ഇവയെ തുരത്താന്‍ ആധുനിക സംവിധാനങ്ങളില്ലാതെ വനംവകുപ്പും വലയുന്നു. ജില്ലയിലെ മലയോര മേഖലകളില്‍ കാട്ടാനയും പുലിയും കാട്ടുപന്നിയും നാശം വിതയ്ക്കുന്നത് പതിവാകുകയാണ്.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2 വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം 54 പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവര്‍ അതിലുമേറെയാണ്. ഈ വര്‍ഷം പാലക്കാട്ടുകാര്‍ ഏറ്റവും ദുരിതം അനുഭവിച്ചത് കാട്ടാനകളുടെ ആക്രമണത്തിലാണ്. ജനവാസമേഖലകളിലേക്കിറങ്ങിവന്ന കാട്ടാനകള്‍ മനുഷ്യര്‍ക്കും കൃഷിക്കും ഒരുപോലെ ദുരിതം വിതച്ചു. വനത്തോട് ചേര്‍ന്നുകിടക്കുന്ന ആദിവാസി ഊരുകളിലും കോളനികളിലുമാണ് ഏറ്റവുമധികം ദുരിതമുണ്ടായത്.
വാളയാര്‍, കഞ്ചിക്കോട്, അറങ്ങോട്ടുകുളമ്പ്, മലമ്പുഴ, മുണ്ടൂര്‍, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഇന്നലെ കോട്ടായിയിലും മാത്തൂരിലും കാട്ടാനയിരങ്ങി. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ പിടിയാനയും കുഞ്ഞുമാണ് ഒരു ദിവസം മുഴുവന്‍ ജനങ്ങളെ ഭീതിയിലാക്കിയത്.
കാടിനു സമീപത്തെ കൃഷിയിടങ്ങളിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്. കുടിനീര് തേടി ജനവാസമേഖലയിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. അഗളിയില്‍ അഞ്ച് വീടുകള്‍ കാട്ടാനകള്‍ തകര്‍ത്തെറിഞ്ഞു. അട്ടപ്പാടിയിലെ തനത് വിളകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിക്കപ്പെട്ടു. കേറിക്കിടക്കാന്‍ സുരക്ഷിതമായ വീടോ, ആനയെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളൊ ഇല്ലാതെ മരണഭീതിയിലാണ് ഷോളയൂരിലെ ഗോഞ്ചിയൂര്‍ നിവാസികള്‍. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ ആദിവാസി കര്‍ഷകര്‍ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്.
വാളയാറില്‍ തമിഴ്നാട്ടില്‍ നിന്ന് ജോലിക്കെത്തിയ വൃദ്ധയെ ആന ചവിട്ടിക്കൊന്നത് ഒരുമാസം മുമ്പാണ്. മറ്റ് രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റരുന്നു.
വടക്കഞ്ചേരിയിലെ കോട്ടേക്കുളം ഗ്രാമത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത് കാടിറങ്ങിയ പുലിയാണ്. വളര്‍ത്ത് നായ്ക്കളെ കടിച്ചുകൊണ്ടുപോയ പുലി കഴിഞ്ഞയാഴ്ച റോഡിലേക്കിറങ്ങിയതോടെ നാട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.
നെന്മാറയിലും നെല്ലിയാമ്പതിയിലുമാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 3 മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെങ്കിലും ഇതിലെ കാലതാമസം മരിച്ചവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: