കോതമംഗലം: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് പുരോഹിതന്റെ മാതാവിന്റെ മൃതദേഹം കബറടക്കാനായത് ഹൈക്കോടതി ഉത്തരവില്‍. കോതമംഗലം മര്‍ത്തോമാ ചെറിയപള്ളി ഇടവകാംഗവും ഓര്‍ത്തോഡക്‌സ് സഭാ മാനേജിഗ് കമ്മറ്റിയംഗവുമായ വികാരി തോമസ്‌പോള്‍ റമ്പാന്റെ മാതാവ് മറാച്ചേരില്‍ വീട്ടില്‍ ചിന്നമ്മപൗലോസിന്റെ (75) സംസ്‌കാരമാണ് ചെറിയപള്ളിയില്‍ വന്‍പോലീസ് സന്നാഹത്തില്‍ നടന്നത്. മരണപ്പെട്ട് അഞ്ചു ദിവസത്തിനുശേഷമായിരുന്നു കബറടക്കം.
22ന് വൈകിട്ടാണ് ചിന്നമ്മ പൗലോസ് മരിച്ചത്. മൃതദേഹം ഇടവകയായ ചെറിയ പള്ളിയില്‍ അടക്കം ചെയ്യുന്നതിന് തടസ്സമുണ്ടാകുമെന്നതിനാലാണ് കുടുബം കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് വിശ്വാസപ്രകാരം സംസ്‌കാരം കോതമംഗലം ചെറിയപള്ളിയില്‍ നടത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹം സംസ്‌കരിക്കുന്നതിനായി നാലു മണിയോടെ ചെറിയപള്ളിയില്‍ എത്തിച്ചുവെങ്കിലും സംസ്‌കാര ശുശ്രൂഷകള്‍ക്ക് പള്ളിയുടെ അകത്തേക്ക് കടക്കുവാനുള്ള സൗകര്യം ലഭിച്ചില്ല. ഇതേതുടര്‍ന്ന് പള്ളിയുടെ പ്രധാന കവാടത്തില്‍ പ്രാര്‍ത്ഥന നടപടി പൂര്‍ത്തിയാക്കി.
സംസ്‌കാരത്തിനുശേഷം പള്ളിയില്‍ നിന്നും പോകുന്നതിനിടെ യാക്കോബായ വിഭാഗക്കാരായ ചിലര്‍ പ്രകോപിതരായെങ്കിലും പോലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനെ യാക്കോബായ വിഭാഗം എതിര്‍ത്തതിനെ തുടര്‍ന്നാണ് തോമസ് പോള്‍ റമ്പാന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് സംസ്‌ക്കരിക്കുന്നതിന് വിധി സമ്പാദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
















