തിരുവനന്തപുരം: പൊങ്കാല സമര്‍പ്പണത്തിന് ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആറ്റുകാല്‍ ക്ഷേത്രത്തില്‍ അലങ്കാരഗോപുരം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല പോലെ ഊര്‍ജത്തിന്റെ കേന്ദ്രബിന്ദുവാണ് ആറ്റുകാലമ്മയുടെ സന്നിധാനം. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ലോകത്ത് അപൂര്‍വമാണ്. ഇതുപോലുള്ള ശക്തിമര്‍മ കേന്ദ്രങ്ങളില്‍ പണിതിട്ടുള്ള ദേവാലയങ്ങളാണ് പേരും പെരുമയും അലങ്കരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ആത്മനിര്‍വൃതിയും അനുഭൂതിയും അനുഭവവേദ്യമാണ്.
ആറ്റുകാലില്‍ ഇപ്പോഴത്തെ ഗോപുരകവാടം നില്‍ക്കുന്നത് വടക്കുപടിഞ്ഞാറ് വായുകോണിലാണ്. അമ്മയുടെ ചൈതന്യം നാട്ടിലാകമാനം വ്യാപിക്കുന്നതിനും ക്ഷേത്രത്തിന്റെ പ്രശസ്തി കൂടുതല്‍ ഉയരുന്നതിനും ശ്രീകോവിലിന്റെ നേരെ വടക്കുഭാഗത്തായി ലോകപ്രശസ്തമായ മധുരമീനാക്ഷിഅമ്മ ക്ഷേത്രത്തിലെ രാജഗോപുരത്തിന് തുല്യമായ രീതിയില്‍ അലങ്കാരഗോപുരം പണികഴിപ്പിക്കണമെന്നാണ് പ്രശസ്ത വാസ്തുആചാര്യനും വാസ്തു ശാസ്ത്രവിജ്ഞാനപീഠം പ്രസിഡന്റുമായ ഡോ കെ. മുരളീധരന്‍നായര്‍ പറയുന്നത്. അമ്മയുടെ ഇരിപ്പിടസ്ഥാനമായ ശ്രീകോവില്‍ കേരളത്തിന്റെ തനതായ വാസ്തുശൈലിയില്‍ നിര്‍മിച്ചതാണ്. എന്നാല്‍ ചുറ്റമ്പലവും മണ്ഡപവും കമാനങ്ങളും തമിഴ് ക്ഷേത്രശില്‍പ്പകലകളുമായി ബന്ധപ്പെട്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഗോപുര നിര്‍മാണമെന്ന വെല്ലുവിളി ഏറ്റെടുത്ത് മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഡോ കെ. മുരളീധരന്‍നായരുടെ അഭിപ്രായം. അത് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയതും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യുന്ന ഒന്നായിത്തീരുമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി ക്ഷേത്ര ട്രസ്റ്റ് ഇറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ സമര്‍പ്പണത്തിലൂടെയും സംഭാവനയിലൂടെയും ചെലവ് വഹിക്കും. ഇന്ന് കേരളത്തില്‍ ധാരാളം അമ്പലങ്ങള്‍ ഉയരുന്നുവെങ്കിലും എന്നെന്നും ഓര്‍മിക്കാന്‍ പറ്റിയ രീതിയില്‍ ഒന്നും ഇല്ലെന്നും അതുകൊണ്ടുതന്നെ ഈ മഹാദൗത്യം ഇപ്പോഴത്തെ തലമുറയുടെ ചരിത്രനിയോഗമാണെന്നും ഡോ കെ. മുരളിധരന്‍നായര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പൊങ്കാലഉത്സവ വേളയില്‍ തന്നെ അതിനുള്ള മനസുമായി എല്ലാവരും മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
















