ഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക എന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരുകൂട്ടം മഹിളകള്‍ ഇടുക്കിയിലെ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായുണ്ട്. ഒന്നര പതിറ്റാണ്ടായി ഒരു രൂപ പോലും പ്രതിഫലം കൈപറ്റാതെ ദിവസവും കാടിന്റെ കാവലാളാകുന്നവര്‍. പേരും പെരുമയും ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ദിനചര്യയാക്കിയ നൂറോളം വനിതകളുടെ കൂട്ടായ്മയാണ് ‘വസന്ത സേന’ എന്ന വനത്തിലെ വനിതാ കാവല്ക്കാര്.
ചെയ്യുന്ന പ്രവൃത്തി സാമൂഹ്യ നന്മയ്ക്കുവേണ്ടിയായതുകൊണ്ടുതന്നെ അവരുടെ സേവനം രാജ്യത്തെ മറ്റു വന്യജീവി സങ്കേതങ്ങള്‍ക്കു മാതൃകയാണെന്ന് പറയാതെ വയ്യ. 2002 ഒക്ടോബറിലാണ് ഇന്ത്യ ഇക്കോ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വസന്തസേന എന്ന പേരില്‍ വീട്ടമ്മമാര്‍ അംഗങ്ങളായ വന സംരക്ഷണ സേന രൂപം കൊണ്ടത്.
വന്യജീവി സങ്കേതങ്ങളുടെ സാമൂഹ്യ സംരക്ഷണം, വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന കുടുംബങ്ങളുടെ ഉപജീവനം തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. പൂര്‍ണമായും സൗജന്യ സേവനം നല്‍കുന്നതിന് നൂറില്‍പരം വനിതകള്‍ ഇതില്‍ പങ്കാളികളായി. എല്ലാ ദിവസവും രാവിലെ പത്തുമണിയോടെ തേക്കടി റേഞ്ച് ഓഫീസ് പരിസരത്ത് എത്തുന്ന ഇവര്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ ആദ്യം ഹാജര്‍ രേഖപ്പെടുത്തും. പിന്നീട് നാല് മുതല്‍ എട്ടുപേര്‍ വരെ അടങ്ങുന്ന ചെറു സംഘങ്ങളായി വനത്തിനുള്ളിലേക്ക് പോകും.
ഉച്ചഭക്ഷണം പോലും ഇവര്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും. പ്രധാനമായും ചന്ദനമരങ്ങള്‍ കൂടുതലായുള്ള ഭാഗങ്ങളിലാണ് ഇവര്‍ പട്രോളിങ് കേന്ദ്രീകരിക്കുന്നത്. വനത്തിനുള്ളില്‍ അപരിചിതരെ കണ്ടാല്‍ കാരണം തിരക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും.
ചന്ദനമര മോഷണത്തിന് തടയിടാനായി
വസന്തസേന പട്രോളിങ് ആരംഭിച്ചതിനു ശേഷം ചന്ദനമരങ്ങളുടെ മോഷണം വലിയ തോതില്‍ തടയാന്‍ സാധിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വൈകുന്നേരം മൂന്ന് മണിയോടെ തിരികെ എത്തുന്ന വനിതാ സംഘങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചും പ്രധാന വിവരങ്ങല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയും പിരിഞ്ഞ് പോകുന്നു. ഏറെ സന്തോഷത്തോടെയാണ് ഈ ജോലി ചെയ്യുന്നതെന്നും പ്രതിഫലം വാങ്ങാത്തതിനാല്‍ വലിയ ആത്മസംതൃപ്തി ലഭിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ വനിതകളെ ഈ രംഗത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ തങ്ങളാലാകും വിധത്തിലുള്ള ശ്രമവും ഇവര്‍ നടത്തുന്നു. സംരക്ഷണം കൂടാതെ വനത്തിനുള്ളിലെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം ലക്ഷ്യമാക്കി പേപ്പര്‍ ക്യാരി ബാഗുകളുടെ നിര്‍മ്മാണ യുണിറ്റ് വസന്തസേന ആരംഭിച്ചെങ്കിലും വന്‍കിട കമ്പനികളുടെ കിട മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഉറവ് എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പരിശീലനത്തോടെ പൂച്ചെടി കമ്പുകള്‍ കൊണ്ട് കര കൗശല വസ്തുക്കളുടെ നിര്‍മാണവും മുമ്പ് സേനയിലെ മഹിളകള്‍ നടത്തിയിരുന്നു. പ്രായാധിക്യവും മറ്റു വ്യക്തിപരമായ കാരണങ്ങളും ചിലരെയെങ്കിലും സേനയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടെകിലും ഭൂരിഭാഗം പേരും ഇപ്പോഴും സജീവമാണ്.
തേടിയെത്തി ബഹുമതികള്‍
വസന്തസേനയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പടെ പല ബഹുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകയായ റൂത്ത ഇവരുടെ നിസ്വാര്‍ത്ഥ സേവനം തിരിച്ചറിഞ്ഞ് 40,000 രൂപ സമ്മാനം നല്കി. ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള അമൃത ദേവി ബിഷ്ണോയി അവാര്‍ഡ്, പി.വി. തമ്പി എന്‍ഡോവ്മെന്റ് അവാര്‍ഡ് എന്നീ ബഹുമതികളും ഇവര്‍ക്ക് ലഭിച്ചു.
2017 നവംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ദ്ധന് ഇവരുടെ പ്രവര്‍ത്തനം അറിഞ്ഞ് നേരിട്ടെത്തി അഭിനന്ദിച്ചു. തേക്കടിയില്‍ നടന്ന ദേശീയ തലത്തിലുള്ള ഉന്നത വനപാലകരുടെ യോഗത്തിലും അദ്ദേഹം ഇത് ചൂണ്ടികാട്ടി മറ്റിടങ്ങളിലും മാതൃകയാക്കാന്‍ നിര്‍ദ്ദേശിച്ചു.
കാട് വരും തലമുറക്കായി നില നിര്‍ത്താന്‍ തങ്ങളാലാകും വിധം ഓരോ പൗരനും നിസ്വാര്‍ത്ഥ സേവനം ചെയ്ത് മാതൃകയാകണം എന്നതാണ് വസന്തസേന പ്രവര്‍ത്തകര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: