കളിയില്‍ പറഞ്ഞാല്‍ കേരള ക്രിക്കറ്റിന്റെ പെരുന്തച്ചന്. കലയിലാണെങ്കില്‍ കലാ വല്ലഭന്. സംഘാടന മികവിലായാലോ മികച്ച സംയോജകന്‍. കുലമഹിമയില്‍ കാലത്തിനൊപ്പം പോകാനുള്ള കഴിവാണ് രവിയച്ചനെ കൊട്ടാരക്കെട്ടില്‍നിന്ന് ജനമധ്യത്തിലെത്തിച്ചത്, നാട്ടുവെളിച്ചങ്ങള്ക്ക് കൂട്ടുകാരനാക്കിയത്. അതുകൊണ്ടുതന്നെയാണ് രവിയച്ചന് തൊണ്ണൂറു തികയുമ്പോള്‍ അത് ജനകീയ ആഘോഷമാകുന്നതെന്നാണ് രവിയച്ചന് നവതി ആഘോഷസമിതി അദ്ധ്യക്ഷന്‍ എം.ആര്.എസ്. മേനോന്റെ വിലയിരുത്തല്‍. രവിയച്ചനെന്ന പി. രവിയച്ചനെ അറിയേണ്ടത് പല തലത്തിലും പലവഴിയിലും കൂടിയാണ്. കമ്പമില്ലാത്തവരും കണ്ടുതുടങ്ങിയാല്‍ അവസാനം വിജയി കുറ്റി പിഴുതെടുക്കുംവരെ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന ക്രിക്കറ്റില്‍ തുടങ്ങാം.
ദ ക്യാപ്റ്റന്‍
കേരള ക്രിക്കറ്റിന്റെ ആദ്യ യഥാര്‍ത്ഥ ഒാള് റൗണ്ടറാണ് പി. രവിയച്ചന്. 1952 മുതല്‍ 1970 വരെ ക്രിക്കറ്റ് പിച്ചുകളില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീര്‍ത്തു, വലം കൈയന്‍ ബാറ്റ്സ്മാനും ബൗളറുമായ രവിയച്ചന്. ലെഗ് ബ്രേക്ക് ബൗളിങിലൂടെ തുടങ്ങി മീഡിയം പേസറായും ഓഫ് സ്പിന്നറായും മികവു തെളിയിച്ചു, ഈ അസാമാന്യ പ്രതിഭ. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ കേരള താരവും രവിയച്ചന് തന്നെ. കരിയറില്‍ കളിച്ച 55 മത്സരങ്ങളിലെ 101 ഇന്നിങ്സുകളില്‍ 1107 റണ്‍സും 125 വിക്കറ്റുകളും സ്വന്തമാക്കി.
മൂന്ന് അര്‍ദ്ധസെഞ്ചുറികളും രവിയച്ചന്റെ ബാറ്റില്‍ നിന്ന് പിറന്നു. തിരുനല്‍വേലിയില്‍ മദ്രാസിനെതിരെ നടന്ന അവസാന രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ നേടിയ 70 റണ്‍സാണ് ടോപ് സ്കോര്‍. ഏഴു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 1960-61 സീസണില്‍ ആന്ധ്രക്കെതിരെ 34 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് രവിയച്ചന്റെ ഏറ്റവും മികച്ച ബൗളിങ്.
സി.എസ്. നായിഡു, വിജയ് മഞ്ജരേക്കര്‍, സി.ഡി. ഗോപിനാഥ്, എം.എല്‍. ജയസിംഹ, മന്‍സൂര്‍ അലിഖാന് പട്ടൗഡി, എ.ജി. കൃപാല്‍ സിങ്ജി തുടങ്ങിയവരുടെയൊക്കെ വിക്കറ്റുകള്‍ രവിയച്ചന് വീഴ്ത്തിയിട്ടുണ്ട്. 1970-ല്‍ മദ്രാസിനെതിരായ മത്സരത്തോടെയാണ് രവിയച്ചനും സഹതാരമായിരുന്ന ബാലന് പണ്ഡിറ്റും വിരമിച്ചത്. ഇടയ്ക്ക് രണ്ടുവര്‍ഷം കേരള ടീമിന്റെ ക്യാപ്റ്റനാവാനും രവിയച്ചന് നിയോഗമുണ്ടായി.
ക്രിക്കറ്റിലൂടെയല്ല രവിയച്ചന് കളി തുടങ്ങിയത്. അതിന് മുന്‍പ് ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍ എന്നിവയായിരുന്നു കുട്ടിക്കാലത്തെ കളി.
ഒരു കളി കാണാന്‍ മദ്രാസില്‍ പോയതോടെയാണ് ക്രിക്കറ്റിനോട് അഭിനിവേശം തുടങ്ങിയത്- ഇന്ത്യ-ഓസ്ട്രേലിയ മത്സരം. വിജയ് മര്‍ച്ചന്റ്, മുഷ്താഖ് അലി, അമര്‍നാഥ് തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ ഇന്ത്യന്‍ കളിക്കാര്‍. അന്നു കയറിയതാണ് ക്രിക്കറ്റ് കമ്പം.
അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബിഎസ്സിക്ക് പഠിക്കുന്നവേളയിലായിരുന്നു മദ്രാസിലെ ആ കളി. പിന്നെ ക്രിക്കറ്റ് കളിച്ചുതുടങ്ങി. കോച്ചിങ് ഒന്നും ഉണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്ന് അഞ്ചുപേരെ മദ്രാസിലേക്ക് ഒരാഴ്ച കോച്ചിങ്ങിനയച്ചു. ആ സംഘത്തില്‍ രവിയച്ചന് ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ കളി കണ്ടപ്പോള്‍ തന്റെ കളിയില്‍ ഏറെ മാറ്റങ്ങള്‍ വേണമെന്ന് തോന്നി. ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം ഫോര്‍വേര്‍ഡ് ഡിഫന്സാണെന്നാണ് രവിയച്ചന് പറയുന്നത്. അത് ഇവിടെ ആര്‍ക്കുമുണ്ടായിരുന്നില്ല. കോച്ചിങിന് പോയവര്‍ക്ക് അവിടെ ആദ്യം പഠിപ്പിച്ചത് ഫോര്‍വേര്‍ഡ് ഡിഫന്‍സായിരുന്നു. ക്രിക്കറ്റില്‍ റണ്‍സ് നേടുമ്പോള്‍ മാത്രമേ ഭംഗിയുള്ളൂ എന്ന ധാരണ അന്ന് തിരുത്തി. ഫോര്‍വേര്‍ഡ് ഡിഫന്‍സിന് അതിലും ഭംഗിയുണ്ടെന്ന് തോന്നിയെന്ന് രവിയച്ചന് പറയുന്നു. ഒടുവില്‍ സ്വന്തം പ്രയത്നത്തിലൂടെ ഫോര്‍വേര്‍ഡ് ഡിഫന്‍സ് രവിയച്ചന് സ്വായത്തമാക്കി. വിജയ്മര്ച്ചന്റക്കൊ ഫോര്‍വേര്‍ഡ് ഡിഫന്‍സ് കളിക്കുന്നത് കാണുകയും ചെയ്തു. ഇതോടെയാണ് നല്ല കളി ഫോര്‍വേര്‍ഡ് ഡിഫന്സാണെന്ന തോന്നലുണ്ടായത്. അങ്ങനെ ഫോര്‍വേര്‍ഡ് ഡിഫന്‍സ് പഠിച്ചെടുത്തു. അതിന് മുന്‍പ് ബാക്ക്വേര്‍ഡ് ഡിഫന്‍സായിരുന്നു ഇവിടെ എല്ലാവരും കളിച്ചിരുന്നത്. കളിക്കാലത്തെ തുടക്കത്തില്‍ അവസാന ബാറ്റ്സ്മാനായാണ് രവിയച്ചന് ക്രീസിലെത്തിയിരുന്നത്. എന്നാല്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പൂജാ ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് രഞ്ജി ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. പൂജാ ക്രിക്കറ്റിലും രഞ്ജി ട്രോഫി സെലക്ഷന് മത്സരങ്ങളും കൡക്കുന്ന സമയത്ത് ബാറ്റ് ചെയ്യുമ്പോള്‍ 30, 40 റണ്‍സും മൂന്നും നാലും വിക്കറ്റുകളും നേടിയതോടെയാണ് രഞ്ജി ടീമിലേക്ക് എത്തുന്നത്.
1952-ല്‍ മൈസൂരിനെതിരെയാണ് രഞ്ജിയിലെ ആദ്യ മത്സരം. ഈ മത്സരത്തില്‍ നാലാമനായി ബാറ്റിങ്ങിനിറങ്ങി ടീമിന്റെ ടോപ്സ്കോററായി രവിയച്ചന്. 43 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ നേടിയത്. ഈ മത്സരത്തില്‍ കേരളം 86 റണ്‍സിനാണ് പുറത്തായത്. എട്ട് റണ്‍സെടുത്ത മാര്‍ക്കോസാണ് രണ്ടാമത്തെ ടോപ്സ്കോറര്‍ എന്നും രവിയച്ചന് ഓര്‍ക്കുന്നു. രണ്ടാം ഇന്നിങ്സിലും 86 റണ്‍സിന് പുറത്തായെങ്കിലും രവിയച്ചന് അക്കൗണ്ട് തുറക്കാനായില്ല.
കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി വിജയത്തിലും രവിയച്ചന്റെ സംഭാവന നിര്‍ണായകമായിരുന്നു. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 1963 ഡിസംബര്‍ 13-16 വരെ ആന്ധ്രക്കെതിരെ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു കേരളം വിജയം നേടിയത്. ആദ്യ ഇന്നിങ്സില്‍ 63 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി,രണ്ടാം ഇന്നിങ്സില്‍ 52 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി, കേരള വിജയത്തിന്റെ നിര്‍ണായക ഘടകമായി.
ബിരുദപഠനം പൂര്‍ത്തിയാക്കി എറണാകുളം ലോ കോളേജില്‍ നിയമം പഠിക്കുന്നതിനിടെ കളി സീരിയസായി എടത്തു. അക്കാലത്ത് തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റിനോട് ആവേശമുള്ള മറ്റു ചിലരുമുണ്ടായിരുന്നു. അങ്ങനെ പാലസ് ഗ്രൗണ്ടില്‍ കളി തുടങ്ങി. പൊരിവെയിലത്തും അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി കളിച്ചു.
കുടുംബത്തിലും ക്രിക്കറ്റിന് ബന്ധമുണ്ട്. എസ്ബിഐ ഉദ്യോഗസ്ഥനായ ഏക മകന് രാംമോഹന്‍ ബാങ്ക് ടീമില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ക്രിക്കറ്റ് അക്കാദമി നടത്തുന്നു. മുന്‍ കേരള രഞ്ജി കോച്ച് പി. ബാലചന്ദ്രന് സഹോദരി രാധയുടെ മകനാണ്.
ക്രിക്കറ്റിലെ തന്റെ സുവര്‍ണ്ണ കാലമായി രവിയച്ചന് കാണുന്നത് 1952 മുതല്‍ 1970 വരെയുള്ള കാലയളവാണ്. നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയതിനൊപ്പം പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുമായി ബന്ധം സ്ഥാപിക്കാനും രവിയച്ചന് കഴിഞ്ഞിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി രവിയച്ചനെ ആദരിച്ചു. മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയില്‍ നിന്നാണ് ഈ ബഹുമതി ഏറ്റുവാങ്ങിയത്.
പാലിയത്തെ പിന്മുറ
എറണാകുളം ചേന്ദമംഗത്ത് ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന പ്രസിദ്ധമായ പാലിയം തറവാട്ടില്‍ 1928 മാര്‍ച്ച് 12ന് ജനനം. കൊച്ചി രാജകുടുംബാംഗം അനിയന് തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മക്കളില്‍ നാലാമനാണ് രവിയച്ചന്.
ജനനം ചേന്ദമംഗലത്തു ആയിരുന്നുവെങ്കിലും തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളില്‍ ആയിരുന്നു രവിയച്ചന്റെ ഒന്‍പതു വരെയുള്ള പഠനം. പത്താം തരം പഠിച്ചത് ചേന്ദമംഗലം പാലിയം ഹൈസ്കൂളിലും. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഇന്റര്‍മീഡിയറ്റിനു ശേഷം ബിരുദ പഠനത്തിനായി അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി രവിയച്ചനെ ആദരിച്ചു. മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയില്‍ നിന്നാണ് ഈ ബഹുമതി ഏറ്റുവാങ്ങിയത്.
ക്രിക്കറ്റിലും കലാ-സാംസ്കാരിക രംഗത്തും സജീവമായിരുന്ന രവിയച്ചന് മികച്ചൊരു ഇംഗ്ലീഷ് അധ്യാപകനും കൂടിയാണ്. ഭാഷയും കലാശാസ്ത്രവും ചരിത്രവും ഏറെ താല്പര്യമുള്ള വിഷയങ്ങളായിരുന്നു രവിയച്ചന്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ള അദ്ദേഹം നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ച് അറിവുകള്‍ പകരുന്നതിന് മാര്‍ഗനിര്‍ദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഘത്തിനൊപ്പം
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രാഷ്ട്രീയ സ്വയംസേവക സംഘ പ്രസ്ഥാനങ്ങളുമായി രവിയച്ചന് ബന്ധപ്പെട്ടു. അതിന് മുന്‍പുതന്നെ മകന് രാംമോഹനും മരുമകന് ബാലചന്ദ്രനും സംഘശാഖയില്‍ പോയിത്തുടങ്ങിയിരുന്നു. ബാലഗോകുലത്തിലൂടെയായിരുന്നു സംഘപരിവാര്‍ ബന്ധം തുടങ്ങിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെ ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു. വിശ്വഹിന്ദുപരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ്, തപസ്യ തൃപ്പൂണിത്തുറ ഘടകം രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ രക്ഷാധികാരിയാണ്. ഒന്നര പതിറ്റാണ്ടോളം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കൊച്ചി മഹാനഗര്‍ സംഘചാലകുമായിരുന്നു. കുരുക്ഷേത്രപ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടറുമായിരുന്നു.
കൂടാതെ, തൃപ്പൂണിത്തുറയിലെ കഥകളി ക്ലബ്, പൂര്‍ണ്ണത്രയീശ സംഗീതസഭ, പൂര്‍ണ്ണത്രയീശ സേവാസംഘം, ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷസ്ഥാനവും നിരവധി വര്‍ഷം രവിയച്ചന് അലങ്കരിച്ചിട്ടുണ്ട്.
നവതി ആഘോഷം
1928-ല്‍ കുംഭമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് ജനനം. നക്ഷത്രപ്രകാരം ഇന്നാണ് പിറന്നാള്‍. മാര്‍ച്ച് 10ന് വൈകിട്ട് 3.30ന് തൃപ്പൂണിത്തുറ അഭിഷേകം കണ്വെന്ഷന് സെന്ററിലാണ് നവതി ആഘോഷം. കേന്ദ്ര കൃഷി-സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ആഘോഷം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: