ഗുരുവായൂർ ക്ഷേത്രദർശനത്തിന് കൊതിച്ചിരിക്കുന്ന യേശുദാസിന്റെ പ്രലപനങ്ങൾ എത്തേണ്ടിടത്ത് എത്തുമോ എന്നത് പ്രശ്നഭരിതമാണ്. കാരണം, നമ്മുടെ ബോധമണ്ഡത്തിൽ അടിഞ്ഞുകിടക്കുന്ന യാഥാസ്ഥിതികത്വവും മാമൂലുകളുടെ കഠോരതയും അത്രമാത്രമാണ്.
കാലമേറെ കഴിഞ്ഞിട്ടും ജീർണ്ണിച്ച ആചാരങ്ങളുടെ ഉരുക്കു കോട്ടയായി തുടരുകയാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. പൊടിപിടിച്ച പ്രാചീന തന്ത്രസമുച്ചയങ്ങളുടെ അഷ്ടബന്ധത്തിൽനിന്നും പുതിയകാലത്തിന്റെ ഭാവസാന്ദ്രമായ ശിരോധാര പെയ്യുവാൻ മലയാളം കാത്തിരിക്കുന്നത് ആചാരങ്ങളിലെ കാലാനുസൃതമായ മാറ്റത്തെയാണ്. ഇതിന്റെ വ്യക്തമായ സൂചനകൾ യേശുദാസിന്റെ ഭക്തിവിചാരത്തിലൂടെ മുന്നോട്ടുവരുന്നുണ്ട്. ജാതിയുടേയും അനാചാരത്തിന്റെയും കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം അത്ര നല്ല സന്ദേശമല്ല നമുക്കു പകർന്നു തരുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ജാതിവിവേചനത്തെ ചോദ്യം ചെയ്ത വിപ്ളവകാരിയായിരുന്നു, ശ്രീനാരായണഗുരു അവസാനം ശിഷ്യത്വം കൊടുത്ത സ്വാമി ആനന്ദ തീർത്ഥൻ. ഗൗഢസാരസ്വത ബ്രാഹ്മണനായിരുന്നിട്ടുകൂടി ഗുരുവായൂർ ക്ഷേത്രത്തിലെ ക്രൂരമായ മർദനമേൽക്കേണ്ടി വന്ന യോഗിവര്യനായിരുന്നു അദ്ദേഹം. ജാതി വിവേചനത്തിന്റെ പേരിൽ
ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ഇടത്തിരുത്തിക്കാവ് ഭഗവതിയുടെ ഉത്സവത്തോടനുബന്ധിച്ച് പഞ്ചവാദ്യസംഘാംഗമായ കല്ലൂർ ബാബുവിനെ ഇലത്താളം വായിക്കാൻ അനുവദിക്കാത്തതിന്. കാരണം ബാബു കീഴാള ജാതിക്കാരനായതുകൊണ്ടാണത്രെ! വാർത്ത വിവാദമായപ്പോൾ ദേവസ്വം ബോർഡ് ക്ഷേത്രത്തിനകത്ത് ഇത്തരം ചില അലിഖിതമായ ചിട്ടവട്ടങ്ങളുണ്ടെന്നും ഇവയെ ജാതീയമായ വിവേചനമെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രസ്താവിച്ചു. കൂടുതൽ വിവാദമായപ്പോൾ ക്ഷേത്രത്തിനകത്ത് ഒരു വിവേചനവും നടക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് തിരുത്തി പറഞ്ഞു.ദേവസ്വം ബോർഡിന്റെ ഈ മലക്കം മറിച്ചിലും ക്ഷേത്രത്തിനകത്തെ ജാതിവിവേചനവും ഗുരുവായൂരിനെ സംബന്ധിച്ച് പുതുമയുള്ളതല്ല.
കീഴാള ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ വിഗ്രഹത്തിന്റെ ചൈതന്യം നശിക്കുമെന്ന് പ്രചണ്ഡമായി പ്രചരിക്കപ്പെട്ടു. 1936ലെ ക്ഷേത്രപ്രവേശനത്തിന്റെ മുന്നോടിയായി ക്ഷേത്രനടയിൽ സത്യഗ്രഹം ഇരിക്കാൻ പോവുകയായിരുന്ന ഭടൻമാരെ തലശ്ശേരിയിൽവച്ച് മർദിച്ചത് തീയ്യപ്രമാണിമാരായിരുന്നു. ബ്രാഹ്മണരോ നായൻമാരോ ആയിരുന്നില്ല. കേന്ദ്ര മന്ത്രി വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണ് ഗുരുവായൂർ
ക്ഷേത്രത്തിൽ നടത്തിയ വാർത്ത കുപ്രസിദ്ധമാണ്. അന്നും ഇതുപോലെ ചില ഞൊട്ടു ന്യായങ്ങൾ പറഞ്ഞ് ദേവസ്വം ബോർഡ് ന്യായീകരണത്തിന്റെ പാതയിൽ ഉറച്ചു നിന്നു. പുരോഗമനത്തിന്റെ കൺകണ്ട ദൈവങ്ങൾ അർത്ഥഗംഭീരമാം വിധം മൗനം പാലിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് സർവ്വാധിപത്യമാണ്. ശുകപുരം ഗ്രാമത്തിലും സമീപ പ്രദേശങ്ങളായ അഞ്ച് ഗ്രാമങ്ങളിൽ നിന്നും മാത്രമാണ് തന്ത്രിമാരെ നിയമി
ക്കുന്നത്. ഇതിനപ്പുറം ലോകമില്ലെന്ന ഭാവം. ക്ഷേത്രജീവനക്കാരുടെ അതിക്രമങ്ങൾക്ക് കയ്യും കണക്കുമില്ല. ഗുരുവായൂരിലെ ജീവിനക്കാരുടെ ആട്ടുകേട്ട് മനംമടുത്ത് മഹാനായ അക്കിത്തം കവിതയെഴുതിയപ്പോൾ, ഗുരുവായൂർ ക്ഷേത്രസമിതി കാണിച്ച ക്രൗര്യം, മഹാകവിയെ അവരുടെ മാസികയായ ഭക്തപ്രിയയിലെ പത്രാധിപസമിതിയിൽ നിന്നു പുറത്താക്കിക്കൊണ്ടായിരുന്നു. ദർശനത്തിന് കാത്തുകെട്ടിക്കിടക്കുന്ന ഭക്തരെ അകാരണമായി മർദിക്കുക എന്നത് ഗുരുവായൂർ ക്ഷേത്രജീവനക്കാരുടെ വഴിപാടാണ്.
സാധാരണക്കാർ മണിക്കൂറുകണക്കിന് വരിനിൽക്കുമ്പോൾ ചൊല്ലും ശുപാർശയുമുള്ളവർക്ക് നിമിഷങ്ങൾക്കകം ദർശനം പ്രസാദം എന്നു വേണ്ട എല്ലാ വഴിപാടുകളും പ്രസാദ ഊട്ടു വരെ ഇവിടെ നടക്കും. വർഷങ്ങക്ക് മുൻപ് കീഴാളർ അനുഭവിച്ച ദൈന്യതകൾ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പ്രാകൃതവും യാഥാസ്ഥിതിക വ്യവസ്ഥിതിയുടെ കേദാരവുമായ ഗുരുവായൂരിൽ എപ്പോൾ നവീനതയുടെ നാമ്പുകൾ ദൃശ്യമാകുന്നുവോ അതേ ക്ഷണം അതിനെ നിശ്ശേഷം നശിപ്പിക്കാൻ ക്ഷേത്ര ഭാരവാഹികൾ കച്ചകെട്ടിയിറങ്ങും. മുക്കാൽ നൂറ്റാണ്ടു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ കേളപ്പജിയുടെ നേതൃത്വത്തിൽ അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി നടത്തിയ സത്യഗ്രഹം ഓർമിക്കുക. അന്ന് നേതൃനിരയിലെ സത്യഗ്രഹികൾ അനുഭവിച്ച മർദനങ്ങളുടേയും ത്യാഗങ്ങളുടേയും കഥ അവർണ്ണനീയമാണ്.
ഞെരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സോപാനസംഗീതം ആലപിക്കാൻ അനുമതിയില്ലാത്തത് ജാതി പ്രശ്നം തന്നെ. പരാതികൾക്കുള്ള ദേവസ്വം ബോർഡിന്റെ സ്ഥിര മറുപടി ആചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാെന്നാണ്. ആയിക്കോട്ടെ. പക്ഷെ ഒന്നോർക്കണം, തന്ത്രിമാരും ജീവിക്കുന്നത് പൊതുസമൂഹത്തിലാണെന്നത്. പഴയകാലത്തെ ‘ഞാനും എന്റെ തേവരും’ എന്ന കാലാവസ്ഥയിൽനിന്നും മാറ്റത്തിന്റെ വിർച്വൽ യുഗത്തിലാണ് നാം ജീവിക്കുന്നതെന്നു മറന്നുപോകരുത്.
ചുരിദാർ ധരിച്ചു ഗുരുവായൂർ അമ്പലത്തിൽ കയറാമോ എന്ന വിഷയത്തെ അതിലളിതമായി പരിഹരിച്ചവരുംകൂടിയാണ് അവിടുത്തെ തന്ത്രിമാർ എന്നത് വിസമരിക്കുന്നില്ല. അത്രയും ഉൽപതിഷ്ണുത്വം കാണിച്ച അവരുടെ കൈയിലാണ് ഇനിയുള്ള കാലവും ഗുരുവായൂരിന്റെ ജാതകം. അതിലെ പുഴുക്കുത്തുകൾ മാറും എന്നുതന്നെ നമുക്കു പ്രിതീക്ഷിക്കാം. പ്രതീക്ഷകളാണല്ലോ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: