സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദീര്‍ഘദൂര ബസ്സുകളില്‍ തിക്കിത്തിരക്കിയുള്ള യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക അസ്ഥാനത്തുമല്ല.
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് സര്‍വീസ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം നേടിത്തരുന്നവയാണ് സൂപ്പര്‍ ഫാസ്റ്റുകള്‍. ഇപ്പോള്‍ ഈ വിഭാഗം ബസ്സുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് പലപ്പോഴും സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘനേരം ബസ്സിന് കാത്തുനിന്ന് വലയുന്ന യാത്രക്കാര്‍ക്ക് അതനുഗ്രഹവുമാകാറുണ്ട്. സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ നിര്‍ത്തി യാത്ര നിലവില്‍ അനുവദിക്കാറില്ല. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര വിലക്കിയ ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലുമാകാതെ, ജീവനക്കാര്‍ സമരത്തിലേക്കു പോകുന്ന ദയനീയ സ്ഥിതിയില്‍ പുതിയ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വീണ്ടും കോടതിയെ സമീപിക്കണമെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള ആവശ്യം. കെഎസ്ആര്‍ടിസിയുടെ യഥാര്‍ത്ഥ സ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിലൊരു വിധിക്കു കാരണമായതെന്നും പറയപ്പെടുന്നുണ്ട്.
2017-18 ലെ കണക്കനുസരിച്ച് 7966 കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിത്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കടം കുറയ്‌ക്കാനുള്ള ക്രിയാത്മക നടപടികളൊന്നും കൈക്കൊണ്ടില്ല. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണുണ്ടായത്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ പദ്ധതിയേതര സാമ്പത്തിക സഹായം 1220.82 കോടി രൂപയായിരുന്നു. ഇതിനു പുറമെ 32 കോടി രൂപ ഗ്രാന്റായും നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1075.28 കോടി രൂപ സാമ്പത്തികസഹായമായി നല്‍കി കഴിഞ്ഞു. ഒരു മാസത്തെ പെന്‍ഷനും രണ്ട് മാസത്തെ ശമ്പളവും മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയത്. മറ്റ് മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസിയെ സഹായിച്ചു. പ്രതിസന്ധിയുണ്ടാകുമ്പോള്‍ പണം നല്‍കി സഹായിക്കുന്നതല്ലാതെ കെഎസ്ആര്‍ടിസിയെ ശാശ്വതമായി രക്ഷിക്കാന്‍ പര്യാപ്തമായ നടപടികളൊന്നും ഒരു സര്‍ക്കാരും സ്വീകരിച്ചില്ല. കാലാകാലങ്ങളില്‍ നല്‍കിയതും വായ്പയെടുത്തതുമായ പണമെല്ലാം കടലില്‍ കായം കലക്കുന്നതുപോലെയായി.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വരുമാനത്തെ കാര്യമായി ബാധിക്കുന്ന കോടതിവിധിയുണ്ടായിരിക്കുന്നത്. യാത്രക്കാര്‍ നിന്നു യാത്ര ചെയ്യരുതെന്ന ഉത്തരവിലൂടെ കോര്‍പ്പറേഷന് ദിനംപ്രതി രണ്ടരകോടിയോളം രൂപ നഷ്ടം വരും. ശരാശരി ആറരക്കോടിയാണ് നിലവിലെ വരുമാനം. ഏതുനിമിഷവും സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കാവുന്ന തരത്തില്‍ ഊര്‍ദ്ധന്‍ വലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനത്തെ കയത്തിലേക്ക് മുക്കിത്താഴ്‌ത്താനേ ഈ വിധി ഉപകരിക്കുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തി സ്ഥാപനത്തെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും രക്ഷിക്കാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നിമയവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കണം.
ഒപ്പം, സൂപ്പര്‍ ഫാസ്റ്റുകളില്‍ ദീര്‍ഘദൂരം യാത്രചെയ്യുന്നവരുടെ സുരക്ഷാകാര്യത്തിലും ജാഗ്രതവേണം. നിന്ന് യാത്രചെയ്യുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും യാത്രാ പ്രശ്‌നങ്ങളും ആശങ്കപ്പെടുത്തുന്നതുതന്നെയാണ്. വരുമാനത്തില്‍ കുറവു വരാത്ത തരത്തില്‍, യാത്രക്കാരുടെ സുഖയാത്രയും സുരക്ഷിതയാത്രയും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: