ഓക്ലന്‍ഡ്: ട്രാന്‍സ് – ടാസ്മന്‍ ത്രി രാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ കിരീടം ചൂടി. മഴ തടസപ്പെടുത്തിയ ഫൈനലില്‍ അവര്‍ 19 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 150 റണ്‍സിലൊതുക്കി. മറുപടി പറഞ്ഞ ഓസ്ട്രേലിയ 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സിലെത്തി നില്‍ക്കെ മഴ കളി മുടക്കി. തുടര്‍ന്നാണ് ഡെക്ക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് വിജയികളെ പ്രഖ്യാപിച്ചത്.
നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അഗറാണ് കളിയിലെ കേമന്‍. റിച്ചാര്‍ഡ്സണും ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയതോടെ ന്യൂസിലന്‍ഡ് 150 റണ്‍സിലൊതുങ്ങി. ടെയ്ലര് 43 റണ്‍സുമായി പുറത്താകാതെ നിന്ന് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്കോററായി. ഗുപ്ടില്‍ 21 റണ്‍സും മുണ് റോ 29 റണ്‍സും നേടി.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഷോര്‍ട്സും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്സ് മുപ്പത് പന്തില്‍ ആറു ഫോറും മൂന്ന് ഫോറുമുള്‍പ്പെടെ 50 റണ്‍സ് കുറിച്ചു. വാര്‍ണര്‍ 25 റണ്‍സുമായി മടങ്ങി. മാക്സ്വെല്ലും (20), ആരോണ്‍ ഫിഞ്ചും (18) പുറത്താകാതെ നിന്നു.
ഇംഗ്ലണ്ട് കൂടിയുള്‍പ്പെട്ട ടൂര്‍ണമെന്റിലെ അഞ്ചു മത്സരങ്ങളിലും വിജയം നേടിയാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരാകുന്നത്. ഓസീസിന്റെ ഗ്ലെന്‍ മാക്സ്വെല് ടൂര്‍ണമെന്റിലെ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
സ്കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 150, ഓസ്ട്രേലിയ 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121.
പ്രതികരിക്കാൻ ഇവിടെ എഴുതുക: