പ്രകോപനപരമായ ചിന്തയുടെ പുതുമയുമായി ആശയലോകത്തിനിടയിലേക്കു വേട്ടയ്‌ക്കിറങ്ങിയിരിക്കുകയാണ് യുവാല്‍ നോഹ ഹരാരി. ഇസ്രായേലിയും ചരിത്രകാരനുമായ ഹരാരി അടുത്തകാലത്തിറക്കിയ രണ്ടു പുസ്തകങ്ങളിലൂടെയാണ് ആശയങ്ങളുടെ പുതിയ ഗോപുരം തീര്‍ത്തിരിക്കുന്നത്. പ്രസിദ്ധീകരിച്ച സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്, കഴിഞ്ഞ വര്‍ഷം ഇറക്കിയ ഹോമോ ഡ്യൂസ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്നീ പുസ്തകങ്ങളിലൂടെയാണ് പ്രൊഫസര്‍ ഹരാരി ലോകത്തിനു പുതിയ പഥ്യമായിത്തീര്‍ന്നിരിക്കുന്നത്.
ഹരാരിയുടെ പുസ്തകലോകം തികച്ചും വേറിട്ടതുതന്നെ. ചരിത്രത്തെ ചികഞ്ഞുപിടിച്ചുകൊണ്ടാണ് ഹരാരി തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. ചരിത്രവും ജീവശാസ്ത്രവും തമ്മിലുള്ള ബന്ധമെന്താണ്. എന്താണ് ഹോമോ സാപ്പിയന്‍സും മറ്റു ജീവികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. ചരിത്രത്തില്‍ നീതിയുണ്ടോ.ചരിത്രം ഒരു ദിശ കാട്ടിത്തരുന്നുണ്ടോ. മനുഷ്യരില്‍ സന്തോഷം ഉണ്ടാക്കുന്നുണ്ടോ ചരിത്രം എന്നിങ്ങനെ നിരവധി ചോദ്യങ്ങളുന്നയിക്കുന്നു ഹരാരി .
ഹോമോ സാപ്പിയന്‍സാണ് ലോകം ഭരിക്കുന്നത്. തന്നെക്കുറിച്ചും വസ്തുതകളെക്കുറിച്ചും പണത്തെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും ഭാവനകാണാന്‍ കഴിയുന്നത് അവര്‍ക്കുമാത്രമാണ്.ആദ്യ പുസ്തകമായ സാപ്പിയന്‍സ് പറയുന്നത് ജീവി വര്‍ഗങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പുനരാഖ്യാനമാണ്. വിശ്വാസത്തോടെ എക്കാലവും കൈമാറാവുന്ന വിനിമയമാണ് പണമെന്നും ഇന്നുവരെ കണ്ടെത്തിയ ഏറ്റവും വിജയപ്രദമായ മതം മുതലാളിത്തമാണെന്നും ഹരാരി്. പുതിയ കാലഘട്ടത്തില്‍ കൃഷിക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ വലിയ പാതകവും ഇദ്ദേഹം കാണുന്നു. ഇന്നത്തെ മനുഷ്യന്‍ കൂടുതല്‍ ശക്തനായിട്ടും അത്രത്തോളംതന്നെ സന്തോഷവാനാണോ എന്നാണ് ഹരാരിയുടെ ചോദ്യം. എഴുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറ് മനുഷ്യജീവി വര്‍ഗമാണ് ഭൂമിയിലുണ്ടായിരുന്നുവെങ്കില്‍ ഇന്നവശേഷിക്കുന്ന ഒരൊറ്റ മനുഷ്യജീവി വര്‍ഗമായ നാം പക്ഷേ ,ഭൂമി അടക്കിവാഴുന്നു.മനുഷ്യവര്‍മായി രൂപപ്പെടുന്നതിനു പിന്നിലുള്ള നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുമാണ് ആദ്യപുസ്തകം മുഖ്യമായും പരാമര്‍ശിക്കുന്നത്. ഇവയാകട്ടെ മറ്റേതെങ്കിലും പുസ്തകങ്ങള്‍ പറയുന്നതിലും തികച്ചും വ്യത്യസ്തമായി. കൃഷിയുടെ വികാസം,മതങ്ങളുടെ പ്രചാരം,പണത്തിന്റെ രൂപവല്‍ക്കരണം,ദേശ രാഷ്‌ട്രങ്ങളുടെ പിറവി തുടങ്ങിയ നിരവധി വിഷയങ്ങള്‍ നവബോധ്യങ്ങളെ വിളിച്ചുവരുത്തുംവിധം ആലോചനാമൃതമാണ്. ചരിത്രത്തില്‍ എന്തു സംഭവിച്ചു,എങ്ങനെ സംഭവിച്ചു എന്നുമാത്രമല്ല അവ മനുഷ്യന് എങ്ങനെ അനുഭവപ്പെട്ടെന്നുകൂടി അവലോകനം ചെയ്യപ്പെടുന്നുണ്ട്.
മനുഷ്യനു നേരിടേണ്ട നിരവധി പ്രശ്‌നങ്ങളുടെ കേദാരമായ ഇരുപത്തൊന്നാം നൂറ്റാണ്ടിനെക്കുറിച്ചാണ് ഹോമേ ഡ്യൂസ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ വിശദീകരിക്കുന്നത്. ഭാവിയെ മാറ്റിമറിക്കുന്ന ആഗോള ശക്തിയെക്കുറിച്ചും മറ്റുമാണ് ഇതിലെ പ്രതിപാദ്യം.മാറ്റങ്ങളൂടെ ചാലക ശക്തി,പ്രകൃത്യായുള്ള തെരഞ്ഞെടുപ്പ്,ബുദ്ധിപരതയുടെ പ്രവര്‍ത്തനം എന്നിങ്ങനെ തികച്ചും നൂതനവും സമകാലികവുമായ ആശയങ്ങളിലൂടെ പ്രശ്‌ന ഭാവിയെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്.
എങ്ങനെയാണ് മനുഷ്യവര്‍ഗം ഭൂമിയെ ഭരിച്ചതെന്ന് ആദ്യപുസ്തകം പറയുമ്പോള്‍ നമ്മുടെ ഭാവിയെക്കുറിച്ചാണ് രണ്ടാം പുസ്തകം സംസാരിക്കുന്നത്. ശാസ്ത്രവും തത്വജ്ഞാനവും ചരിത്രവും കൂടിക്കലര്‍ന്നാണ് ഇതിലെ അന്വേഷണം.മനുഷ്യന്‍ പെട്ടെന്ന് അവന്റെ ജീവപ്രകൃതി മാത്രമല്ല മനുഷ്യനെന്ന അര്‍ഥംപോലും നഷ്ടപ്പെടുത്തും. പണ്ട് യുദ്ധവും പ്‌ളേഗുമായി നിരവധിപേര്‍ മരിച്ചിരുന്നു. അന്ന് അതിനെക്കാള്‍ കൂടുതല്‍പേര്‍മരിക്കുന്നത് പട്ടിണികൊണ്ടും അണുബാധയേറ്റുമാണ്.യുദ്ധത്തെക്കാള്‍ കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്യുന്നു. ചരിത്രത്തിന്റെ യാത്ര നമുക്കു തടയാനാവില്ല. പക്ഷേ അതിന്റെ ദിശമാറ്റുന്നതില്‍ നമുക്ക് സ്വാധീനംചെലുത്താന്‍ കഴിയുമെന്ന് ഹരാരി പറഞ്ഞുവെക്കുന്നു.
ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര പ്രൊഫസറായ ഹരാരിയുടെ പ്രധാന വിഷയങ്ങള്‍ ലോക ചരിത്രം,മധ്യകാലചരിത്രം,സൈനിക ചരിത്രം എന്നിവയാണ്. ആഗോള ഹിറ്റായ ആദ്യപുസ്തകം ഇതിനകം 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.രണ്ടാം പുസ്തകവും ഹിറ്റാണ്. ലോകത്തിലെ പ്രമുഖ മാധ്യമങ്ങള്‍ രണ്ടിനേയും തങ്ങളുടെ ബസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും പ്രഭാഷണ പരമ്പര നടത്തുന്ന ഹരാരി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: