മോശം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വല്ലപ്പോഴും വായിക്കുമ്പോള്‍ തോന്നുന്നു ആശ്വാസം നാളുകള്‍ക്കിടയില്‍ ആവിയാകുകയാണ് പതിവ്.ഇതിന്റെപേരില്‍ പൂട്ടിയെന്നു പറയപ്പെടുന്ന കടകള്‍ ദിവസങ്ങള്‍ക്കുശേഷം തുറക്കുന്നതും അത്തരം ഭക്ഷ്യവസ്തുക്കള്‍ തന്നെ അവിടെ വില്‍ക്കപ്പെടുന്നതായും അറിയാറുണ്ട്. ഇത് ആരോഗ്യവകുപ്പിന്റെ അലംഭാവമെന്ന് പൊതുജനം സംശയിച്ചേക്കാം.
പണംകൊടുത്താല്‍ എന്തും സാധ്യമാകുന്ന നമ്മുടെനാട്ടില്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍പ്പോലും ആളുകള്‍ ഇങ്ങനെ സന്ദേഹിക്കുന്നത് സ്വാഭാവികം. ഭോജനശാലകള്‍ ലക്ഷക്കണക്കിനുള്ള നമ്മുടെ നാട്ടില്‍ അവയില്‍ പലതും അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അത്യന്തം വൃത്തിഹീനമായ സാഹചര്യമുള്ള അടുക്കളകളും പിന്നാമ്പുറങ്ങളും വളിച്ചതും പുളിച്ചതും പുഴുവരിച്ചതുമായ ഭക്ഷ്യസാധനങ്ങളുമുളള സ്ഥാപനങ്ങള്‍ യാതൊരു കൂസലുമില്ലാതെ നടത്തപ്പെടുന്നത് പൊതുജനത്തിന്റെ ആരോഗ്യത്തെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ അലംഭാവത്തെയാണ് തുറന്നുകാണിക്കുന്നത്.
കക്കൂസിലെ വെള്ളത്തിലും നായ്ക്കാഷ്ഠമുള്ള മുറികളിലും പാകപ്പെടുത്തിയ ലസിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.തുടര്‍ ദിവസങ്ങളിലും ശക്തമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.പലകടകളും അടച്ചു. ചിലതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.ജ്യൂസ് കടകളും നിരീക്ഷണത്തിലാണ്.കലക്കവെള്ളത്തിലാണ് പലകടക്കാരും ജ്യൂസ് ഉണ്ടാക്കുന്നത്. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ജനം തീറ്റയും കുടിയും നടത്തുന്നത് ചിലപ്പോള്‍ ഇത്തരം തട്ടുകടകളേയും ഹോട്ടലുകളേയും ആശ്രയിച്ചാണ്. തിരക്കിനിടയില്‍ എന്തുകൊടുത്താലും ജനം കഴിച്ചോളും എന്നുള്ള വിചാരമാണ് ഇത്തരം കടകള്‍ക്കെന്നു തോന്നുന്നു. ഇത്തരക്കാരുടെ കടകള്‍പൂട്ടിച്ച് ഇവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കണം.
വഴിയോരത്തുള്ള തട്ടുകടകളും ചായക്കടകളും പൊടിയും ദുര്‍ഗന്ധവും എല്ലാത്തരം മലിനീകരണങ്ങളുമുള്ള അന്തരീക്ഷത്തിലേക്കു തുറന്നുവെച്ച് മനുഷ്യര്‍ക്ക് അനാരോഗ്യംമാത്രം നല്കുന്നവയാണ്.ചൂടുകൂടിയതോടെ വഴിയോരങ്ങളില്‍ കൂണുപോലെയാണ് ജ്യൂസ് കടകളും ചായക്കടകളും തുറന്നിട്ടുള്ളത്. ഇവയില്‍പ്പലതും ആരോഗ്യപരമായി യാതൊരുവിധ ജാഗ്രതയുംകാട്ടാതെയാണ് പ്രവര്‍ത്തിക്കുന്നത്.എന്നാലിത് ഏതെങ്കിലുമൊരു നഗരപ്രദേശത്തെമാത്രം അവസ്ഥയല്ല. കേരളം മുഴുവനും ഇത്തരം അനാരോഗ്യം വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ കാണാം. അതോടൊപ്പംതന്നെ വൃത്തിയും വിനയവും ആരോഗ്യകരവുമായ തരത്തിലുള്ള അനേകം ഭോജനശാലകളുണ്ടെന്നും സമ്മതിക്കുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ ഇത്തരം പരിശോധനകള്‍ നിത്യവും തുടരണം. അത് ഇവരുടെ നിത്യജോലിയുടെ ഭാഗമാകണം.അങ്ങനെ ആകുമ്പോള്‍ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട ആരോഗ്യമേഖല വലിയൊരു പരിധിവരെ സംരക്ഷിക്കപ്പെടും. പകരം ആരോഗ്യവകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലെന്നോ ഉപകരണങ്ങളില്ലെന്നോ ഉള്ള സാധാരണ അലംഭാവം നിറഞ്ഞ പരാതിയാണുള്ളതെങ്കിലത് പൊതുജനത്തിന്റെ ആരോഗ്യത്തോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: