കഗിലിയാരി: കഗിലിയാരിയെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് കീഴടക്കി നാപ്പോളി സീരീ എ ലീഗില്‍ തുടര്‍ച്ചയായ പത്താം വിജയം ആഘോഷിച്ചു. ഒന്നാം സ്ഥാനത്ത് തുടരുന്ന നാപ്പോളിക്ക് ഈ വിജയത്തോടെ, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസിനെക്കാള്‍ നാലു പോയിന്റ് ലീഡായി. യുവന്റസിന് ഇനി ഒരു കളികൂടിയുണ്ട്്.
ജോസ് കലിജോണിന്റെ ഗോളില്‍ നാപ്പോളി മുന്നിലെത്തി. 29-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ആദ്യ പകുതിയവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ മെര്‍ട്ടന്‍സിന്റെ ഗോളില്‍ നാപ്പോളി ലീഡ് 2-0 ആക്കി.
61-ാം മിനിറ്റില്‍ നാപ്പോളി ക്യാപ്റ്റന്‍ ഹാംസക്ക് ഗോള്‍ നേടിയതോടെ ലീഡ് 3-0 ആയി ഉയര്‍ന്നു. ഒമ്പതു മിനിറ്റുകള്‍ക്ക് ശേഷം ലോറന്‍സോ പെനാല്‍റ്റി ഗോളാക്കി. അവസാന നിമിഷങ്ങളില്‍ ഫ്രീക്കിക്കിലൂടെ മാരിയോ റൂയി നാപ്പോളിയുടെ അഞ്ചാം ഗോളും കുറിച്ചു.
ഈ വിജയത്തോടെ നാപ്പോളിക്ക് 26 മത്സരങ്ങളില്‍ 69 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുവന്റസിന് 25 മത്സരങ്ങളില്‍ 65 പോയിന്റുണ്ട്. ഈ തോല്‍വിയോടെ കഗിലിയാരി
14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 26 മത്സരങ്ങളില്‍ 25 പോയിന്റുണ്ട്.
















