കൊച്ചി: സിപിഐ നേതാക്കളെയുംപ്രവര്ത്തകരെയും കരുതിക്കൂട്ടി ആക്രമിക്കുന്ന സിപിഎം നടപടി സിപിഐ ഇടതുമുന്നണി യോഗത്തില്‍ ഉന്നയിച്ചേക്കും. സിപിഎം വിട്ട് സിപിഐയില്‍ ചേര്ന്നവര്ക്കുനേരെയാണ് വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തിലാണ് സിപിഐയുടെ നീക്കം.
ഏറെ നാളായി സിപിഎമ്മും സിപിഐയും ജില്ലയില്‍ അത്ര രസത്തിലല്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാഴാഴ്ച തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലും ചര്‍ച്ചയാകും. എറണാകുളം ജില്ലയിലുണ്ടായ അക്രമങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്നാണ് സൂചന. ഇടത് മുന്നണിയിലുള്ള പാര്‍ട്ടിക്കാര്‍ക്ക് തന്നെ സിപിഎമ്മിന്റെ ഗുണ്ടായിസം കൊണ്ട് രക്ഷയില്ലെന്ന നിലപാടായിരിക്കും സിപിഐ നേതാക്കള്‍ ഉയര്‍ത്തുക. സിപിഎമ്മിന് ശക്തമായ താക്കീത് നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചേക്കും.
സിപിഎം ലോക്കല്‍ സെക്രട്ടറിസ്ഥാനം ഉപേക്ഷിച്ച് സിപിഐയില്‍ ചേര്‍ന്ന ഇ.ജി. സോമനെതിരെയാണ് ജില്ലയില്‍ ഒടുവില്‍ ആക്രമണം നടന്നത്. ഈ കേസില്‍ പിടിയിലായി നാലുപ്രതികളില്‍ മൂന്നുപേരും സിപിഎം ബ്രാഞ്ചംഗങ്ങളാണ്. ഒരാള്‍ നേരത്തെ സിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടയുമാണ്. സിപിഎമ്മിന്റെ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധവും ഇതിലൂടെ സിപിഐ ഉന്നയിക്കും.
സിപിഎമ്മില്‍ നിന്ന് വിട്ട് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ജില്ലയില്‍ സിപിഐയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതിലുള്ള സിപിഎം നേതൃത്വത്തിന്റെ അമര്‍ഷമാണ് ആക്രമണമായി പുറത്തുവരുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: