സംഘകലയുടെ അസ്വാതന്ത്ര്യത്തില്‍ നിന്ന് വിടുതി ചെയ്ത് വാദ്യകലാകാരന്റെ സര്‍ഗ്ഗാത്മകതയുടെ ആഘോഷ ഇടമാണ് തായമ്പക. ധൂര്‍ത്തോളം എത്തുന്ന കൊട്ടിന്റെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കുവാന്‍ തായമ്പകയെ പ്രയോജനപ്പെടുത്തുന്ന കലാകാരനാണ് കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍.പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു കീഴെ എന്ന നിരീക്ഷണത്തെ സാധുവാക്കുന്ന, ഘനസൗഷ്ഠവവും ശബ്ദാധിഷ്ഠിതവും വന്യസൗന്ദര്യവുമാര്ന്ന തായമ്പക കൊട്ടി ഉത്സവവേദികളില്‍ അദ്ദേഹം നിറഞ്ഞുനില്ക്കുന്നു. തായമ്പകയിലെ മുതിര്‍ന്ന കലാകാരനും പ്രമാണിയുമാണ് കല്ലൂര്‍. ചെണ്ട ഉല്‍പ്പാദിപ്പിക്കുന്ന ശബ്ദത്തിന്റെ പരമാവധിയിലേക്കുള്ള സന്ധിയില്ലാത്ത തീര്‍ത്ഥാടനമാണ് കല്ലൂരിന് തായമ്പക.
തായമ്പകയ്ക്ക് രണ്ട് ശൈലികളുണ്ട്. പാലക്കാട് ജില്ലയിലെ കിഴക്കുംപടിഞ്ഞാറും രൂപപ്പെട്ട പാലക്കാടന്‍ ശൈലിയും മലമക്കാവ് ശൈലിയും. പല്ലശ്ശന പത്മനാഭമാരാര്‍, ചിതലി രാമമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, കുഞ്ഞുക്കുട്ടമാരാര്‍ എന്നിവര്‍ പാലക്കാട് ശൈലിയിലും തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാള്‍, കേശവപ്പൊതുവാള്‍, തിരുവേഗപ്പുറ രാമപ്പൊതുവാള്‍, ആലിപ്പറമ്പ് ശിവരാമ പ്പൊതുവാള്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ എന്നിവര്‍ മലമക്കാവ് ശൈലിയിലും കൊട്ടി പേരെടുത്തു. തായമ്പകയുടെ ഘടനാഭംഗി ആസ്വദിച്ചാണ് ഈ വിഭജനം. കല്ലൂര്‍ രാമന്‍കുട്ടി കൃത്യമായും പാലക്കാടന്‍ ശൈലിയുടെ പ്രയോക്താവാണ്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റേയും ഗുരുനാഥന് മാങ്കുറുശ്ശി അപ്പുമാരാരാണ് കല്ലൂരിന്റെ ഗുരുനാഥന്. പഴയ ഗുരുകുല സമ്പ്രദായത്തില്‍ നിഷ്കര്‍ഷയോടെ വാദ്യവിധികള്ക്കനുസരിച്ചാണ് രാമന്‍കുട്ടി കൊട്ടിപ്പഠിച്ചത്. സ്റ്റൂളില്‍ തായമ്പകവച്ചായിരുന്നു അരങ്ങേറ്റം. തടിച്ചുരുണ്ട് കൗതുകമുള്ള കുട്ടിയുടെ ഉരുളു കോലിലെ ഗാംഭീര്യം അന്നേ പ്രസിദ്ധമായി. തായമ്പകയിലെ ഭാവിയുടെ കൊട്ടാണ് രാമന്‍കുട്ടി അന്ന് കൊട്ടിയത്. തുടര്‍ന്ന് പാലക്കാടന്‍ ഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ട കലാകാരനായി. ചിതലിയ്ക്കും പല്ലശ്ശനയ്ക്കും പല്ലാവൂര്‍ സഹോദരന്മാര്ക്കും ഒപ്പം കൊട്ടിത്തെളിഞ്ഞു. തൃത്താല കേശവപ്പൊതുവാള്‍ തായമ്പകയിലെ ജനപ്രിയ ബിംബമായി നിന്നിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം കൊട്ടിത്തികഞ്ഞു. രണ്ടുശൈലിയിലെയും അതികായര്‍ക്കൊപ്പം ഇരട്ടത്തായമ്പക കൊട്ടി രാമന്‍കുട്ടി ശ്രദ്ധേയനായി.
തായമ്പക ശബ്ദത്തിന്റെ വിന്യാസകലയെന്നാണ് കല്ലൂരിന്റെ മതം. അരോഗദൃഢഗാത്ര ശരീരവും മനസ്സുമായി പാലക്കാടന്‍ തായമ്പകയുടെ അതിവാചാലമായ വിന്യാസ വൈവിധ്യങ്ങളെ രാമന്‍കുട്ടി സാര്‍ത്ഥകമാക്കി. ഇരട്ടത്തായമ്പകയെക്കാള് ഒറ്റത്തായമ്പക കൊട്ടിയാണ് കല്ലൂര്‍ ഉയര്‍ന്നത്. മാങ്കുറുശ്ശി അപ്പുമാരാരുടെ കളരിയില്‍ പഠിച്ച കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാര്‍ക്കൊപ്പം പ്രാമാണികനായി കല്ലൂര്‍ ഏറെ ഇരട്ടത്തായമ്പക കൊട്ടി. കല്ലൂര്‍-കല്ലേക്കുളങ്ങര ശബ്ദസഖ്യം ഒരുകാലത്തിന്റെ ചന്തമായിരുന്നു. തുടര്‍ന്ന് കല്ലൂര്‍-മട്ടന്നൂര്‍ എന്നായി സമവാക്യം. പല്ലാവൂര്‍ കുഞ്ഞുക്കുട്ട മാരാരും കല്ലൂരും ചേര്‍ന്നുള്ള ഇരട്ടത്തായമ്പക ശബ്ദസാഗരങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യമായി. വര്‍ഷകാല സാഗരത്തെ ഓര്‍മിപ്പിക്കുന്ന പ്രതീതി. പല്ലാവൂര്‍ അപ്പുമാരാരുടെയും ആലിപ്പറമ്പിന്റെയും സംഗീതവഴികള്ക്കൊപ്പം കല്ലൂര്‍ സംയമം പാലിച്ചു കൊട്ടി. പൂക്കാട്ടിരിയും കല്ലൂരും ശബ്ദത്തിന്റെ ബഹുമുഖങ്ങള്‍ കൊട്ടിക്കയറി.
തായമ്പകയില്‍ പുതുഭാവുകത്വം വന്നപ്പോള്‍ യുവനിരയുടെ പ്രബലതയ്ക്ക് കല്ലൂര്‍ രക്ഷിതാവായി. പുതുതലമുറയെ ഒപ്പം കൊട്ടിച്ച് കല്ലൂര്‍ നവഭാവുകത്വത്തെ തന്റെ പഥത്തിലൂടെ നടത്തിച്ചു. മകന് കല്ലൂര്‍ ഉണ്ണികൃഷ്ണനെ പരിശീലിപ്പിച്ച് പിതൃ-പുത്രസന്ധിയുടെ പൊരുത്തം കാത്തു. കല്ലൂരും കല്‍പ്പാത്തി ബാലകൃഷ്ണനും പാലക്കാടന്‍ തായമ്പകച്ചേര്ച്ചയുടെ ആധുനികത കൊട്ടി അറിയിച്ചു. ശബ്ദത്തിന്റെ വന്യവിസ്ഫോടനങ്ങളുടെ യൗവ്വന സാക്ഷാത്ക്കാരമായ പോരൂര്‍ ഉണ്ണികൃഷ്ണനാണ് കല്ലൂരിന്റെ ഘനസൗഷ്ഠവമായ വാദനവഴിയില് ഏറ്റവും യോജിച്ച് കൊട്ടിയത്. കല്ലൂരും പോരൂരും രണ്ടുതലമുറയെങ്കിലും ഇരുവരും ദീക്ഷിക്കുന്ന ഉപാധികളില്ലാത്ത ശബ്ദസൗന്ദര്യശാസ്ത്രം ഇവരുടെ യോജിപ്പിലെ കലാഘടകമായി. കല്ലൂര്‍ തായമ്പകയുടെ ശരീരഘടന തന്നെ മാറ്റി. അതിനിഗൂഢവും അമൂര്‍ത്തവും വൈവിധ്യസമ്പന്നവും ദൈര്‍ഘ്യമേറിയതുമായ എണ്ണങ്ങള്‍ കൊട്ടി അമ്പരപ്പിച്ചു. താളക്കണക്കുകളെ ഘടകക്രിയ ചെയ്തു. അടന്തക്കൂറ് പതിച്ചിട്ടു കൊട്ടി വിന്യാസഭേദങ്ങളുടെ പുത്തന്‍ ഭാഷാശാസ്ത്രം ചമച്ചു. പതികാലത്തിലെ എണ്ണങ്ങളെ ബഹുകേമമായി അവതരിപ്പിച്ചു. കൊട്ടിന്റെ ഊര്‍ജ്ജത്തില്‍ മറ്റൊരുതായമ്പക കലാകാരനും എത്താന്‍ സാധിക്കാത്ത വേഗത്തിലും ഉയരത്തിലും സഞ്ചരിച്ച് ഒറ്റയാനായി. പലപ്പോഴും കൂടെ കൊട്ടുന്നയാള്ക്ക് കല്ലൂരിനൊപ്പമെത്താന് ക്ലേശിക്കേണ്ടിവന്നു. തായമ്പകയുടെ അവസാനഘട്ടമായ ‘ഇരികിട’യില്‍ സാധക സമ്പുഷ്ടതയുടെയും ശബ്ദഗരിമയുടെയും മഹാസമുദ്ര ഇരമ്പം കേള്‍പ്പിച്ചു. ശബ്ദത്തിന്റെ സുനാമിയായി അത് ദൃശ്യമായി. തായമ്പക സദസ്സിനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തിക്കൊണ്ട് ‘ഇരികിട’യില്‍ അദ്ഭുതങ്ങള്‍ ചെയ്തു. കാണികള്‍ കല്ലൂരിനൊപ്പം ഹര്‍ഷാരവത്തോടെ സദസ്സില്‍ ഹരംകൊണ്ട് ആവേശഭരിതരായി. തായമ്പകയാണ് ചെണ്ടയിലെ മൗലികകലയെന്ന് കല്ലൂരിന്റെ തായമ്പക ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
ചെണ്ടയുടെ ഒച്ചയ്ക്ക് സൗന്ദര്യം നല്കുന്ന കല്ലൂരിന്റെ തായമ്പകയ്ക്ക് രൗദ്ര സ്വഭാവമാണ്. അത് വന്യതയുടെ ലാവണ്യവും വഹിക്കുന്നു. ആസുര സ്പര്‍ശമുള്ള ഇടംതലയിലെ ശബ്ദസാധ്യതകളെ മുഴുവന്‍ കൊട്ടിയെടുക്കുകയാണ് കല്ലൂര്‍. അവിടെ സംഗീതത്തിന് സ്ഥാനമില്ല. പല്ലാവൂരും മട്ടന്നൂരും ആലിപ്പറമ്പും ചെണ്ടയില്‍ സ്വരസ്ഥാനങ്ങള്‍ തേടി നടന്നപ്പോള്‍ കല്ലൂര്‍ ശബ്ദഗൗരവസ്ഥലികള് അന്വേഷിച്ചു. ചെണ്ടയുടെ ശബ്ദത്തെ മൃദുവാക്കുകയല്ല വേണ്ടതെന്നും അടിസ്ഥാന സ്വഭാവത്തെ പോഷിപ്പിക്കുകയുമാണ് വേണ്ടതെന്നും കല്ലൂര്‍ വിശ്വസിച്ചു. ആ വിശ്വാസം വിന്യസിപ്പിച്ചു. അസാധാരണമായ സാധകവൈഭവവും നൂതന ആവിഷ്ക്കാര ഭദ്രതയും പരാജയപ്പെടരുതെന്ന വാശിയും കല്ലൂരിന്റെ തായമ്പകയെ ജനപ്രിയമാക്കി. ഘടനാപരമായ ഉല്ലംഘനം വിമര്ശനവിധേയവുമായി. പാലക്കാടന്‍ മട്ടിന്റെ പഴയകാല ഭദ്രതയ്ക്ക് കല്ലൂര്‍ തിരുത്തായും മാറി. കല്ലൂരിനൊപ്പം ഇരട്ടത്തായമ്പക എന്നത് പുതിയ കലാകാരന്മാര്ക്ക് വെല്ലുവിളിയുമാണ്. എതിരാളിയുടെ പാതി ശക്തി കവരുന്ന ബാലിയെപ്പോലെയാണ് കല്ലൂരിന്റെ തായമ്പക എന്നും കൗതുകം പറയാറുണ്ട്. കല്ലൂരിനെ പരാവര്‍ത്തനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതേ ഛായയില്‍ കൊട്ടിമുഴുപ്പിക്കാം എന്ന മോഹത്തില്‍ കൊട്ടുന്നവരുണ്ട്.
പുതിയ കാലത്തിനനുസരിച്ച് കലാകാരന് കലാമാര്ഗ്ഗങ്ങള് പരിഷ്കരിക്കണമെന്നാണ് കല്ലൂരിന്റെ കലാദര്‍ശനം. തായമ്പകയില്‍ പുതിയ നിര വരുമ്പോള്‍ മാറിനില്ക്കാനല്ല അവര്‍ക്കൊപ്പം കൊട്ടി അവരെ വരവേല്‍ക്കാനാണ് കല്ലൂര്‍ ശ്രമിക്കുന്നത്. പ്രായഭേദമില്ലാതെ, തനിക്ക് ബോധിച്ചവര്ക്കൊപ്പം കൊട്ടുന്ന എളിമ കല്ലൂര്‍ പുലര്‍ത്തുന്നു.
കൊട്ടിനപ്പുറം ഭൗതികവിചാരങ്ങള്‍ കല്ലൂരിനില്ല. ഓരോ വര്‍ഷക്കാലത്തും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഡോ. പി. ബാലചന്ദ്രന്റെ നിര്‍ദ്ദേശത്തിലുള്ള ചികിത്സയ്ക്ക് വിധേയനാവുന്നു. അക്കാലത്തും സുഹൃത്തുക്കള്‍ക്കൊപ്പം കലാ ചര്‍ച്ചയും പുതിയ എണ്ണങ്ങളുടെ സൃഷ്ടിയുമാണ്. വിശ്രമകാലത്ത് അവ കൊട്ടിപാകപ്പെടുത്തുന്നു. ഓരോ കാലത്തും പുതിയ വിന്യാസങ്ങളുടെ ആലോചനയും സാക്ഷാത്കാരവും മൂലം ഓരോ ഉത്സവക്കാലത്തും കല്ലൂര്‍ സ്വയം പുതുക്കുന്നു; പരിഷ്കരിക്കുന്നു. അത് അഭിവൃദ്ധിയുടെ ലക്ഷണമായി പുതുസമൂഹം വിലയിരുത്തുന്നു.
കലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക വിസ്മയത്തിന്റെ സീമാതീത തലങ്ങളിലൂടെ സഞ്ചരിക്കുന്നു. കൊട്ടുകലയുടെ അധിക തുംഗപദത്തിലേക്കുള്ള പന്ഥാവില്‍ കല്ലൂര്‍ ഏകനായി സഞ്ചരിക്കുന്നു. കര്‍ക്കശമാര്‍ന്ന അച്ചടക്കബോധം പുലര്‍ത്തി സൂക്ഷ്മതയുടെ കലാംശങ്ങളിലൂടെ സഞ്ചരിച്ചാണ് ആ തായമ്പക കലാശിക്കുക. നിലത്തിറങ്ങി വെട്ടുന്ന ഇടിയും ഭയാനകമായ മിന്നലുമായി കറുത്തിരുണ്ട പ്രകൃതിയില്‍ പെയ്യുന്ന തുലാവര്‍ഷം തോര്‍ന്ന പ്രതീതിയാണ് കല്ലൂരിന്റെ തായമ്പക അവസാനിക്കുമ്പോള്‍ ഉണ്ടാവുന്നത്. ആ മഴത്തണുപ്പ് നല്കുന്ന സുഖാനുഭവത്തിന് സമമാണ് കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെതായ തായമ്പകയുടെ കലാശക്കൊട്ട്. ഈ ഉത്സവകാല ചൂടില്‍ ആ തായമ്പകത്തുലാമഴ പെയ്തിറങ്ങി സഹൃദയ മനസ്സിനെ കുളിര്‍പ്പിച്ചിരുന്നു.
കല്ലൂരിന്റെ ജീവിതതാളം
മലയാള വര്‍ഷം 1129 ല്‍ വൃശ്ചികത്തിലെ
തിരുവോണം നക്ഷത്രത്തില്‍ പാലക്കാട് ജില്ലയിലെ കല്ലൂരിലാണ് രാമന്‍കുട്ടിയുടെ ജനനം. അച്ഛന് കേളുപറമ്പത്ത് കുഞ്ചുമാരാര്‍. അമ്മ തൃശൂര്‍ തലോറിലെ മേച്ചറ മാരാത്തെ മാധവിക്കുട്ടി മാരാസ്യാര്. അച്ഛന്റെ കീഴില്‍ വാദ്യകലയില്‍ അഭ്യാസം തുടങ്ങി. എട്ടാം വയസ്സില്‍ കല്ലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. 12-ാം വയസ്സിലായിരുന്നു അച്ഛന്റെ വിയോഗം. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മൂത്തമകനായ രാമന്കുട്ടിയ്ക്കായി.ചെണ്ട വിദഗ്ധന്‍ കല്ലൂര്‍ കുഞ്ഞുകുട്ടന് മാരാരും മണികണ്ഠനും നാരായണിക്കുട്ടിയുമാണ് സഹോദരങ്ങള്‍. 20-ാം വയസ്സിലായിരുന്നു രാമന്‍കുട്ടിയുടെ വിവാഹം. കുണ്ടളശ്ശേരി തിരുനെല്ലി മാരാത്തെ പ്രഭാവതിയാണ് ഭാര്യ. തായമ്പകയില്‍ സജീവമായ കല്ലൂര്‍ ഉണ്ണികൃഷ്ണന്, ബാബു, പ്രസാദ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: അനിത, ഡിനി. നിരവധി പുരസ്കാരങ്ങള്‍ തായമ്പകയിലെ ഈ അതികായനെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരത്തിന് അര്‍ഹനായി.പാലക്കാട് മാങ്കുറിശ്ശിയിലെ ഗുരുകൃപ വീട്ടില്‍, തായമ്പകയില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത താളപ്രയോഗങ്ങള് കണ്ടെത്താനുള്ള വ്യഗ്രതയിലാണ് കല്ലൂര്‍ രാമന്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: