സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം നിര്‍ണയിച്ചിരിക്കുന്നത് ഭരണഘടനയുടെ രണ്ടാം പട്ടികയിലാണ്. അതുകൊണ്ട് ഭരണഘടനയുടെ ഭാഗമായ രണ്ടാംപട്ടിക പൂര്‍വ്വകാല പ്രാബല്യത്തോടെ സാമ്പത്തിക ഭാരമുണ്ടാക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യാമോ എന്ന ചോദ്യം ‘ജഡ്ജിമാര്‍ ഉദ്യോഗസ്ഥരോ’ (12-02-2018) എന്ന ‘ജന്മഭൂമി’ ലേഖനത്തില്‍ ഉന്നയിച്ചുകാണുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതികളിലെ ജഡ്ജിമാരുടെയും ശമ്പളത്തെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത് ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ യഥാക്രമം 125,221 എന്നിവയിലാണ്.
1986-ലെ 54-ാം നമ്പര്‍ ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതുവരെ അനുച്ഛേദങ്ങള്‍ 125, 221 അനുസരിച്ച് സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം ഭരണഘടന രണ്ടാം പട്ടികയില്‍ നിശ്ചയിച്ച പ്രകാരമായിരുന്നു. അതുകൊണ്ട് ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് ഭരണഘടന രണ്ടാം പട്ടിക ഭേദഗതി ചെയ്യണമായിരുന്നു. 1986- ലെ 54-ാം നമ്പര്‍ ഭരണഘടനാ ഭേദഗതികൊണ്ട് എന്തുസംഭവിച്ചു എന്നുനോക്കാം.
125, 221 എന്നീ അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യുന്നതായിരുന്നു 54-ാം ഭരണഘടനാ ഭേദഗതി. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം ഭരണഘടന രണ്ടാം പട്ടികയില്‍ നിശ്ചയിച്ച പ്രകാരമായിരിക്കും എന്നതിനു പകരം, അവരുടെ ശമ്പളം പാര്‍ലമെന്റ് നിയമം വഴി നിശ്ചയിക്കുന്ന തുകയായിരിക്കുമെന്നും, അപ്രകാരം പാര്‍ലമെന്റ് വ്യവസ്ഥ ചെയ്യുന്നതുവരെ അവരുടെ ശമ്പളം ഭരണഘടന രണ്ടാം പട്ടികയില്‍ നിശ്ചയിച്ച പ്രകാരമായിരിക്കുമെന്നതാണ് 125, 221 എന്നീ അനുച്ഛേദങ്ങള്‍ക്കു വന്ന ഭേദഗതി. ഈ അനുച്ഛേദങ്ങള്‍ക്ക് ഭേദഗതി വരുത്തിയശേഷം, പാര്‍ലമെന്റ് സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതികളിലെ ജഡ്ജിമാരുടെയും ശമ്പളത്തെ സംബന്ധിച്ച് നിയമമുണ്ടാക്കി. അത് 1998 ലെ 18-ാം നമ്പര്‍ ആക്ട് പ്രകാരമാണ്.
ഈ ആക്ട് അനുസരിച്ച് ‘ഹൈക്കോര്‍ട്ട് ജഡ്ജസ് (കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്ട്-1954’ ല്‍ 13എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തു. പുതിയ 13എ എന്ന വകുപ്പനുസരിച്ച് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ ശമ്പളം പ്രതിമാസം 30,000 രൂപ എന്നും, ഇതര ജഡ്ജിമാരുടെ ശമ്പളം പ്രതിമാസം 26,000 രൂപ എന്നും, വ്യവസ്ഥ ചെയ്തു. അതുപോലെ ‘സുപ്രീംകോടതി ജഡ്ജസ് (കണ്ടീഷന്‍സ് ഓഫ് സര്‍വീസ്)ആക്ട് 1958’-ല്‍ 12എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തു. പുതിയ 12എ വകുപ്പ് അനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 33,000 രൂപ എന്നും, ഇതര ജഡ്ജിമാരുടെ ശമ്പളം 30,000 രൂപ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. മുന്‍പറഞ്ഞ 1954- ലെ ആക്ടിന്റെയും 1958-ലെ ആക്ടിന്റെയും വ്യാപ്തി വര്‍ധിപ്പിച്ച് ശമ്പള വിഷയംകൂടി പ്രസ്തുത ആക്ടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്റ് ഇങ്ങനെ നിയമം ഉണ്ടാക്കിയതുമൂലം സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളത്തെ സംബന്ധിച്ച് ഭരണഘടന രണ്ടാംപട്ടികയില്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളത്തിന്റെ പ്രസക്തി ഭരണഘടന 125,221 എന്നീ അനുച്ഛേദങ്ങളനുസരിച്ച് ഇല്ലാതായി.
1998-ലെ 18-ാം നമ്പര്‍ ആക്ട് നിലവില്‍ വന്നത് 1996 ജനുവരി ഒന്നിനാണ്. ഇതിനുശേഷം സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളത്തില്‍ മാറ്റം വരുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല. മേല്‍പ്പറഞ്ഞ ആക്ടുകളിലെ 12എ എന്ന വകുപ്പും 13എ എന്ന വകുപ്പും ഭേദഗതിചെയ്താല്‍ മതി എന്നതായി നിയമം. അതുകൊണ്ട് 2009-ല്‍, High Court Judges (Salaries and conditions of service) Act-1954, Supreme Court Judges (Salaries and conditions of service ) Act -1958 എന്നിവയില്‍ യഥാക്രമം 13 എ, 12എ എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം 33,000 രൂപ എന്നത് 1,00,000 രൂപയായും, സുപ്രീംകോടതിയിലെ ഇതര ജഡ്ജിമാരുടെ ശമ്പളം 30,000 രൂപ എന്നത് 90,000 രൂപയായും വര്‍ധിപ്പിച്ചു. ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസുമാരുടെ ശമ്പളം 30000 രൂപ എന്നത് 90000 ആയും ഇതര ജഡ്ജിമാരുടെ ശമ്പളം 26000 എന്നത് 80000 ആയും ഭേദഗതി ചെയ്തു. ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം, അങ്ങനെ നിയമനിര്‍മാണം നടത്തി വ്യവസ്ഥ ചെയ്തിരിക്കുന്ന ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല. ഭരണഘടന 125, 222 എന്നീ അനുച്ഛേദങ്ങള്‍ക്ക് ഭേദഗതി വരുത്തിയിരുന്നില്ലെങ്കില്‍ ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് ഭരണഘടന രണ്ടാം പട്ടിക ഭേദഗതി ചെയ്യേണ്ടിവരുമായിരുന്നു.
പൂര്‍വകാല പ്രാബല്യത്തോടെ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭകള്‍ക്കും പാര്‍ലമെന്റിനും അധികാരമുണ്ട്. എന്നാല്‍ അപ്രകാരം പൂര്‍വകാല പ്രാബല്യത്തോടെ നിയമമുണ്ടാക്കുമ്പോള്‍ നിക്ഷിപ്ത അവകാശതാല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടാകരുത്. പൂര്‍വകാല പ്രാബല്യത്തോടെ നിയമമുണ്ടാക്കുന്നതിന് മുന്‍പ്, അപ്രകാരം ചെയ്യുന്നതിന് എന്തെങ്കിലും വിലക്കുകള്‍ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. പൂര്‍വകാല പ്രാബല്യത്തോടെ ഒരു നിയമം ഉണ്ടാക്കുന്നതിന് ഭരണഘടന അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. ഭരണഘടനയോ മറ്റെന്തെങ്കിലും നിയമമോ അപ്രകാരം പൂര്‍വകാല പ്രാബല്യത്തോടെ നിയമമുണ്ടാക്കുന്നത് വിലക്കുന്നുണ്ടോ എന്നേ പരിശോധിക്കേണ്ടതുള്ളൂ. അങ്ങനെ വല്ല വിലക്കുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്.
മറ്റൊന്നുകൂടി ‘ജന്മഭൂമി’ ലേഖനത്തില്‍ ഉന്നയിച്ചു കാണുന്നു. ”……… പലപ്പോഴും നീതിന്യായ വ്യവസ്ഥ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവത്രെ. രണ്ട് ഉദാഹരണങ്ങളും കൊടുത്തിട്ടുണ്ട്. ഒന്ന്: ജഡ്ജിമാരുടെ നിയമനങ്ങളെ സംബന്ധിച്ചാണ്. മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റിന്റെ രണ്ടു സഭകളും അംഗീകരിച്ച നിയമം ഈ രാജ്യത്തെ നാല് പൗരന്മാര് സുപ്രീംകോടതിയിലിരുന്നു റദ്ദാക്കുകയായിരുന്നു; അഞ്ചാമന്റെ ശക്തമായ വിയോജനക്കുറിപ്പോടെ. രണ്ട്: പഞ്ചാബ് നിയമസഭയുടെ നടപടികളില്‍ അതിക്രമിച്ച് കയറി അമരീന്ദര്‍ സിങ്ങിനെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി റദ്ദ് ചെയ്തു.
കോടതിവിധികളെ വിമര്‍ശിക്കാവുന്നതാണ്. വിമര്‍ശനത്തിന് അടിസ്ഥാനമുണ്ടാകണം. ഒരു കേസിലെ തോറ്റ കക്ഷി വിധിന്യായത്തെ വിമര്‍ശിക്കുന്നത് സാധാരണയാണ്. എന്നാല്‍ ‘നീതിന്യായ വ്യവസ്ഥിതി ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കുന്നു’ എന്ന് ‘ജന്മഭൂമി’ ലേഖനത്തില്‍ പറയുന്നത് വിശദീകരിക്കാന്‍ പറഞ്ഞിട്ടുള്ള രണ്ട് ഉദാഹരണങ്ങളും അപര്യാപ്തങ്ങളല്ലേ? പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമസഭകള്‍ ഉണ്ടാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത, ചോദ്യം ചെയ്യപ്പെടുന്ന നിയമം ഉണ്ടാക്കിയത് ഐകകണ്ഠ്യേനയാണോ, ബഹുഭൂരിപക്ഷത്തോടെയാണോ, നേരിയ ഭൂരിപക്ഷത്തോടെയാണോ എന്നതിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് ഭരണഘടനയനുസരിച്ചാണോ എന്നതാണ് കോടതികള്‍ പരിശോധിക്കുന്നത്.
അപ്രകാരം പരിശോധിച്ച് വിധികല്‍പ്പിക്കുന്നത് സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരായിരിക്കും. ചില കേസുകളില്‍ ഭരണഘടനാ ബെഞ്ച് ആകണമെന്നുമില്ല. ”ഈ രാജ്യത്തെ നാലു പൗരന്മാര് സുപ്രീംകോടതിയിലിരുന്നു നിയമം റദ്ദാക്കി”യെന്ന് പറയുന്നത് ഉചിതമായ രീതിയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് ഉത്തരം പറയുന്നവരായിരിക്കും ഭൂരിപക്ഷം ആളുകളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
(കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: