അഭിനേതാവായും നാടകകൃത്തായും നാടകവേദികളില്‍ നാലു പതിറ്റാണ്ടോളം ഭാവവിസ്മയം തീര്‍ത്ത കലാകാരനാണ് തൃശൂര്‍ വിശ്വം. നാടകാചാര്യന്മാരായ കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, തിലകന് തുടങ്ങിയവരുമായുള്ള അടുപ്പമാണ് വിശ്വത്തെ നാടകകൃത്താക്കി വളര്‍ത്തിയത്.
സ്കൂള്‍ കലോത്സവത്തില്‍ സ്വന്തമായി രചിച്ച കുട്ടിച്ചാത്തന് സേവയെന്ന നാടകം സമ്മാനം നേടുമ്പോള്‍ വിശ്വത്തിന് പ്രായം 13. ആ കുരുന്നിനുള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞാണ് തൃശ്ശൂര്‍ ആകാശവാണിയില്‍ മാസ്റ്റര്‍ ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുത്തത്. സ്കൂള്‍ വേദിയില്‍ നിന്നും ആരംഭിച്ച വിശ്വത്തിന്റെ നാടക ജീവിതം പലനാടുകളിലെ വേദികള്‍ കീഴടക്കി നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അഭിനയം നന്നായി വഴങ്ങുമെങ്കിലും എഴുത്തായിരുന്നു ഇഷ്ടം. പീച്ചി ത്രിവേണി തിയ്യറ്റേഴ്സിന്റെ വിളക്കുമാടം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടക നടനായി അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്തനായ ശ്രീമൂലനഗരം വിജയനായിരുന്നു അഭിനയത്തില്‍ ഗുരു.
അഭിനയത്തേക്കാള്‍ നാടക രചനയെ സ്നേഹിച്ച വിശ്വത്തിന്റെ എക്കാലത്തെയും മികച്ച നാടകം തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണലിന് വേണ്ടി രചിച്ച കൃഷ്ണതുളസിയായിരുന്നു. 1983 ല്‍ മികച്ച അവതരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും കൃഷ്ണതുളസിയെ തേടിയെത്തി. തിരുവനന്തപുരം കേരള തിയ്യറ്റേഴ്സ്, സ്വദേശാഭിമാനി, അഹല്യ, വൈക്കം മാളവിക, കോഴിക്കോട് കലാഭവന്‍, സോമ തുടങ്ങി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നാടകസമിതികള്‍ വിശ്വത്തിന്റെ രചനക്കായി കാത്തുനിന്നു. മികച്ച രചനക്കുള്ള നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്.
ടി.എന്‍.ഗോപിനാഥന് നായര്‍, മാള അരവിന്ദന്, ജഗന്നാഥവര്‍മ്മ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി വേദികളാണ് വിശ്വം പങ്കിട്ടത്. നാടകരംഗത്ത് സജീവമായിരിക്കുമ്പോള്‍ തന്നെ സീരിയലുകള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്. അഷ്ടപദിയും കഥകളിയും തായമ്പകയുമൊക്കെ കൂടിക്കലര്‍ന്ന കുടുംബത്തിലെ കണ്ണിയും സോപാന സംഗീതജ്ഞനും കൂടിയായ തൃശൂര്‍ വിശ്വം എന്ന വിശ്വനാഥ പൊതുവാള് ഇന്ന് കലാജീവിതത്തില്‍ നിന്നും മാറി കുടുംബസ്ഥനായി കഴിയുന്നു. വായനയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ ഇദ്ദേഹം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: