അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനും നരേന്ദ്ര മോദിയെ നേരിടാനും തെലങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവോ? ”ഞാന്‍ തയ്യാര്‍ നിങ്ങളോ?” എന്ന് കെസിആര്‍ എന്നറിയപ്പെടുന്ന കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. തെലങ്കാനാ മുഖ്യമന്ത്രിയായ, തെലങ്കാനാ രാഷ്ട്രീയ സമിതി (ടിആര്‍എസ്) എന്ന പാര്‍ട്ടിയുടെ തലവന്‍. ”ദേശീയ രാഷ്ട്രീയത്തിലേക്ക് വരാനും, ശുദ്ധവും ക്ഷേമപൂര്‍ണ്ണവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ാേതൃത്വം കൊടുക്കാനും ഞാന്‍ ഒരുക്കമാണ്,” എന്നാണ് കെസിആറിന്റെ പ്രഖ്യാപനം, കാരണം, ”ബിജെപിക്കോ കോണ്‍ഗ്രസിനോ, രാജ്യത്തെ കര്‍ഷകരുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല, കഴിയില്ല. അതിനാല്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ തയ്യാറാണ്.”
ടിആര്‍എസ് പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. മമതാ ബാനര്‍ജി, സുല്‍ത്താന്‍ ഒവൈസി, ഹേമന്ത് സൊരണ്‍ (ഝാര്‍ഖണ്ഡ്) തുടങ്ങിവര്‍ റാവുവിനെ നേതാവായി പ്രഖ്യാപിച്ചു. ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന് നേതൃത്വം നല്കാന് അവര്‍ റാവുവിനെ പിന്തുണയ്ക്കുന്നതായി പ്രസ്താവിച്ചു.
റാവുവും ആവേശത്തിലാണ്. താന്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ എങ്ങനെയാവണമെന്നും എങ്ങനെ ലക്ഷ്യം നേടാമെന്നും ചിന്തിക്കാന്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ പോവുകയാണ് റാവു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം എങ്ങനെയുണ്ടാക്കാം എന്നതാണ് ചിന്താവിഷയം.
റാവുവിനെ ആരൊക്കെ പിന്താങ്ങും. കോണ്‍ഗ്രസുണ്ടാവില്ല. ഒറ്റയ്ക്കു നില്‍ക്കുമെന്നും കൂട്ടു ചേരുമെന്നും പലതും പറയുന്ന മായാവതിയോ അഖിലേഷ് യാദവോ റാവുവിനെ അംഗീകരിക്കില്ല. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ റാവുവിനെ പിന്തുണയ്ക്കില്ല. തമിഴ്നാട്ടില്‍നിന്നോ ഒഡീഷയില്നിന്നോ സഹായം കിട്ടില്ല. അപ്പോള്‍പ്പിന്നെ…
മാത്രമല്ല റാവുവിന്റെ രാഷ്ട്രീയം മോദി വിരുദ്ധമല്ല. ബിജെപി വിരുദ്ധമല്ല. ബിജെപിയെ തോല്‍പ്പിക്കാനോ മോദിയെ ചെറുക്കാനോ അല്ല ലക്ഷ്യം പറയുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍മ്മിക്കാന്‍ കഴിയാത്ത ഇന്ത്യ നിര്‍മ്മിക്കലാണ്.
ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റു കുറയ്ക്കുക, ഒറ്റയ്ക്ക് ഭരണഭൂരിപക്ഷം ഇല്ലാതെ വരിക, മൂന്നാം മുന്നണി വരിക, അതിന്റെ തലപ്പത്ത് റാവുവിനെ കൊണ്ടുവരിക… ഇതെല്ലാമാണ് ചിലരുടെ പദ്ധതി. പക്ഷേ, റാവുവിന്റെ മനസില്‍ അങ്ങനെയൊന്നുമല്ലാ താനും.
ഇടതുപക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് മറ്റു ചെറുകക്ഷികളെ കൂട്ടി ബിജെപിയെ നേരിട്ട് കേന്ദ്രത്തല്‍ സര്‍ക്കാരുണ്ടാക്കുന്നത് സ്വപ്നം കാണുമ്പോഴാണ് ഒരു കൂട്ടര് റാവുവിനെ നേതാവാക്കാന്‍ നോക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷവും ഉപതെരഞ്ഞെടുപ്പുകളിലെ ചില വിജയങ്ങള്‍ക്കു ശേഷവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയേറ്റെടുക്കലിനു ശേഷവും ചിലര്‍ കെട്ടിപ്പൊക്കിയ കൃത്രിമ പ്രതിച്ഛായ തകര്‍ന്നു. മേഘാലയ-നഗാലാന്‍ഡ്-ത്രിപുര ഫലത്തോടെ അത് നിലംപരിശായി. കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി ബിജെപിയെ ചെറുക്കാനാവില്ലെന്നു തെളിഞ്ഞു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും കൂടി ചേര്‍ന്നാല്‍ ചിലതുനടക്കുമെന്നു കരുതിയത് ത്രിപുരയില്‍ പൊലിഞ്ഞു. അപ്പോഴാണ് റാവുവിന്റെ മനസു തുറക്കലില്‍ ചിലര്‍ ആശ്വാസം കൊള്ളുന്നത്.
പക്ഷേ, കെസിആര്‍ ആരാണ്. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന നരേന്ദ്രയോടൊപ്പം ചേര്‍ന്ന് ടിആര്‍എസ് പാര്‍ട്ടി രൂപീകരിച്ച് തെലങ്കാനാ സംസ്ഥാനത്തിനു വാദിച്ചയാളാണ്. നരേന്ദ്ര ഇടയ്ക്ക് അന്തരിച്ചു. റാവു മുന്നേറി. തെലങ്കാനയില്‍ നിയമസഭയിലേക്ക് വീണ്ടും വിജയിക്കാനുള്ള തന്ത്രത്തിനപ്പുറം റാവുവിന് ലക്ഷ്യമുണ്ടോ. അഥവാ ഉണ്ടെങ്കില്‍ റാവുവിന്റെ സ്വപ്നം സഫലമാകുമോ. 2019 പൊതു തെരഞ്ഞെടുപ്പുവരെ കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: