പഞ്ചാബ് നാഷണല്‍ ബാങ്ക് നല്കിയ ഗ്യാരന്റിയുടെ ബലത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ നീരവ് മോദി നാടുവിട്ടു. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംകണ്ട ഈ വജ്ര വ്യാപാരിയുടെ ഇന്ത്യയിലെ സ്വത്തുകളും സമ്പാദ്യവും സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതുകൊണ്ടോ തെളിവ് നിരത്തിയതുകൊണ്ടോ അല്ല നീരവ് മോദിക്കെതിരെ നടപടി തുടങ്ങിയത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബാങ്കുകളുടെ കൊള്ളയടിക്കല്‍ നീരവ് തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പല നേതാക്കള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും നീരവുമായി സൗഹൃദവും പങ്കാളിത്തവുമുണ്ടെന്ന് തെളിവുകള്‍ പറഞ്ഞുവരുന്നു. സാമ്പത്തികരംഗത്തെ ശുദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാരെടുത്ത നടപടികള്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയുണ്ടാക്കി. തട്ടിപ്പ് തുടരാനാകുന്നില്ല എന്നു മാത്രമല്ല.
നേരത്തെ നടത്തിയ തട്ടിപ്പുകളും പിടിക്കപ്പെടുന്ന അവസ്ഥ. സംശയകരമായ സാമ്പത്തിക ഇടപാടുകളെല്ലാം ബാങ്കുകളും മറ്റ് ഏജന്‍സികളും തലങ്ങും വിലങ്ങും വിശകലനം ചെയ്യുകയാണ്. അത്തരമൊരു നടപടിക്കിടെയാണ് നീരവ് മോദിയുടെ തട്ടിപ്പ് പുറത്തുവരുന്നത്. ബാങ്കിംഗ് മേഖലയിലെ നിയമങ്ങളിലെ ചില പഴുതുകള്‍ ഉപയോഗിച്ച് പണം തട്ടുന്നത് ഇതാദ്യമല്ല. ഹര്‍ഷദ് മേത്തയുടെ തട്ടിപ്പായിരുന്നു ഇതിനുമുമ്പ് ഇത്തരത്തിലെ ഏറ്റവും വലുത് എന്ന് മാത്രം. മേത്ത കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് കോടികളടങ്ങിയ പെട്ടി കൈമാറിയത് വിവാദമായിരുന്നു. അത്തരത്തിലൊരു കോണ്‍ഗ്രസ് അനുഭാവ തട്ടിപ്പുകാരനാണ് നീരവ്മോദിയും.
നീരവ്മോദിയുടെ തട്ടിപ്പ് വാര്‍ത്ത വന്നയുടന്‍ രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെയാണ് പ്രതിസ്ഥാനത്തു നിര്‍ത്താന്‍ മുന്നോട്ടു വന്നത്. കാരണം ഒന്നുമാത്രം, പേരിന്റെ അവസാനം മോദിയുണ്ട്. കോണ്‍ഗ്രസ് പോലുള്ള ദേശീയ പാര്‍ട്ടികള്‍ ദേശീയ അദ്ധ്യക്ഷന്‍ എത്ര അപക്വമതിയാണെന്ന് വ്യക്തമാകുന്നതാണ് ഈ ആരോപണം. രാഹുലിന്റെ സ്തുതിപാഠകരായ നേതാക്കള്‍ മറ്റൊരു തെളിവുകൂടെ പുറത്തിട്ടു. വിദേശ രാജ്യത്ത് നടന്ന ഏതോ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ബിസിനസ്കാര്‍ക്കൊപ്പം പോസു ചെയ്ത ചിത്രത്തിലെവിടയോ നീരവും ഉണ്ടത്രെ. ചിത്രമെടുക്കുമ്പോള്‍ നീരവ് തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയിരുന്നില്ല. കേസുമില്ല.
അതുകൊണ്ടുതന്നെ ഫോട്ടോയെടുക്കുമ്പോള്‍ നീരവിനെ പിടിച്ചുമാറ്റാന്‍ പറയേണ്ട കാര്യവുമില്ല. ഇതിനപ്പുറം ഇതില്‍ നരേന്ദ്രമോദിയേയോ ബിജെപിയേയോ ബന്ധിപ്പിക്കാന്‍ ഒന്നുമില്ല. മറിച്ച് കോണ്‍ഗ്രസ് നീരവ്മോദി ബന്ധത്തിന് തെളിവുകള്‍ ഏറെയുണ്ട്. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയുടെ സ്വന്തം കെട്ടിടത്തിലാണ് നീരവിന്റെ ദല്‍ഹിയിലെ ബിസിനസ്. രാഹുല്‍ ഗാന്ധി നീരവിന്റെ സ്ഥാപനം സന്ദര്‍ശിച്ചശേഷമാണ് 1500 കോടിരൂപ വായ്പ അനുവദിക്കുവാന്‍ അലഹബാദ് ബാങ്കിന് നിര്‍ദ്ദേശം വന്നത്. ഇതിനെ എതിര്‍ത്ത ബാങ്ക് ഡയറക്ടര്‍ ദിനേഷ് ദുബൈയോട് വായടക്കാന്‍ പറഞ്ഞത് യുപിഎക്കാലത്തെ ധനമന്ത്രിയായിരുന്നു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മദ്യരാജാവ് വിജയ്മല്യ രാജ്യം വിട്ടിരുന്നു. ബാങ്കുകളെ വെട്ടിച്ച കോടികള്‍ക്ക് കണക്ക് പറയേണ്ടിവരും എന്ന് മുന്‍കൂട്ടി കണ്ടായിരുന്നു മല്യയുടെ നാടുവിടല്‍. മല്യക്കെതിരായ കേസുകള്‍ കേന്ദ്രം ശക്തമാക്കിയതോടെ തട്ടിപ്പിന് അദ്ദേഹം കണക്ക് പറഞ്ഞു തുടങ്ങി. അതേ അവസ്ഥ തന്നെയായിരിക്കും നീരവിനും വരാന്‍ പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ തുടക്കമാണ് നീരവിന്റെ സ്വത്തുക്കളും സമ്പാദ്യവും കണ്ടുകെട്ടല്‍. രാജ്യത്ത് ഇനിയും മാളത്തിലൊളിച്ചിരിക്കുന്ന നീരവ്മാര്‍ കാണും. അത്തരക്കാര്‍ക്ക് തട്ടിപ്പിനും വെട്ടിപ്പിനും സാധ്യതയില്ലാതെയായി എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനം കൊണ്ട് എന്തുനേടി എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: