കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങള്‍ക്കും പാര്‍ലമെന്റിനുതന്നെയും മാതൃകയാകുന്നതരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭരണഘടനാധിഷ്ഠിതവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും അവലംബിച്ച് സംസ്ഥാനം വികസന ലക്ഷ്യപ്രാപ്തിയിലെത്താന്‍ നിയമസഭ ശ്രമിച്ചിട്ടുണ്ട്. ആറുപതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സങ്കീര്‍ണമായ രാഷ്ട്രീയ സമസ്യകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായിരുന്നു 2015 മാര്‍ച്ചില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ സംഭവിച്ചത്.
ബാര്‍കോഴ കേസിന്റെപേരില്‍ ഉണ്ടാക്കിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിപക്ഷമായ ഇടതുമുന്നണി സഭയ്ക്കുള്ളില്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് നിയമസഭയ്ക്ക് മാത്രമല്ല, ജനാധിപത്യ സംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കി. കെ.എം. മാണിയെ ഒരുതരത്തിലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിച്ചു. അത് നടപ്പാക്കാന്‍ ശ്രമിച്ചു. പക്ഷേ ഭരണസംവിധാനം ഉപയോഗിച്ച് മാണി സഭയ്ക്കുള്ളില്‍ എത്തി ബജറ്റ് പേരിന് അവതരിപ്പിച്ചു. ഇളിഭ്യരായ ഇടതുമുന്നണി എംഎല്‍എമാര്‍ പിന്നീട് കാട്ടിക്കൂട്ടിയത് ആന കരിമ്പിന് തോട്ടത്തില്‍ കയറിയമാതിരിയാണ്.
ആക്രോശിച്ച് അലറിയെത്തിയ എംഎല്‍എമാരെ കണ്ട് സ്പീക്കര്‍ ശക്തന് മുങ്ങി. സ്പീക്കറുടെ വേദിയിലേക്ക് ഇരമ്പികയറിയ എംഎല്‍എമാര്‍ കണ്ണില്‍ കണ്ടെതെല്ലാം അടിച്ചുതകര്‍ത്തു. ഇ.പി. ജയരാജനും കെ.ടി. ജലീലും ചേര്‍ന്ന് സ്പീക്കറുടെ കസേര ഉയര്‍ത്തിയെടുത്ത് താഴേക്കെറിഞ്ഞു. സഹപ്രവര്‍ത്തകരുടെ തോളിലൂടെ കയറി മേശമേല്‍ താണ്ഡവമാടിയ ശിവന്‍കുട്ടി പിന്നീട് സ്ട്രച്ചറിലാണ് പുറത്തേക്ക് പോയത്. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. അക്രമം കാണിച്ച എംഎല്‍എമാരെ ഉടന്‍ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാം. അതിനു പക്ഷേ അന്നത്തെ ഭരണകക്ഷി തയ്യാറായില്ല. ബാര്‍കോഴ കേസിലെ ഒത്തുതീര്‍പ്പ് ഇക്കാര്യത്തിലും സംഭവിച്ചു. സസ്പെന്ഷനുപകരം ആറ് എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുത്തു.
യഥാര്‍ത്ഥത്തില്‍ സഭയുടെയും സ്പീക്കറുടെയും അന്തസ്സ് കളയുന്നതായിരുന്നു കേസ്. ക്രിമിനല്‍ കേസ് എന്ന നിലയില്‍ നിലനില്‍ക്കുമെങ്കിലും അതിലും വലിയ ശിക്ഷ കുറ്റക്കാര്‍ക്ക് കൊടുക്കാന്‍ സ്പീക്കര്ക്കുതന്നെ കഴിയുമായിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം ആറ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അനേ്വഷിച്ചു. പ്രതികള്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കി. അക്രമം കാണിച്ച ആറുപേരില്‍ രണ്ടുപേരെ ഇടതുമുന്നണി അധികാരത്തില്‍വന്നപ്പോള്‍ മന്ത്രിമാരാക്കി. അതിലൊരാള്‍ ഇപ്പോഴും മന്ത്രിക്കസേരയില്‍ ഉണ്ട്. അന്ന് അക്രമം കാണിച്ച പി. ശ്രീരാമകൃഷ്ണന് ഇന്ന് സ്പീക്കര്‍!
അതിക്രമങ്ങളില്‍ പ്രതിയായ ശിവന്‍കുട്ടിയുടെ അപേക്ഷയനുസരിച്ച് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കോടതിയുടെ അനുമതിയോടെ ഇത് സാധ്യമാക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തടസ്സ ഹര്‍ജി നല്കി. തുടര്‍ന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വീണ്ടും കള്ളക്കളി നടന്നേക്കാം. സഭയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ജനാധിപത്യ പ്രക്രിയയെ കളിയാക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. അവരെ വെറുതെവിടുന്നത് തെറ്റായ സന്ദേശം നല്‍കും. പ്രതേ്യകിച്ച് പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് എഴുതിതള്ളാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: