നിരവധി കുടിയേറ്റങ്ങള്‍ നടന്നിട്ടുള്ള ഭൂമിയാണ് കേരളം. ഇവിടുത്തെ ആദിമ ഗോത്ര വിഭാഗങ്ങള്‍ ഒഴികെയുള്ള ഏതാണ്ട് എല്ലാവിഭാഗങ്ങളും പില്ക്കാലത്ത് പലപ്പോഴായി ഇവിടേക്ക് കുടിയേറിപ്പാര്ത്തവര് തന്നെയാണ്. കാരണം കേരളമെന്ന ദേശം മുമ്പെങ്ങോ ഉണ്ടായ ഒരു ഭൗമ പ്രതിഭാസ്സത്തെ തുടര്‍ന്ന് കടല്‍ പിന്‍വലിഞ്ഞ് രൂപപ്പെട്ട കര എന്നതിനു പല സാഹചര്യത്തെളിവുകളും പില്ക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും കാര്യമായ മനുഷ്യവാസമൊന്നുമില്ലാതിരുന്ന ഒരു ഭൂമിയിലേക്ക് പല കാലഘട്ടങ്ങളില്‍ വന്ന് ചേര്‍ന്നവരാണ് ഇന്നത്തെ കേരള ജനതയുടെ പൂര്‍വ്വികര്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇക്കാര്യത്തില്‍ പലതരത്തിലുള്ള അഭിപ്രായങ്ങളും, അവകാശ വാദങ്ങളും ഉണ്ടാകാം. എന്നാല്‍ അതൊന്നും കൃത്യമായ തെളിവുകള്‍ നിരത്തി പറയുക എളുപ്പമല്ല. കാരണം ചരിത്രങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്ന ശീലം അന്നത്തെക്കാലത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല. പകരം അവര്‍ തന്നെ പ്രചരിപ്പിക്കുന്ന ഐതിഹ്യങ്ങളും, കേട്ട് കേള്വികളും മാത്രമാണ് ഈ കുടിയേറ്റങ്ങളെപ്പറ്റി മനസിലാക്കുവാന്‍ നമുക്കാശ്രയിക്കാനുള്ളത്. അതിനാല്‍ത്തന്നെ അത്തരം കേട്ടുകേള്‍വികളെ പാടെ തള്ളിക്കളയുവാനോ, അതേപടി സ്വീകരിക്കുവാനോ കഴിയില്ലെന്ന വലിയൊരു പ്രശ്നം കേരളത്തിന്റെ പ്രാചീന കുടിയേറ്റ ചരിത്രം പരിശോധിക്കുമ്പോള്‍ മുന്നില്‍ വരും. എങ്കിലും പൊതുവില്‍ സ്വീകാര്യമായ കേട്ടുകേള്‍വികളെ ലഭ്യമാകുന്ന തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് പൊതുവില്‍ ഒരു അനുമാനത്തില്‍ എത്തുക മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ചരിത്രാന്വേഷിക്ക് മുന്നിലുള്ള ഏക ഉപായം.
എന്തൊക്കെയായാലും എഴുതപ്പെട്ട രേഖകളേയും, തെളിവുകളേയും അപേക്ഷിച്ച് കേരള ചരിത്ര പഠനത്തിനുള്ള മുഖ്യ ആശ്രയം പുരാവൃത്തങ്ങളും, ഐതിഹ്യങ്ങളും ഒക്കെത്തന്നെയാണ്. ഇന്നാട്ടിലെ സമസ്ത പ്രാചീന സാഹിത്യങ്ങളിലും, വാമൊഴികളിലും എല്ലാം അത് നിറഞ്ഞ് നില്ക്കുന്നു. അത്തരത്തില്‍ വീരകൃത്യങ്ങളും, ദൈവികതയും, അദ്ഭുതങ്ങളും, അല്‍പ്പം ചരിത്രബോധത്തോടെയുള്ള വിവരണങ്ങളും എല്ലാം ഇഴചേര്‍ത്ത് ശക്തമായ പ്രതീകങ്ങളിലൂടെ ഒരു ജനതയുടെയാകെ മനസ്സില്‍ ഒരുകൂട്ടം മൂല്യങ്ങളെ പ്രതിഷ്ഠിക്കാന്‍ പോന്ന തരത്തില്‍ സങ്കീര്‍ണ്ണവും, ബഹുസ്തരവുമായ ഒരു ഐതിഹ്യമാണു പരശുരാമ കഥയില്‍ പൊതിഞ്ഞ് കേരളോല്പ്പത്തിയെക്കുറിച്ച് നമുക്ക് മുന്നിലുള്ളത്. ഈ ഒരു ഐതിഹ്യം പില്ക്കാലത്ത് ജനതയുടെ ആചാര പാരമ്പര്യങ്ങളില്‍ രൂഢമൂലമാവുകയും അവിഭാജ്യമായിത്തീരുകയും ചെയ്തു. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണു പ്രൈമറി തലത്തില്‍ പോലും സ്കൂള്‍ പാഠ്യപദ്ധതിയില്‍ കേരളോല്‍പ്പത്തിയിലെ ഈ പരശുരാമാഖ്യാനം കയറിക്കൂടിയത്. അതിനാല്‍ത്തന്നെ മറ്റ് ഒരു തെളിവും ഇല്ലാതിരിക്കുകയും, കേവലം ഐതിഹ്യബന്ധിതം ആവുകയും ചെയ്ത ഒരു ദേശത്തെക്കുറിച്ച് പഠിക്കുവാന്‍ മേല്‍പ്പറഞ്ഞ കെട്ടുകഥകളും, ഐതിഹ്യങ്ങളും മാത്രമാണ് നമുക്ക് ആശ്രയിക്കാന്‍ ഉള്ളത്. അതിനാല്‍ത്തന്നെ കെട്ടുകഥകളാല്‍ പൊതിഞ്ഞ ആ ഐതിഹ്യ നിര്‍മ്മിതിയുടെ പുറന്തോടുകള്‍ അഴിച്ച് പരിശോധിച്ച് അതിനകത്തെ ചരിത്രാംശമുള്ള ബീജത്തെ കണ്ടെത്തി, ആ ചരിത്ര ബോധത്തെ ഇഴകീറി പരിശോധിച്ചാല്‍ കേരളത്തിന്റെ പ്രാഗ്ചരിത്രത്തിന്റെ ഏതാണ്ട് ഒരു ചിത്രം നമുക്ക് കിട്ടിയേക്കും. അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നിരിക്കെ അങ്ങനെ കിട്ടുന്ന വിവരങ്ങളെ മുഖവിലയ്ക്കെടുക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക ഉപായം.
മേല്‍പ്പറഞ്ഞ പ്രകാരം പരശുരാമ കഥയ്ക്കപ്പുറം കുറേ അനുമാനങ്ങള്‍ അല്ലാതെ കേരളത്തിന്റെ ഉദ്ഭവം സംബന്ധിച്ചോ, ഇവിടെ എന്ന് തൊട്ട് മനുഷ്യവാസം ഉടലെടുത്തു എന്നത് സംബന്ധിച്ചോ വ്യക്തമായ ചിത്രമൊന്നും ലഭ്യമായിരുന്നില്ല. അതിനാല്‍ത്തന്നെ മുന്‍കാലങ്ങളില്‍ ഈ വിഷയയത്തെ പറ്റിയുള്ള പഠനം അത്യന്തം ക്ലേശകരം തന്നെയായിരുന്നു. എന്നാല്‍ 1886ല്‍ അന്നത്തെ മലബാര്‍ പ്രവിശ്യയിലെ കളക്ടര്‍ ആയിരുന്ന വില്ല്യം ലോഗനാണ് കേരളത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്തെക്കുറിച്ച് വളരെ ആഴത്തിലും, സമഗ്രവും, കുറ്റമറ്റതുമായ പഠനം നടത്തിയ ആദ്യത്തെ വ്യക്തി എന്ന് നിസ്സംശയം പറയാന്‍ പറ്റും. അതിന്റെ തെളിവാണ് അദ്ദേഹം രചിച്ച മലബാര്‍ മാന്വല്‍ എന്ന ലക്ഷണത്തികവാര്‍ന്ന ചരിത്ര ഗ്രന്ഥം. താരതമ്യേന ഇരുളടഞ്ഞ ചരിത്രമുള്ള വടക്കന്‍ കേരളത്തെക്കുറിച്ച് സമഗ്രമായൊരു ചിത്രം തന്നെ ആ കൃതി തരുന്നുണ്ട്. പക്ഷെ വില്ല്യം ലോഗനു മുന്നിലും കേരളത്തിന്റെ പുരാതത്വ കഥകള്‍ വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷെ ചരിത്ര പഠനവും, ആര്‍ക്കിയോളജിക്കല്‍ പഠനവും ഒന്നും ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തും ലോഗന് പരിമിതികളോട് പടവെട്ടി തന്റെ മഹത്തായ കൃതി രചിച്ചു. അദ്ദേഹം തെളിച്ചിട്ട പാതയാണു പില്ക്കാലത്ത് വന്ന ചരിത്രകാരന്മാര്‍ക്കെല്ലാം ഏറെ അശ്വാസദായകമായത് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.
പില്ക്കാലത്ത് പുരാവസ്തു പഠനവും, പുരാരേഖാ പഠനവും എല്ലാം വ്യാപകമായതോടെ ചരിത്രപഠനം കൂടുതല്‍ സുഗമമായി. കേട്ടുകേള്‍വികളെക്കാള്‍ പുരാലിഖിതങ്ങള്‍ അടങ്ങിയിട്ടുള്ള ശിലാശാസനങ്ങള്‍, താമ്രപത്രങ്ങള്‍, ചെപ്പേടുകള്‍ എന്നിവയെല്ലാം അധികരിച്ച് വളരെ ആധികാരിക പഠനങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ വികസിച്ചു. അത് കൊണ്ട് തന്നെ ചരിത്ര പഠനം കൂടുതല്‍ സുതാര്യവും വസ്തുനിഷ്ഠവും ആയിത്തീര്‍ന്നു. എന്തായാലും ഇത്തരത്തില്‍ ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ആണ് കേരള കുടിയേറ്റത്തെക്കുറിച്ച് ഇന്ന് ലഭ്യമായിട്ടുള്ള ചരിത്രം.
കേരളത്തിലെ നമ്പൂതിരിമാരുടെ ചരിത്രം അധികമാരും സമഗ്രമായി പഠനവിധേയമാക്കിയിട്ടില്ലാത്ത ഒന്നാണ്. ഇനി പഠനം നടത്തിയവരാകട്ടെ നിസ്സംഗമായ വസ്തുതാ ബോധത്തോടെ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടോ എന്നും സംശയമാണു. ഒട്ടുമിക്ക ചരിത്രകാരന്മാരും നിഷ്പക്ഷമായ ചരിത്രബോധത്തോടെയുള്ള അന്വേഷണങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യമായ മുന്‍ വിധിയോട് കൂടി മാത്രം ഈ വിഷയത്തെ സമീപിച്ച ചരിത്രകാരന്മാര് വരച്ച് വച്ചത് നമ്പൂതിരിയുടെ വളരെ വികൃതമായ ഒരു ചിത്രമായിരുന്നു എന്നത് ഒരു വസ്തുതയാണ്. പ്രമുഖ ചരിത്രകാരനും, സാഹിത്യകാരനും എല്ലാമായിരുന്ന ശ്രീ പി.കെ ബാലകൃഷ്ണന് ”ജാതിവ്യവസ്ഥയും കേരള ചരിത്രവും” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണു. ”അര്‍ഹിക്കാത്ത രീതിയിലും, വിശ്വസിക്കാനാകാത്ത അത്ര വലിയ അളവിലും പൂജയേല്ക്കുകകയും പിന്നീട് അര്‍ഹിക്കാത്ത അത്ര തന്നെ അപലപനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്ത ഈ കേരളീയ വര്‍ഗ്ഗത്തെ നിസ്സംഗമായ വസ്തുതാ ബോധത്തോടെയും, നിഷ്പക്ഷമായ പരിശോധനാ ബുദ്ധിയോടെയും ചരിത്ര പഠിതാവ് എന്ന നിലയില്‍ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണു. മഹാനായ പത്മനാഭ മേനോന് പോലും ഇവരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളില്‍ പലപ്പോഴും ഒരു തരം ധര്‍മ്മരോഷത്തിന്റെ പിടിയില്‍ പെടുന്നത് കാണാം” കേരളത്തിലെ നമ്പൂതിരി സമുദായത്തിനു നേരെ പ്രമുഖരായ പത്മനാഭമേനോന്‍ അടക്കമുള്ള ചരിത്രകാരന്മാര് പോലും വച്ചു പുലര്‍ത്തുന്ന, അതിരു കടന്ന് പോകുന്ന വിദ്വേഷത്തിന്റെ നേര് സാക്ഷ്യം ആണ് ശ്രീ പി.കെ. ബാലകൃഷ്ണന്റെ ഈ പ്രസ്താവന.
കേരളത്തിലെ ജന സംഖ്യയുടെ കഷ്ടിച്ച് ഒരു ശതമാനത്തോളം മാത്രം വരുന്ന ഈ ഒരു വിഭാഗമായിരുന്നു ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ട് വരെ ഇവിടുത്തെ വലിയൊരു ശതമാനം ഭൂമിയുടേയും ഉടമസ്ഥര്‍. കേരളോല്പ്പത്തിയും കേരള മാഹാത്മ്യവും പോലുള്ള കൃതികള്‍ സ്വന്തം പ്രാമാണ്യത്വം ഉറപ്പിക്കാന്‍ ഇവര്‍ തന്നെ ചമച്ചതാണെന്ന ആരോപണത്തില്‍ വലിയൊരളവോളം സത്യം ഉണ്ട് എങ്കില്‍ കൂടിയും കേരള ചരിത്രത്തിലും, അതിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വളര്‍ച്ചയ്ക്കും ഈ ഒരു സമുദായത്തിന്റെ പങ്ക് അത്ര എളുപ്പമൊന്നും ആര്‍ക്കും എഴുതി തള്ളാവുന്ന ഒന്ന് അല്ല. അതിനാല്‍ത്തന്നെ നമ്പൂതിരി സമുദായത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള കേരള ചരിത്ര പഠനം അപൂര്‍ണ്ണമാവുകയേ ഉള്ളൂ. ഈ സാഹചര്യത്തില്‍ തീര്‍ത്തും നിഷ്പക്ഷമായതും മുന്‍വിധി ഏതുമില്ലാത്തതുമായ ഒരു അന്വേഷണ ത്വരത ഈ വിഷയത്തില്‍ കാണിക്കേണ്ടതുണ്ടെന്ന് കൂടി ചരിത്ര വിദ്യാര്‍ത്ഥികളോടായി പി.കെ. ബാലകൃഷ്ണന് ആവശ്യപ്പെടുന്നുണ്ട്. ”നമ്പൂതിരിമാര്‍ക്ക് ഉണ്ടായിരുന്ന സാമുദായിക സ്ഥിതിയും, ജീവിത രീതിയും, സ്വഭാവ ഘടനയും രാഷ്ട്രത്തിലും, സമൂഹത്തിലും അവര്‍ക്ക് പദവിയും സസൂക്ഷ്മമായി വീക്ഷിച്ചാല്‍ മാത്രമേ കേരള സമൂഹത്തിന്റെ പരിണാമ ചരിത്രം നമുക്ക് ഇന്ന് ഗ്രഹിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു കേരള ചരിത്ര പഠിതാവ് അറിഞ്ഞിരിക്കേണ്ട പരമ പ്രധാന സത്യമതാണ്,” എന്നും പി.കെ. ബാലകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു.
നമ്പൂതിരി നവോത്ഥാന പ്രസ്ഥാനത്തിലെ പി.കെ. ആര്യന് നമ്പൂതിരി ”നാലുകെട്ടില്‍ നിന്ന് നാട്ടിലേക്ക്” എന്ന തന്റെ കൃതിയില്‍ നമ്പൂതിരി സമുദായത്തിനു നേര്‍ക്ക് നടക്കുന്ന ആക്ഷേപങ്ങള്‍ക്കെതിരെ നടത്തിയ പ്രതികരണം വളരെ ശ്രദ്ധേയമാണ്.”കേരള ബ്രാഹ്മണര്‍ക്കെതിരെ നടക്കുന്ന ഈ വാദ കോലാഹലങ്ങളില്‍ സ്വന്തം ചേരിപിടിച്ച് ആരും പടവാളുമായി പോര്‍ക്കളത്തിലേക്ക് ഇറങ്ങുന്നില്ലെന്നത് പരമാര്‍ത്ഥമാണു തന്മൂലം ഈ വാദഗതികള്‍ തികച്ചും ഏകപക്ഷീയമാണ്.” നമ്പൂതിരി നവോത്ഥാന നേതാവും, ഒരു സാമൂഹിക പ്രവര്‍ത്തകനും ആയിട്ട് കൂടിയും സ്വസമുദായത്തിനു നേര്‍ക്ക് നിരന്തരം ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ അദ്ദേഹത്തിനുണ്ടാക്കുന്ന നൊമ്പരത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ഈ പരാമര്‍ശം.
(തുടരും..)
അടുത്തഭാഗം ഇവിടെ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: