തമിഴ്‌നാട്: സർക്കാരിന്റെ ഭാഷാ വകുപ്പ് പ്രതിമാസം അമ്പത് പുതിയ തമിഴ് വാക്കുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള കാരണം മാതൃഭാഷയോട് തമിഴനുള്ള പ്രതിപത്തിയും ആവേശവുമാണ്. സ്വന്തം ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയാതിരിക്കുന്നത് പ്രായേണ പറഞ്ഞാൽ ഒരു ജനതയുടെ ദുര്യോഗമാണ്. ഈ തമിഴീകരണത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാരമാണ് ട്രാൻസ്ജെൻഡേഴ്സിന്റെ നാമം. ”തിരുനങ്കൈ” എന്നാണ് ഈ വിഭാഗത്തിന് തമിഴിലെ വിളിപ്പേര്.
എന്നാൽ മലയാളത്തിന്റെ സ്ഥിതിയാകട്ടെ തുലോം പരിതാപകരമാണ്. ഭാഷയുടെ നവീകരണത്തിനും പരപദങ്ങളുടെ മലയാളീകരണത്തിനും ആരും ഒന്നും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാപദവിയിൽ നാമെല്ലാം ആനന്ദപുളകിതരുമായി മാറുകയും ചെയ്യുന്നു. ഭാഷയോട് പണ്ഡിതരും അധ്യാപകരും വിദ്യാർത്ഥികളും കാണിക്കുന്ന അവധാനതയെക്കുറിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാനുഭവത്തിൽനിന്നും ചിലത് ക്ഷോഭത്തോടെ വിളിച്ചുപറഞ്ഞപ്പോൾ, പൊതുവെ നല്ല പിള്ള ചമയാൻ മിടുക്കരായ നാം നെറ്റി ചുളിച്ചു. ഭാഷയുടെ ഉത്കർഷത്തേക്കാൾ നാം ചുള്ളിക്കാടിന്റെ ക്ഷോഭത്തിനെതിരെ മുഖം തിരിച്ചത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പോരായ്‌മകൾ എണ്ണിപ്പെറുക്കിപ്പറഞ്ഞാണ്. ഈ ഇരട്ടത്താപ്പാണ് മലയാളിയെ എക്കാലവും ഭരിച്ചുപോരുന്നത്. ചക്കെന്നു പറയുമ്പോൾ ചുക്കെന്നു കേൾക്കുന്ന അതേ കാപട്യം!
നാം ആലോചിച്ചു നോക്കുക, മലയാളത്തിൽ ഇപ്പോഴും ട്രാൻസ്ജെൻഡേഴ്സ് എന്ന പദത്തിന് മലയാളീകരണം നടന്നിട്ടില്ല. ഭിന്നലിംഗക്കാർ എന്നൊക്കെയുള്ള ഏച്ചുകെട്ടൽ കേട്ട് ട്രാൻസ്ജെൻഡേഴ്സ് തന്നെ ആ പ്രയോഗത്തിനെതിരെ രംഗത്തുവന്നത് അടുത്തകാലത്താണ്. അതായത്, ഗൗരവബോധത്തിൽ ഭാഷയെ നവീകരിക്കാനുള്ള യുക്മമായ ഇടപെടലൊന്നും മലയാളത്തിൽ ഉത്തരവാദപ്പെട്ടവർപോലും നടത്തുന്നില്ല എന്നു സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: