ന്യൂയോർക്ക്: ആൻ്റിബയോട്ടിക്സ് മരുന്നുകളുടെ അമിത ഉപയോഗം മനുഷ്യർക്ക് ഗുരുതര പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പനി, ചെറിയ ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ആൻ്റിബയോട്ടിക്സ് മരുന്നുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശമാണ് യുഎസിൽ ഇപ്പോൾ നൽകി വരുന്നത്.
എന്നാൽ യുഎസ് ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നാഷണൽ അക്കാദമി ഓഫ് സയൻസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2000 മുതൽ 2015വരെയുള്ള കാലഘട്ടത്തിൽ 76 രാജ്യങ്ങളിൽ നടത്തിയ പരിശോധനയിൽ ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 39 ശതമാനത്തിൽ നിന്നും 65 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
പ്രധാനമായും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലാണ് ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം പ്രധാനമായും കാണുന്നത്. നിസാര രോഗങ്ങൾക്ക് വരെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന പ്രവണത അഭിലഷണീയമായിട്ടുള്ളതല്ലയെന്നാണ് സെൻ്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, എക്നോമിക്സ് ആൻഡ് പോളിസി അംഗമായ എല്ലി വൈ ക്ലീൻ അഭിപ്രായപ്പെടുന്നത്. ശുചിത്വവത്കരണം നടപ്പിലാക്കുന്നതിലൂടെ ഒരു പരിധി വരെ പല രോഗങ്ങളും ഇല്ലാതാക്കാൻ സാധിക്കുമെന്നും എല്ലി വ്യക്തമാക്കുന്നുണ്ട്.
















