കൊല്‍ക്കത്ത: തോല്‍വിയറിയാതെ കുതിക്കുന്ന കേരളം സന്തോഷ്ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ന് മിസോറാമുമായി മാറ്റുരയ്ക്കും. മോഹന്‍ ബഗാന് ഗ്രൗണ്ടിലാണ് ഈ പോരാട്ടം.
ഹൗറ മുനിസിപ്പല്‍ സ്റ്റേഡിയത്തിലരങ്ങേറുന്ന മറ്റൊരു സെമിയില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ ബംഗാള്‍ കര്‍ണാടകയെ നേരിടും.കളിച്ച മത്സരങ്ങളിലൊക്കെ വിജയക്കൊടി നാട്ടി സെമിയിലെത്തിയ ഏക ടീമാണ് കേരളം. അപാരഫോമില്‍ കളിക്കുന്ന കേരളത്തിന് മുന്നില്‍ മിസോറാമിന് പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടേണ്ടിവരും.
അവസാന ലീഗ് മത്സരത്തില്‍ ബംഗാളിനെയും മറികടന്നാണ് കേരളം ഗ്രൂപ്പ് എ യില്‍ ചാമ്പ്യന്മാരായി സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റും നേടി. കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗാള്‍ സെമയിലെത്തിയത്. നാലു മത്സരങ്ങളില്‍ അവര്‍ മൂന്ന് വിജയങ്ങള്‍ നേടി.
മികച്ച ടീമായ മിസോറാമിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞെന്ന് കേരളത്തിന്റെ കോച്ച് സതീവന്‍ ബാലന് പറഞ്ഞു. ഒരു കൂട്ടം യുവതാരങ്ങളാണ് ടീമിന്റെ ശക്തി. മികച്ച പ്രകടനം തന്നെ ടീം കാഴ്ചവെയ്ക്കുമെന്ന് കോച്ച് വെളിപ്പെടുത്തി.
അവസാന ലീഗ് മത്സരത്തില്‍ മിസോറാമിനെ തകര്‍ത്ത് ഗ്രൂപ്പ് ബിയില്‍ ജേതാക്കളായാണ് കര്‍ണാടക അവസാന നാലിലൊന്നായത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പൊരുതാനിറങ്ങുന്ന ബംഗാളിനെ സെമിയില്‍ മറികടക്കാന്‍ കര്‍ണാടകത്തിന് ഉശിരന്‍ പേരാട്ടം തന്നെ പുറത്തെടുക്കേണ്ടിവരും.
ബംഗാളിന്റെ വെല്ലുവിളികള്‍ നേരിടാന്‍ തന്റെ കുട്ടികള്‍ തയ്യാറെടുത്തതായി കര്‍ണാടക കോച്ച് പി മുരളീധര്‍ പറഞ്ഞു. ബംഗാളിനെപ്പോലെ കര്‍ണാടകയും ക്വാര്‍ട്ടര്‍ ലീഗിലെ ഒരു മത്സരത്തില്‍ തോറ്റു. പഞ്ചാബാണ് കര്‍ണാടകത്തെ കീഴടക്കിയത്.
ആദ്യ മത്സരത്തില്‍ ഗോവയെ തകര്‍ത്ത അവര്‍ ഒഡീഷ, മിസോറാം ടീമുകളെയും തോല്‍പ്പിച്ചു.സെമിയില്‍ കടക്കുമെന്ന് താന്‍ വിലയിരുത്തിയ അഞ്ചു ടീമുകളില്‍ ഒ്ന്നാണ് കര്‍ണാടക. ശക്തമായ ആക്രമണ നിരയാണവരുടെത്. പര്ശ്വങ്ങളിലൂടെ അപകടം വിതറാന്‍ അവര്‍ക്ക് കഴിയുമെന്ന് ബംഗാള്‍ കോച്ച് രഞ്ജന്‍ ചൗധരി പറഞ്ഞു.
പരിക്കേറ്റ് മധ്യനിരതാരം ബാബുണ് ദാസിനെ കൂടാതെയാണ് ബംഗാള്‍ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. അതേസമയം കര്‍ണാടകയുടെ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: