിക്കാന്‍ പരദേശത്ത് നിന്ന് ഭട്ടാചാര്യന്‍, ഭട്ടവാരണന്‍, ഭട്ടാവിജയന്‍, ഭട്ടാമയൂരന്‍, ഭട്ടഗോപാലന്‍, ഭട്ട നാരായണന്‍ എന്നിങ്ങിനെ ആറു മഹാപണ്ഡിതരെ വരുത്തിയെന്നും അവരുമായി ശാസ്ത്രത്തില്‍ വാദപ്രതിവാദത്തില്‍ തോറ്റാല്‍ തോല്‍ക്കുന്നവര്‍ നാടുവിട്ടുകൊള്ളാം എന്ന് പന്തയം വച്ച് മത്സരിച്ചു എന്നും. തോല്‍വിയെ തുടര്‍ന്ന് ബൗദ്ധര്‍ക്ക് നാട് വിട്ട് പോകേണ്ടി വന്നുവെന്നുമാണു പരാമര്‍ശിച്ച് കാണുന്നത്. ഇതിനര്‍ത്ഥം വൈദീക മതത്തിനു ബുദ്ധ മതം ഒരു വെല്ലുവിളിയായിരുന്നു എന്നും തുടര്‍ന്ന് നടന്ന ഒരു ബൗദ്ധിക മത്സരത്തില്‍ തോറ്റതിനാല്‍ ആണ് ബുദ്ധമതം കേരളത്തില്‍ നിന്ന് നിഷ്‌കാസിതമായത് എന്നും ആണ്. എന്തായാലും ആ ഒരു ഘട്ടം മുതല്‍ക്കാവണം കേരളത്തില്‍ ബ്രാഹ്മണര്‍ ഏറ്റവും പ്രബലമായ സാനിദ്ധ്യമായി തീര്‍ന്നിരിക്കുക.
കേരളം പിന്നെ കണ്ടത് വൈദീക മതത്തിന്റെ അപ്രമാദിത്വമാണു. ക്ഷേത്ര കേന്ദ്രീകൃതങ്ങളായ മുപ്പത്തിരണ്ട് ഗ്രാമവ്യവസ്ഥകള്‍ രൂപമെടുത്തു. മദ്ധ്യേഷ്യയില്‍ നിന്ന് തുടങ്ങി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പലയിടങ്ങളില്‍ ഊര് ചുറ്റിയെത്തിയ ആ ഗോത്ര ജനത കേരളത്തിലെത്തിയതോടെ ഇവിടെ വാസമുറപ്പിച്ചു. പൂര്‍വ്വകാലത്തെ പ്രധാന സ്വത്ത് കന്നുകാലികള്‍ ആയിരുന്നുവെങ്കില്‍ അതിനോടൊപ്പമോ അതിലുമേറെയോ പ്രാധാന്യത്തോടെ ഭൂമിയും, കൃഷിയുമായി പിന്നീട് പ്രധാന സ്വത്ത്. അതുവരെ സഞ്ചാരികള്‍ ആയിരുന്നവര്‍ അവര്‍ക്ക് ഒപ്പം കൊണ്ട് പോകാവുന്നതായിരുന്നു അവരുടെ സ്വത്ത് എങ്കില്‍ ഒരിടത്ത് വാസമുറപ്പിച്ചതോടെ ഭൂസ്വത്തിനായി പ്രാധാന്യം എന്ന് ചുരുക്കം. യജ്ഞങ്ങളും, യാഗങ്ങളും വേദ ഘോഷങ്ങളും, വേദ പാഠശാലകളും എല്ലാം സര്‍വ്വ സാധാരണമായി.
വളരെ സംഘടിതമായ രീതിയില്‍ ഗ്രാമവ്യവസ്ഥയും സ്മൃതികളെ അടിസ്ഥാനമാക്കിയ നിയമ സംഹിതകളും അത് പ്രകാരമുള്ള ജീവിത വ്യവഹാരങ്ങളും ആരംഭിച്ചു. എന്തായാലും ഊര് ചുറ്റല്‍ കൊണ്ട് ജീവിതം കഴിച്ച ഒരു സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വയം പര്യാപ്തരായ ഒരു സമൂഹ നിര്‍മ്മിതിയായിരുന്നു കേരളത്തില്‍ അവര്‍ അനുഭവിച്ചത് എന്ന് കരുതാം. എന്തായാലും പില്‍ക്കാല കേരള ചരിത്രത്തിന്റെ ഗതിയെ തന്നെ സ്വാധീചിച്ച സുപ്രധാന ഏടായിരുന്നു അത്.
ആര്യന്‍ കുടിയേറ്റം സംബന്ധിച്ച ഒന്നാമത്തെ തിയറി പ്രകാരം കേരളത്തിലെ നമ്പൂതിരിമാരുടെ പിന്മുറ ചരിത്രത്തിന്റെ സംക്ഷിപ്തം ഇതാണ്. എന്നാല്‍ ആര്യന്‍ സിദ്ധാന്തത്തിന്റെ മറുവശങ്ങള്‍ കൂടി പരിഗണിക്കാതെ ഇത്തരം ഒരു നിരൂപണത്തില്‍ എത്തുക അസാദ്ധ്യമാണു.
(തുടരും)
അടുത്ത ഭാഗം ഇവിടെ വായിക്കാം
ദുര്‍ബ്ബലമാകുന്ന ആര്യന്‍ സിദ്ധാന്തം
ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം
കേരളോല്‍പ്പത്തി; മിത്തും യാഥാര്‍ത്ഥ്യവും
കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റം: നിഷേധിക്കാനാകാത്ത പരശുരാമ സങ്കല്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക