കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്ത തന്റെ മകന്‍ ആകാശിനെ കേസില്‍ കുടുക്കിയതാണെന്ന് ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവി വെളിപ്പെടുത്തി. കൊലപാതകം നടക്കുന്ന സമയത്ത് ആകാശും ഒപ്പം അറസ്റ്റിലായ റിജിനും ക്ഷേത്രത്തിലായിരുന്നുവെന്നും രവി വ്യക്തമാക്കി. ഇതോടെ സിപിഎമ്മിന്റെയും പോലീസിന്റെയും കള്ളക്കളികള്‍ വീണ്ടും പൊളിഞ്ഞുവീഴുകയാണ്. അരുംകൊലകള്‍ നടത്തിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞും മുഖം പാേെട വികൃതമായ സിപിഎം, സംസ്ഥാന സമ്മേളന സമയത്ത് പിടിച്ചുനില്‍ക്കാന്‍ പോലുമാവാതെ നട്ടം തിരിയുകയാണ്.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം താനാണ് കൊല നടത്തിയതെന്ന് ആകാശ് തില്ലങ്കേരി മൊഴി നല്‍കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു വന്നിരുന്നു. കൊലയില്‍ പങ്കുള്ള ചില ഉന്നതരേയും സിപിഎമ്മുകാരായ പരോള്‍ പ്രതികളേയും രക്ഷിക്കാനുള്ള നീക്കമാണ് ഈ മൊഴിക്കു പിന്നിലെന്ന് സംശയവും ഉയര്‍ന്നിരുന്നു.
കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും രവി മാധ്യമങ്ങളോട് പറഞ്ഞു. ആകാശും റിജിനും നിരപരാധികളാണ്. പാര്‍ട്ടിയെ സമീപിച്ചപ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് നേതാക്കള്‍ പറഞ്ഞത്, രവി മാധ്യമങ്ങളോട് പറഞ്ഞു.
മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പോലീസിന് സാധിക്കാത്തതും കേസുമായി ബന്ധപ്പെട്ട് കടകവിരുദ്ധമായ കാര്യങ്ങള്‍ നിത്യേന പുറത്തുവരുന്നതും സിപിഎമ്മിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നതും പാര്‍ട്ടിക്ക് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. കേസ് അട്ടിമറിക്കാനും ശരിയായ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാനും സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന ആരോപണം ശരിവെയ്‌ക്കുന്നതാണ് ഓരോ ദിവസവും ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സമയത്താണ് സംസ്ഥാന സമ്മേളനവും. ഇതും പാര്‍ട്ടിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സമ്മേളനത്തില്‍ ചര്‍ച്ചയാകുന്നുവെന്നു മാത്രമല്ല പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയണമെന്ന് ആഗ്രഹിക്കുന്ന സമയത്താണ് പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ നിറയുന്നത്. സമ്മേളനത്തെയും കൊലപാതകത്തെയും കൂട്ടിക്കലര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതും തലവേദന തന്നെ.
സംഭവം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളോ, കൂട്ടുപ്രതികളേയോ, കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. പോലീസിനുമേല്‍ പാര്‍ട്ടി ആദ്യ ഘട്ടംതൊട്ട് നടത്തിയ സമ്മര്‍ദ്ദമാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്ന് പോലീസിനുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
















