വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരേ ഇംഗ്ലണ്ട്- അമേരിക്കന്‍ ഉപരോധം വരുമോ? റഷ്യയുടെ മുന്‍ ചാരനെ ഇംഗ്ലണ്ടില്‍വെച്ച് റഷ്യ വിഷം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാജ്യങ്ങള്‍ തമ്മില്‍ ആരംഭിച്ച നയതന്ത്രപ്പോര് രൂക്ഷമാകുകയാണ്. അമേരിക്കയും ഇംഗ്ലണ്ടും റഷ്യയ്‌ക്കെതിരേ ഉപരോധം പോലും ഏര്‍പ്പെടുത്തിയേക്കുമെന്ന് നയതന്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.
ട്രംപ് ഭരണകൂടം 60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ഇന്നലെ പുറത്താക്കി, സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടിച്ചു. ഇതോടെ യുഎസ്- റഷ്യന്‍ ബന്ധം തീരെ മോശമായി.
ബ്രിട്ടനില്‍ താമസിച്ചിരുന്ന റഷ്യന്‍ മുന്‍ചാരനെയും മകളെയും റഷ്യ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് റഷ്യക്കെതിരെ ശക്തമായി നീങ്ങാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരസ്പരം പുറത്താക്കലുകളും നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് യുഎസ് നടപടി. പുറത്താക്കിയ 60 പേരും റഷ്യന്‍ ചാരന്മാരാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇവരില്‍ 12 പേര്‍ ഐക്യരാഷ്‌ട്രസഭയിലെ റഷ്യന്‍ പ്രതിനിധികളാണ്.
റഷ്യയ്‌ക്ക് മടങ്ങാന്‍ ഇവര്‍ക്ക് ഒരാഴ്ച അനുവദിച്ചിട്ടുമുണ്ട്. അമേരിക്കന്‍ നാവിക സേനാ ആസ്ഥാനത്തിനു സമീപമാണ് സിയാറ്റിലിലലെ റഷ്യന്‍ നയതന്ത്രാലയമെന്നും അതിനാല്‍ ചാരപ്രവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇത് അമേരിക്ക പൂട്ടിച്ചത്. അമേരിക്കക്കൊപ്പമുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഈ മാര്‍ഗം ഉടന്‍ പിന്തുടരുമെന്നും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വന്നേക്കും.പോളണ്ട് റഷ്യന്‍ അംബാസിഡറെ ചര്‍ച്ചക്ക് വിളിച്ചു കഴിഞ്ഞു.ബ്രിട്ടന്‍ 23 നയതന്ത്ര പ്രതിനിധികളെ ദിവസങ്ങള്‍ക്കു മുന്‍പേ പുറത്താക്കി, തുടര്‍ന്ന് റഷ്യയും ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കി തിരിച്ചടിച്ചു.
















