ജ്ഞാനിയെ
എങ്ങനെ കണ്ടെത്താം?
ഉള്‍വെളിച്ചം എങ്ങനെ തിരിച്ചറിയാം?
ബോധിവൃക്ഷച്ചുവട്ടിലും
ഗിരിനിരകളിലെ ഗുഹാമുഖങ്ങളിലും
ജ്ഞാനിയുടെ നിഴല്‍വെട്ടം
തെളിയുന്നുണ്ടോ?
വാക്കുകള്‍ നാമ്പെടുക്കാത്ത
വിജനതയിലും
നോക്കുകള്‍ കാണപ്പെടാത്ത
ഏകാന്തതയിലും
ജ്ഞാനിയുടെ പ്രകാശം
ഉദിക്കുന്നുണ്ടോ?
കാലം ചലിക്കാത്ത പാതകളില്‍
ജ്ഞാനിയുടെ കാലൊച്ച
കേള്‍ക്കുന്നുണ്ടോ?
തൃഷ്ണകള്‍ ജനിക്കാത്ത ഭൂമികകളില്‍
ജ്ഞാനിയുടെ ദര്‍ശനം
തിളങ്ങുന്നുണ്ടോ?
ഭൂമിയിലെല്ലാടവും
ജ്ഞാനിയെ തിരക്കിയ
കാറ്റു പറയുന്നതു കേള്‍ക്കൂ:
ഒന്നുമറിയില്ലെന്നു സ്വയമറിയുകയും
എല്ലാമറിയുകയും ചെയ്യുന്നവന്
ജ്ഞാനി.
ആകാശത്തില്‍
കിഴക്കുതൊട്ടു പടിഞ്ഞാറുവരെ
ജ്ഞാനിയെ അന്വേഷിച്ച
സൂര്യനോടു ചോദിക്കൂ:
മനുഷ്യസഹജമായ
എല്ലാ ആവശ്യങ്ങളില്‍ നിന്നും
വിമുക്തി നേടിയിട്ടും
മനുഷ്യനായിരിക്കുന്നവന്
ജ്ഞാനി.
ഭൂമിയെ മുഴുവന്‍
ഇരുള്പ്പുതപ്പു പുതപ്പിച്ച
രാത്രി മന്ത്രിക്കുന്നത് എന്താണ്?
എല്ലാം നേടിയിട്ടും ഒന്നും നേടാതിരിക്കുകയും
നേടിയതെല്ലാം ദാനംചെയ്യുകയും
ചെയ്യുന്നവന്
ജ്ഞാനി.
മഹാസമുദ്രങ്ങളില്‍
ജലം നിറയ്ക്കുന്ന മേഘങ്ങള്‍
മിന്നല്‍പ്പിണരുകളാല്‍
എഴുതുന്നതു ശ്രദ്ധിക്കൂ:
മഹാസമുദ്രങ്ങളുടെ ആഴവും
ആകാശങ്ങളുടെ അപാരതയും
അറിഞ്ഞതിനാല്‍
സ്വയം കടുകുമണിയായി ചുരുങ്ങിയവന്‍
ജ്ഞാനി.
എല്ലാം കണ്ടും കേട്ടും
മരച്ചില്ലയിലിരുന്ന
കുഞ്ഞാറ്റക്കിളി ചൊല്ലുന്നു:
ജ്ഞാനിയുടെ സങ്കല്പമുള്ളവന്
ജ്ഞാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: