കണ്ണൂരില്‍ ഒരു സമാധാന സമ്മേളന നാടകം കൂടി ആടിത്തിമിര്‍ത്തു. രണ്ടു കൊലപാതകങ്ങള്‍ക്കിടയിലെ വട്ടമേശ സമ്മേളനമായി സര്‍വകക്ഷി സമാധാന സമ്മേളനമെന്ന പ്രഹസനം കണ്ണൂരില്‍ ആവര്‍ത്തിക്കുകയാണ്. സമാധാന യോഗംതന്നെ അക്രമാസക്തമായിരുന്നു. സിപിഎമ്മിന് എന്തുമാവാമെന്ന ധിക്കാരത്തിന്റെ ദൃഷ്ടാന്തമാണ് കെ.കെ. രാഗേഷ് എംപി വേദിയില്‍ ഇടം പിടിച്ച സംഭവം. ജനപ്രതിനിധികളെ വിളിക്കാത്ത സമ്മേളനത്തില്‍ നാട്ടുമര്യാദയുടെ പേരില്‍ രാഗേഷ് ഇരിക്കട്ടെയെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ വിശദീകരണം!
സമാധാനകാലം ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനുള്ള ഇടവേളകളായാണ് സിപിഎം ഉപയോഗിക്കുന്നത്. ഒരു കൊലപാതകത്തില്‍ നിന്ന് മറ്റൊരു കൊലപാതകത്തിലേക്കുള്ള തയ്യാറെടുപ്പു കാലത്തെയാണ് കണ്ണൂരില്‍ സമാധാന കാലമെന്നു വിളിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് കരുക്കള്‍ നീക്കി, ക്രിമിനലുകള്‍ക്ക് ആയുധവും രക്ഷപ്പെടാനുള്ള വഴികളും ഒരുക്കി അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നവരാണ് സമാധാന സമ്മേളനത്തിനെത്തുന്ന സിപിഎം നേതാക്കള്‍. സമാധാന യോഗങ്ങളില്‍ പോലും സംയമനം പാലിക്കാന്‍ കഴിയാത്ത ഇവര്‍, വിഷപ്പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടാണ് അക്രമങ്ങളെ ന്യായീകരിക്കുന്നത്. ഇവരെ മുന്‍നിര്‍ത്തി കണ്ണൂരില്‍ നടത്തുന്ന ഏതൊരു ചര്‍ച്ചയും പ്രഹസനമാകാതെ തരമില്ലല്ലോ.
സിപിഎമ്മിന് അക്രമത്തിന്റെ പാത ഒഴിവാക്കാനാകില്ല. മുഖ്യശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യം നിര്‍വഹിക്കുകയാണെന്ന വാദങ്ങള്‍ നിരത്തി ഓരോ കാലത്തും അവര്‍ കൊലപാതകങ്ങള്‍ വിശുദ്ധ കര്മങ്ങളെന്നപോലെ നടത്തിക്കൊണ്ടിരുന്നു. ആര്‍എസ്എസിനെ ഉന്മൂലനം ചെയ്യുകയാണ് സിപിഎമ്മിന്റെ ദൗത്യമെന്ന് പ്രചരിപ്പിക്കുകയും മുസ്ലിങ്ങളെ രക്ഷിക്കാനാണ് തങ്ങളിത് ചെയ്യുന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്വേഷത്തിന്റെ വിഷാണുക്കളാണ് അവര്‍ സമൂഹത്തില്‍ വിതറുന്നത്. കമ്യൂണിസത്തില്‍ നിന്നും കമ്യൂണലിസത്തിലേക്കുള്ള അന്തരം കുറഞ്ഞുവരുന്നതിന്റെ പ്രഥമ വിവരങ്ങളാണ് കണ്ണൂരിലെ എഫ്ഐആറുകള്‍ വ്യക്തമാക്കുന്നത്.
ജനാധിപത്യ വ്യവസ്ഥയ്ക്കും സമാധാന ജീവിതത്തിനും വിരുദ്ധവും അപകടകരവുമാണ് മാര്‍ക്സിസ്റ്റ് രാഷ്ട്രീയമെന്ന് തിരിച്ചറിയാനും നിലപാടെടുക്കാനും കേരളത്തിലെ കോണ്‍ഗ്രസ്സിന് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ ചോരപ്പുഴയൊഴുകുമ്പോള്‍ അതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. വേട്ടക്കാരേയും ഇരകളേയും സമീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്സിന്റേത്. ഷുഹൈബിന്റെ രക്തസാക്ഷിത്വം വേണ്ടിവന്നു സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ്സിന് വിരലനക്കാന്‍. എപ്പോഴൊക്കെ സിപിഎം പ്രതിസന്ധികളില്പ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ സിപിഎമ്മിനെ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് ഭരിക്കുമ്പോഴും കണ്ണൂരിലെ പോലീസിനെ നിയന്ത്രിച്ചത് സിപിഎമ്മായിരുന്നു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് ആഭ്യന്തര വകുപ്പില്‍ മാറ്റങ്ങളുണ്ടായത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള കോണ്‍ഗ്രസ്സിന്റെ വിലാപങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള അവസരമാണിത്. കണ്ണൂര്‍ ജില്ലയിലെ ഏഴോളം കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ഷുഹൈബിന്റെ കൊലപാതകം ഉള്‍പ്പെടുത്തി കക്ഷി ചേരാന്‍ അവര്‍ തയ്യാറാകുമോ? രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത കേരളമുണ്ടാവണമെങ്കില് ഹിംസാത്മക രാഷ്ട്രീയത്തിന്റെ മാര്‍ക്സിസ്റ്റ് രീതികള്‍ ഇല്ലാതാവണം. ജനാധിപത്യത്തില്‍ സംഘടനാ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലകല്‍പ്പിക്കുന്ന സാഹചര്യമുണ്ടാവണം. ഇതിന് കേരളത്തില്‍ പുതിയ മുന്നേറ്റങ്ങളും രൂപപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: