പ്രകൃതി ജീവനത്തിന്റെ വേരുകള്‍ ഭാരതത്തിന്റെ മണ്ണിലാണെങ്കിലും ഏറെക്കാലങ്ങളോളം അത് നമുക്ക് മുന്നില്‍ നിന്ന് മറഞ്ഞു കിടന്നു. ഭാരതീയ പ്രകൃതി ജീവനത്തിന്റെ പിതാവ് ആചാര്യ ലക്ഷ്മണ ശര്‍മ്മയാണ് പിന്നീട് ഇതിനൊരു മാറ്റം വരുത്തിയത്. നമ്മുടെ വേദഗ്രന്ഥങ്ങളില്‍ നിന്ന് അദ്ദേഹം കണ്ടെത്തിയ പ്രതിവിധികളും നിഷ്ഠകളുമൊക്കെയാണ് ഭാരതീയ പ്രകൃതി ജീവനത്തിന്റെ അടിസ്ഥാനം. ലക്ഷ്മണ ശര്‍മ്മ സംസ്കൃതത്തില്‍ രചിച്ച ഗ്രന്ഥങ്ങള്‍ ആധാരമാക്കി അദ്ദേഹത്തിന്റെ മകന് ഗണേശ് ശര്‍മ്മയും പ്രകൃതിജീവനത്തിന്റെ പരിപോഷണത്തിനായി ജീവിതം മാറ്റിവെച്ചു. പുതിയ രോഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രകൃതി ജീവനം പകര്‍ന്ന് നല്‍കുന്നത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോഗങ്ങളെ കീഴ്പ്പെടുത്താനുള്ള മാര്‍ഗ്ഗമാണ്. അച്ഛന് ഗണേശ് ശര്‍മ്മയുടേയും മുത്തച്ഛന് ലക്ഷ്മണ ശര്‍മ്മയുടേയും പാത പിന്തുടര്ന്ന് ഭാരതീയ പ്രകൃതി ജീവനശാഖയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത വ്യക്തിത്വമാണ് ഡോ. അരുണ്‍ ശര്‍മ്മ. അമേരിക്കയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മഹായോഗ ആന്‍ഡ് നാച്വറല്‍ ഹൈജീന്‍ എന്ന സ്ഥാപനത്തിന്റെ സാരഥിയായ അദ്ദേഹം ആയിരക്കണക്കിന് പരിശീലന ക്യാമ്പുകളിലൂടെയും സെമിനാറുകളിലൂടെയും പ്രകൃതി ജീവനത്തെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഡോ. അരുണ്‍ ശര്‍മ്മയുമായുള്ള അഭിമുഖം.
എന്താണ് പ്രകൃതി ജീവനം?
പ്രകൃതി ജീവനമെന്നാല് രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനുള്ള ഒരു സംവിധാനത്തിലുപരി പ്രകൃതി ധര്‍മ്മ പ്രകാരം ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ലളിതമായ ജീവിതരീതി മാത്രമാണ്. ആയുര്‍വ്വേദമടക്കം എല്ലാ വൈദ്യശാസ്ത്രങ്ങളും രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. അതേസമയം രോഗശമനത്തിനായി പ്രത്യേക ചികിത്സാ രീതികളൊന്നും പ്രകൃതി ജീവനത്തിലില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രക്രിയകള്‍ക്കിടെ സ്വയമേവ വന്നുചേരുന്ന ഒന്നാണ് രോഗശാന്തി. ഇവിടെ ഒരേയൊരു വൈദ്യനേയുള്ളൂ. അത് രോഗി തന്നെയാണ്. ശാരീരികവും
മാനസികവും ആത്മീയവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതും അയാള്‍ തന്നെ. നല്ല ആഹാരത്തിലൂടെ, ചിട്ടയായ ജീവിത ശൈലിയിലൂടെ, മനസ്സിനിണങ്ങിയ പ്രവര്‍ത്തികളിലൂടെയും മാത്രമേ ആരോഗ്യ നില മെച്ചപ്പെടുത്താനാവൂ. ഇതിനായി പ്രകൃതി ജീവനം നമ്മെ പാകപ്പെടുത്തുന്നു. ഭൂമിയില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന ആരോഗ്യ സംരക്ഷണ സമ്പ്രദായമാണിത്. മനുഷ്യര്‍ ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും അനുവര്‍ത്തിച്ചു പോരുന്ന ജീവിത ശൈലിയും ഇത് തന്നെ.
ഭാരതീയ പ്രകൃതിജീവനത്തിന്റെ പിതാവും താങ്കളുടെ മുത്തച്ഛനുമായ ലക്ഷ്മണ ശര്‍മ്മയെ കുറിച്ച്
120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വദേശമായ പുതുക്കോട്ടയില്‍ അഭിഭാഷകനായി പരിശീലനം നടത്തിയിരുന്നു അദ്ദേഹം. ഇതിനിടെ അജീര്‍ണ്ണം പിടിപെട്ട് മുത്തച്ഛന് ഏറെ കഷ്ടപ്പെട്ടു. അക്കാലത്ത് അജീര്‍ണ്ണം പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളൊന്നും ഇല്ലായിരുന്നു. രോഗം അദ്ദേഹത്തെ ഏറെ നിരാശനാക്കി. അങ്ങനെയിരിക്കെയാണ് ജര്‍മ്മന്‍കാരനായ ലൂയി കൂര്ണിയുടെ ദി ന്യൂ സയന്‍സ് ഓഫ് ഹീലിങ്ങ് എന്ന പുസ്തകം വായിക്കാന്‍ ഇടയായത്. വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ പല വരികളും അദ്ദേഹത്തെ ആകര്‍ഷിച്ചു. അതില്‍ ഒന്ന് രോഗം നിങ്ങളുടെ സുഹൃത്താണ് എന്നതായിരുന്നു. വേദനയും ദുരിതവും മാത്രം തരുന്ന രോഗം എങ്ങനെയാണ് നമ്മുടെ സുഹൃത്താകുക എന്ന ആര്‍ക്കും തോന്നിയേക്കാവുന്ന സംശയമായിരുന്നു അദ്ദേഹത്തിനും. എന്നാല്‍ അതിനുളള ഉത്തരവും പുസ്തകത്തില്‍ തന്നെയുണ്ടായിരുന്നു.
നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ നാം തന്നെയാണ്. നമ്മുടെ പ്രവര്‍ത്തികള്‍ പല വിധത്തില്‍ ശരീരത്തില്‍ പ്രതിഫലിക്കുന്നു. നമ്മുടെ ശീലങ്ങളെ ഒന്ന് പുനഃക്രമീകരിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കുക അത്ര കഠിനമല്ലെന്നും ആ പുസ്തകം അദ്ദേഹത്തെ പഠിപ്പിച്ചു. അങ്ങനെ അതിലെ നിര്ദ്ദശങ്ങള് അതേപടി അനുസരിച്ചു. ഒരു മാസം കൊണ്ട് എല്ലാ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തനായി. തുള്ളികളായി ജലം സേവിക്കുന്ന ദാഹശമന എന്ന ഭാരതീയ ആചാരത്തിന് സമാനമായ നിഷ്ഠയടക്കം ദി ന്യൂ സയന്‍സ് ഓഫ് ഹീലിങ്ങില്‍ പറഞ്ഞിരുന്ന പലകാര്യങ്ങളും പുരാതന ഭാരതീയ സംസ്കാരത്തിലെ അനുഷ്ഠാനങ്ങളാണ് എന്നതും അദ്ദേഹത്തെ ഏറെ അത്ഭുതപ്പെടുത്തി.
മുപ്പത് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വേദ-പുരാണങ്ങളില്‍ നിന്ന് നിരവധി രോഗപ്രതിവിധികള്‍ കണ്ടെത്തി. അവയെ സംസ്കൃത ശ്ലോകങ്ങളായി അദ്ദേഹം എഴുതിവെച്ചു. ആചാര്യ ലക്ഷ്മണ ശര്മ്മയാല് എഴുതപ്പെട്ട ആയിരത്തി അറുനൂറോളം ശ്ലോകങ്ങളാണ് ആധുനിക ഇന്ത്യന്‍ പ്രകൃതി ജീവന ശാഖയുടെ അടിത്തറ. മറ്റു വൈദ്യ ശാസ്ത്ര ശാഖകളുടെ പോരായ്മകള്‍ കണ്ടുപിടിക്കുകയല്ല, പ്രകൃതി ജീവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം എങ്ങനെ സ്വന്തമാക്കാം എന്ന വിഷയത്തില്‍ നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. സാധാരണക്കാരിലേക്ക് പ്രകൃതി ജീവനം എത്തിക്കുന്നതിന്റ ഭാഗമായി ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു. മുത്തച്ഛനു പിന്നാലെ എന്റെ അച്ഛനും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും പ്രകൃതി ജീവനത്തെ ജനകീയമാക്കുവാന്‍ ഏറെ പ്രയത്നിച്ചു. അവര്‍ പകര്‍ന്ന് നല്കിയ അറിവുകള്‍ ആധാരമാക്കിയാണ് ഞാനും പ്രവര്‍ത്തിക്കുന്നത്.
മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം എന്താണ്?
രോഗങ്ങളെ സമീപിക്കുന്ന രീതിയാണ് ആദ്യം മാറേണ്ടത്. രോഗങ്ങള്‍ എന്നും നമുക്കുള്ളില്‍ തന്നെയുണ്ടെങ്കിലും അനാവശ്യ ഇടപെടലാണ് അവയെ അപകടകാരികളാക്കുന്നത്. ക്യാന്‍സര്‍ ഒരു മാരക രോഗമാണെന്നാണ് പൊതുധാരണ. എന്നാല്‍ ഞങ്ങള്‍ ഇതിനെ കാണുന്നത് ഏറ്റവും കുറച്ചുമാത്രം ഭയപ്പെടേണ്ട ഒന്നായാണ്. പക്ഷെ രോഗ പ്രതിരോധത്തിനായി പ്രകൃതി നല്‍കിയിരിക്കുന്ന സംവിധാനങ്ങളിലുള്ള നമ്മുടെ ഇടപെടലാണ് അവിടെയും പ്രശ്നം. ക്യാന്‍സറിന് ഹേതുവാകുന്ന എല്ലാത്തിനേയും ശരീരം ഒരു പ്രത്യേക കോശത്തിലേക്ക് ആഗീരണം ചെയ്യുന്നു. അങ്ങനെ അവ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതും അശുദ്ധമാക്കുന്നതും തടയുന്നു. ഈ വിധമാണ് ശരീരം സ്വയം ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ബയോപ്സിയിലൂടെ അപകടകരമായ കോശങ്ങളെ ട്യൂമറിന് പുറത്ത് കൊണ്ടുവരുന്നതിലൂടെയാണ് രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്. നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ ക്യാന്‍സറിനെ കണ്ടില്ലെന്ന് നടിച്ച് വെറുതെയിരുന്നാലും അപകടമാണ്. ഒരിക്കല്‍ രോഗം ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ ഉടന്‍ ചിട്ടയായ ജീവിതം അവലംബിക്കുക. അങ്ങനെ മാത്രമേ രോഗാവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് കടക്കാനും കൂടുതല്‍ ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കാനും സാധിക്കൂ.
പ്രകൃതി ചികിത്സ എങ്ങനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാം?
ഓരോ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമ്പോഴും ഒത്തിരി പേര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. കുറച്ച് പേര് തുടര്‍പഠനം നടത്തി മറ്റുള്ളവരിലേക്കു കൂടി പ്രകൃതി ജീവനത്തിന്റെ അറിവുകള്‍ പകര്‍ന്ന് നല്കുന്നു. പ്രകൃതി ജീവനം അനുവര്‍ത്തിക്കുമ്പോള്‍ നിഷ്ഠകളും ചിട്ടകളും ക്രമാനുസരണം പാലിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ ഒരു ആചാര്യന്റെ സഹായം കൂടിയേ തീരു. അതിനാല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കൂടി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പാകത്തിന് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.
പ്രകൃതി ജീവനത്തിലെ ഔഷധങ്ങള്‍?
പ്രകൃതി ജീവനത്തില്‍ അഞ്ച് ഔഷധങ്ങളാണുള്ളത്. ശൂന്യത,വായു,സൂര്യ പ്രകാശം,വെള്ളം,ഭൂമി. നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നതും ഇവ കൊണ്ടാണ്.
കലശലായ അസുഖങ്ങളില്‍ ശൂന്യതയാണ് പ്രധാന ഔഷധം. നാം ശൂന്യത കൈവരിക്കുന്നത് ഉപവാസത്തിലൂടെയാണ്. ഭക്ഷണം കഴിക്കാതെ വയറിനെ ശൂന്യമാക്കിയിടുമ്പോള് ദഹന പ്രക്രിയയിലെ തകരാറുകള്‍ ദൂരീകരിക്കപ്പെടുന്നു. അങ്ങനെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നു.
അവസാന ഔഷധമായ ഭൂമി ഒഴികെ ശൂന്യത, വായു, സൂര്യപ്രകാശം, ജലം എന്നിവ നേരിട്ട് സേവിച്ചുകൊണ്ടാണ് പ്രധാനമായും രോഗാവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നത്. മറ്റ് ചികിത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതി ജീവനത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു രൂപ പോലും ചെലവില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സസ്യേതര വിഭവങ്ങള്‍ ദോഷം ചെയ്യുമോ?
സസ്യേതര ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ട് ദോഷങ്ങളൊന്നുമില്ല. മാംസഭുക്കുകളായ മൃഗങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. വേട്ടയാടി പിടിക്കുന്ന ഇരയെ ഭക്ഷണമാക്കിയാല്‍ ദിവസങ്ങളോളം പിന്നെ മറ്റൊന്നും തിന്നാതെ അവ വയറ് ശൂന്യമാക്കിയിടും. അതേസമയം നമ്മള് മനുഷ്യരാകട്ടെ കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുന്‍പ് അടുത്ത ഊണിനായി തയ്യാറായിക്കഴിഞ്ഞിരിക്കും. ഇത് തീര്‍ത്തും അപകടം നിറഞ്ഞ രീതിയാണ്. അമിതമായി പാകം ചെയ്യാത്ത വിഷരഹിതമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തന്നെയാണ് ആരോഗ്യത്തിന് ഉത്തമം.
എന്താണ് രോഗം?
ശുദ്ധമായ ശരീരത്തിലുള്ള ജീവന്റെ പ്രവര്‍ത്തനമാണ് ആരോഗ്യം. അതുപോലെ അശുദ്ധമായ ശരീരത്തിലെ ജീവന്റെ പ്രവര്‍ത്തനമാണ് രോഗം.
ഇന്ന് രോഗശാന്തിക്കായി നാം ചെയ്യുന്ന പല പ്രതിവിധികളുടെയും അന്തിമ ഫലം മറ്റൊരു രോഗമായിരിക്കും. എന്നാല്‍ ഭേദമാകേണ്ട അസുഖത്തിനൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും മറ്റെല്ലാ പ്രശ്നങ്ങളും പ്രകൃതി ചികിത്സയിലൂടെ അകലുന്നു.
വേദങ്ങള്‍ അനുസരിച്ച് രണ്ട് രീതികളിലാണ് ശരീരം പ്രതികരിക്കുക. ഒന്ന് തല്‍ക്ഷണ പ്രതികരണവും അന്തിമ പ്രതികരണവും. മദ്യപാനം പോലുള്ള ശീലങ്ങള്‍ തുടക്കത്തില്‍ പ്രദാനം ചെയ്യുന്ന ഉന്മാദം നല്ലതാണെന്ന് തോന്നിയേക്കാം. എന്നാല്‍ അത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെയാകും ഭാവിയില്‍ ബാധിക്കുക. ശരീരം ഒരു പ്രവൃത്തിയോട് തല്‍ക്ഷണം നല്ല രീതിയില്‍ പ്രതികരിച്ചാലും അന്തിമമായ പ്രതികരണം മോശമാണെങ്കില്‍ അത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുകയാണ് നല്ലത്. ശാരീരിക അഭ്യാസ മുറകള്‍ തുടക്കത്തില്‍ ശരീരത്തില്‍ ചെറിയ വേദനകള്‍ ഉണ്ടാക്കിയേക്കാം, എന്നാല്‍ അവ തരുന്ന അന്തിമ ഫലം ഉത്തമമായിരിക്കും. അതുകൊണ്ട്തന്നെ പ്രകൃതി ചികിത്സ അനുശാസിക്കുന്നതും അന്തിമ ഫലം ലക്ഷ്യംവെച്ചുള്ള പ്രവൃത്തികള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: