പറവൂര്‍: ഒരാഴ്ചയായി പറവൂരിലെ ദേശീയപാതയില്‍ മുനിസിപ്പല്‍ കവല മുതല്‍ പറവൂര്‍ പാലം വരെയുള്ള വണ്‍വേ റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കു വണ്ടികള്‍ പോകുന്ന വണ്‍വേ റോഡില്‍ വൃന്ദാവന്‍ സ്റ്റോപ് മുതല്‍ പറവൂര്‍ പാലം വരെയുള്ള ഭാഗത്തെ റോഡില്‍ ടൈല്‍ വിരിച്ചു സൗന്ദര്യവല്‍ക്കരിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ കണ്ണന്‍കുളങ്ങര മാര്‍ക്കറ്റ് റോഡ് വഴിയാണ് പോകുന്നത്. ഇടുങ്ങിയ ഈ റോഡില്‍ ഇരുവശത്തു നിന്നും കണ്ടെയ്നര്‍ ലോറികളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നു വരുന്നതോടെ ഗതാഗതം സ്തംഭിക്കും.
ഒരു വണ്ടിക്കു തന്നെ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്ന റോഡില്‍ വലിയ വാഹനങ്ങള്‍ സമാന്തരമായി വരുന്നതോടെ കിലോമീറ്ററുകള്‍ നീളുന്ന വാഹന നിരയുണ്ടാകും. രണ്ടു ദിവസം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന ജോലി ഒരാഴ്ചയായിട്ടും അവസാനിച്ചില്ല. തിങ്കളാഴ്ച രാവിലെ പണി തീര്‍ന്നെങ്കിലും ചൊവ്വാഴ്ച വൈകുന്നേരവും റോഡ് ഗതാഗതത്തിനായി തുറന്നിട്ടില്ല.
പൊതുജനങ്ങളെ ഇത്രയേറെ കഷ്ടപ്പെടുത്തിയ ഈ റോഡ് നിര്‍മ്മാണം ഒരു പാഴ് വേലയാണെന്നു പറയുന്നു. കാരണം റോഡിനടിയില്‍ കിടക്കുന്ന ശുദ്ധജല വിതരണ കുഴലുകള്‍ തുടര്‍ച്ചയായി പൊട്ടുന്ന സ്ഥലമാണിവിടം. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ കുഴലാണ് ഈ റോഡിനടയിലൂടെ കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: