ഒരു പട്ടിണിപ്പാവത്തിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. അപ്പോഴാണ് സിപിഎം സംസ്ഥാന സമ്മേളനം ആര്‍ഭാടപൂര്‍വ്വം തൃശൂരില്‍ നടത്തിയത്. അട്ടപ്പാടിയിലെ വനവാസി യുവാവിനെ കാട്ടില്‍ നിന്നും പിടികൂടി കൈകള്‍ വരിഞ്ഞുകെട്ടിയാണ് മലയിറക്കിനാട്ടിലെത്തിച്ചത്. മധു എന്ന യുവാവിനെ അടിച്ച് വാരിയെല്ല് പൊട്ടിച്ചും തലയോട് തകര്‍ത്തും കൊന്നതിനെ ചൊല്ലി പാര്‍ട്ടി സമ്മേളനത്തില്‍ കാര്യമായി ആകുലതകളൊന്നും ഉയരാത്തതില്‍ ആശ്ചര്യമില്ല. കാരണം വനവാസികള്‍ക്ക് തെരുവുപട്ടികള്‍ക്കുള്ള പരിഗണനപോലും നല്‍കാതെ പട്ടിണിയിലേക്കും മാറോരോഗങ്ങളിലേക്കും തള്ളിവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സിപിഎമ്മിനും മാറിനില്ക്കാന് കഴിയില്ലല്ലോ. പേരിനൊരു പ്രമേയം പാസാക്കി. അതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളിലാണ് സിപിഎമ്മിന് ആശങ്ക. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജനപ്പെരുപ്പം അനുഭവപ്പെടുമ്പോള്‍ ചിലവിഭാഗം വനവാസികളുടെ സംഖ്യ അനുദിനം കുറയുന്നു. പ്രലോഭിപ്പിച്ച് മതം മാറ്റിയും മരുന്നും ഭക്ഷണം ലഭിക്കാതെ അകാലമൃത്യുവിലേക്ക് തള്ളിവിടുകയും ചെയ്യുന്നതുമൂലമാണിത്. മധു മനോരോഗിയാണെന്നും പത്തുപന്ത്രണ്ട് വര്‍ഷമായി കാട്ടിലാണ് അന്തിയുറക്കമെന്നും പ്രചരിപ്പിക്കുന്നുണ്ട്. മധുവിന് മനോരോഗമുണ്ടെങ്കില്‍ അതിനുത്തരവാദി സമൂഹവും സര്‍ക്കാരുകളുമാണെന്നതില്‍ സംശയമില്ല.
മധുവിനെപോലെ ഏതാണ്ട് 262 പേര് അട്ടപ്പാടിയില്‍ അലഞ്ഞുതിരിയുന്നുണ്ടത്രെ. എന്തേ അവര്‍ക്കായി ഒരു പുനരധിവാസ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്കായില്ല? പണമില്ലാഞ്ഞിട്ടല്ലല്ലോ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ വനവാസി ക്ഷേമത്തിനായി അനുവദിക്കാറുണ്ട്. അതൊക്കെ എങ്ങോട്ടുപോകുന്നു എന്നാണ് പൊതുജനത്തിനറിയേണ്ടത്. പരിഷ്കരണത്തെക്കുറിച്ച് ഏറെ ബോധ്യമില്ലാത്ത നിരക്ഷരരായ ഒരു സമൂഹത്തിന് അത്താണിയാകേണ്ടവര്‍ അന്തകരായി മാറി. വിവരവും വിദ്യാഭ്യാസവുമുണ്ടെന്നവകാശപ്പെടുന്നവര്‍ വനവാസികളുടെ അജ്ഞത മുതലെടുത്ത് അവര്‍ക്കവകാശപ്പെട്ടത് തട്ടിയെടുക്കുന്നതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനവാസികളുടെ ഭൂമി ചുളുവില്‍ തട്ടിയെടുക്കാന്‍ കള്ളും കഞ്ചാവും നല്കി അവരെ ബോധരഹിതരാക്കുന്നു. വനമേഖലയിലെ കറുത്തമുത്തുകളെ വലവീശി വശീകരിച്ച് ചതിയിലാക്കുന്നു. അവിവാഹിതകളായ അമ്മമാര്‍ അട്ടപ്പാടിയിലും വയനാടിലുമെല്ലാം ഏറെയാണ്. ആ ചതിയന്മാരില് ഒരാളെ പോലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ക്കായിട്ടില്ല.
കൊല്ലപ്പെട്ട മധു ഉള്‍പ്പെട്ട ഗോത്രവര്‍ഗമായ കുടുംബി സമുദായത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ചുവര്‍ഷം മുമ്പ് 12 കോടി രൂപയുടെ പാക്കേജ് സമര്‍പ്പിച്ചിരുന്നു. 450 കുടുംബങ്ങളിലായി രണ്ടായിരം പേര്‍ക്ക് അനുവദിച്ചതാണ് ഈ തുക. എന്നാല്‍ അര്‍ഹതപ്പെട്ടവരുടെ ക്ഷേമത്തിന് ഈ തുക വിനിയോഗപ്പെടുത്തിയില്ല. ഇതില്‍ 11 കോടി രൂപ ചെലവാക്കിയത് എട്ടുകിലോമീറ്റര്‍ റോഡുവെട്ടുന്നതിനാണ്. എന്നുവച്ചാല്‍ കയ്യേറ്റക്കാര്‍ക്കും വനകൊള്ളക്കാര്‍ക്കും യഥേഷ്ടം കടന്നുവരാനുള്ള സൗകര്യം നല്കി എന്ന് സാരം. വനവാസികള്‍ക്ക് റോഡിനേക്കാള്‍ പ്രാധാന്യം കെട്ടുറപ്പുള്ള കൂരയാണ്. അല്ലലില്ലാതെ ജീവിക്കാനുള്ള വരുമാനമാര്‍ഗമാണ്. അതൊന്നും സജ്ജമാക്കാതെ വനവാസികളെ മനോരോഗികളാക്കാനും കാട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിപ്പായിക്കാനുമാണ് സംസ്ഥാനം മാറിമാറി ഭരിച്ചവരുടെ മൗനാനുവാദത്തോടെ കയ്യേറ്റക്കാര്‍ പ്രയത്നിച്ചത്. ഇവിടെയാണ് വനവാസികള്‍ക്കായി നീക്കിവച്ച ഫണ്ടുകളെക്കുറിച്ച് ധവളപത്രം വേണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആവശ്യം പ്രസക്തമാകുന്നത്. പക്ഷേ, ഈ ഒരാവശ്യം കേരളത്തിലെ ഭരണകക്ഷി അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. ഔദ്യോഗിക പ്രതിപക്ഷമാകട്ടെ അതിന് നിര്‍ബന്ധിക്കുമെന്ന് വിശ്വസിക്കാനും പറ്റില്ല. രണ്ടും ഒരേ കള്ളനാണയത്തിന്റെ ഇരുവശമാണല്ലോ. ഏതായാലും തൃശൂരില്‍ ചേതനയറ്റ ഒരു വനവാസി യുവാവ് മോര്‍ച്ചറി വരാന്തയില്‍ അവഗണനയും പേറി കിടക്കുമ്പോള്‍ പഞ്ചനക്ഷത്രസംവിധാനങ്ങളോടെ സമ്മേളനം പൊടിപൊടിച്ച പാര്‍ട്ടിയെക്കുറിച്ച് സഹതപിക്കുകയല്ലാതെ എന്തുചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: