ന്യൂദല്‍ഹി: വന്‍തുക പ്രതിഫലം ലഭിക്കുന്ന ‘എ’ പ്ലസ് വിഭാഗത്തില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയേയും സീനിയര്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് ഒഴിവാക്കി. ക്രിക്കറ്റ് താരങ്ങളുടെ പുതിയ വേതന വ്യവസ്ഥകള്‍ ഇന്നലെയാണ് പ്രഖാപിച്ചത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ബിസിസിഐ അവതരിപ്പിച്ച പുതിയ എ പ്ലസ് വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് കരാര്‍ പ്രകാരം പ്രതിവര്‍ഷം ഏഴു കോടി വീതം പ്രതിഫലമായി ലഭിക്കും. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റബര്‍ വരെയാണ് കരാര്‍.
ധോണി , അശ്വിന്, രവീന്ദ്ര ജഡേജ, മുരളി വിജയ് , ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹനെ ,വൃദ്ധിമാന്‍ സാഹ എന്നിവര്‍ ‘എ’ വിഭാഗത്തിലാണ്. ഇവര്‍ക്ക് അഞ്ചുകോടി വീതം പ്രതിഫലം ലഭിക്കുന്നതാണ്.
മറ്റ് വിഭാഗങ്ങളും കളിക്കാരും: ബി വിഭാഗം: കെ.എല്‍ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ, ദിനേശ് കാര്‍്ത്തിക്. ഇവര്‍ക്ക് മൂന്ന് കോടി വീതം പ്രതിഫലം ലഭിക്കും.
സി വിഭാഗം: കേദാര്‍ ജാദവ്, മനീഷ് പാണ്ഡ്യ, അക് ഷര് പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്. ഇവര്‍ക്ക് ഒരുകോടി വീതം ലഭിക്കും.
വനിതാ ക്രിക്കറ്റ് താരങ്ങളില്‍ മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍ , സ്മൃതി മന്ദാന എന്നിവര്‍ക്ക് പ്രതിവര്‍ഷം അമ്പത് ലക്ഷം രൂപാ വീതം പ്രതിഫലമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: