ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം സക്രിയമായതോടെ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധം രാഷ്‌ട്രീയ വിഷയമാക്കാന്‍ കര്‍ണ്ണാടത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സിദ്ധരാമയ്യാ സര്‍ക്കാര്‍ ചെലുത്തുന്നത്.
പ്രത്യേക അന്വേഷണ സംഘം (എസ്എടി) ‘പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന്’ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചതിനു പിന്നാലെ, വെടിയുണ്ടയുമായി അറസ്റ്റിലായ യുവാവിനെ കേസില്‍ പ്രതിയാക്കാന്‍ എസ്എടി തീരുമാനിച്ചുവെന്ന വാര്‍ത്തയും പരന്നു. ചില മാദ്ധ്യങ്ങളില്‍ മാത്രം വന്ന വാര്‍ത്തയ്‌ക്കു പിന്നിലും കോണ്‍ഗ്രസ്-സര്‍ക്കാര്‍ കൈകളുണ്ടെന്നാണ് സൂചനകള്‍.
കഴിഞ്ഞ ദിവസം, ഫെബ്രുവരി 18ന്, ദക്ഷിണ കര്‍ണ്ണാടകയില്‍നിന്ന് 37 വയസുള്ള കെ.ടി. നവീന്‍ കുമാര്‍ എന്ന യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വെടിയുണ്ടകളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. ക്രൈം ബ്രാഞ്ചിന്റെ സൂചന പ്രകാരമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇയാള്‍ക്ക് സനാതന്‍ സംസ്ഥ, ഹിന്ദു യുവസേന, ഹിന്ദു ജനജാഗൃതി സമിതി തുടങ്ങിയ ചില സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്എടി, നവീനിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുമെന്നാണ് വാര്‍ത്ത.
2017 സെപ്തംബര്‍ അഞ്ചിന് സ്വന്തം വീട്ടില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച കേസ് അന്വേഷണം ആറുമാസമായിട്ടും എങ്ങും എത്തിയിട്ടില്ല. കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് വരികയാണ്. ഹിന്ദു സംഘടനകള്‍ക്കെതിരേയും ബിജെപിയ്‌ക്കെതിരേയും വന്‍ പ്രചാരണം നടത്തിയതാണ് ലങ്കേഷ് വധത്തിന്റെ പേരില്‍. ഇനിയും സംസ്ഥാന അന്വേഷണം എങ്ങുമെത്താത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്‌ട്രീയ പ്രചാരണ പരിപാടികളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. കര്‍ണ്ണാടക സര്‍ക്കാരിനെതിരേ വന്‍ ജനമുന്നേറ്റത്തിനുള്ള തയ്യാറെടുപ്പ് ശക്തമായി. ഈ സാഹചര്യത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റ് നടത്തി, പ്രതിക്ക് സംഘപരിവാര്‍-ബിജെപി ബന്ധം സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പദ്ധതി. പോലീസിന് ഇതു സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദമുണ്ട്. വെടിയുണ്ടയുമായി പിടിയിലായ നവീന്‍ കുമാറിന് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമൊന്നുമില്ല. സനാതന്‍ സംസ്ഥ, ഹിന്ദു യുവസേന തുടങ്ങി നവീനിന് ബന്ധം ആരോപിക്കുന്ന സംഘടനകള്‍ സംഘപരിവാറില്‍ പെട്ടതുമല്ല. എന്നാല്‍, ഹിന്ദു സംഘടനാ ബന്ധം വഴി ബിജെപി വിരുദ്ധ പ്രചാരണം നടത്തി രാഷ്‌ട്രീയം കളിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
















