വ്യത്യസ്തമായ കാവ്യ ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് ശക്തമായ ഇടം നേടി കടന്നുപോയ കവിയാണ് പി.കുഞ്ഞിരാമന്‍നായര്‍. സമാനതകളില്ലാത്ത പി.യുടെ കാവ്യ ജീവിതം കേരളം നെഞ്ചേറ്റിയതിന്റെ അടയാളമാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ് (ബിഎസ്എസ് എച്ച്എസ്എസ്) സ്കൂളിന് മുന്നില്‍ നിലനില്‍ക്കുന്ന പി. സ്മാരകം. പി ദീര്‍ഘനാള്‍ രാജാസ് സ്കൂളില്‍ അധ്യാപകനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1961 ജൂലൈയിലാണ് അദ്ദേഹം കൊല്ലങ്കോട് സ്കൂളില്‍ എത്തിയത്. 1971 വരെ അദ്ദേഹം കൊല്ലങ്കോട്ട് താമസിച്ചു. കവിമാഷ് എന്നാണ് അദ്ദേഹത്തെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. പി.യുടെ കാവ്യഭാവനയ്ക്ക് കൊല്ലങ്കോടും പരിസര പ്രദേശങ്ങളും സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥകളിലും പാലക്കാട് ജില്ലയുടെ മനോഹാരിത ബിംബവല്‍ക്കരിക്കുന്നുണ്ട്.
1978 മെയ് 27ന് പി. അന്തരിച്ചു. നാടിനോടും നാട്ടുകാരോടും അദ്ദേഹം പുലര്‍ത്തിയ സ്നേഹലാളനയുടെ അടയാളമായി കൊല്ലങ്കോട്ട് പി.യ്ക്ക് സാമാരകം വേണമെന്ന ആവശ്യമുയര്‍ന്നു. 1979 ല്‍ അന്നത്തെ കൊല്ലങ്കോട് വലിയ രാജാവ് വേണു ഗോപാലവര്‍മ്മ രാജാസ് സ്കൂളിന് മുന്നില്‍ പത്ത് സെന്റ് വസ്തു പി.സ്മാരകത്തിനായി നീക്കി വച്ചു. 1981 റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന് പി.സ്മാരകത്തിന് ശിലാസ്ഥാപനം നടത്തി. പി.യുടെ സഹപ്രവര്‍ത്തകനും സാഹിത്യകാരനുമായ ഇയ്യങ്കോട് ശ്രീധരന് പി.സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പരിശ്രമിച്ചയാളാണ്. സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കലവറയില്ലാതെ സാമ്പത്തികമായി സഹായിച്ചു. കവിയുടെ സ്മാരകം നാടിന്റെ വികാരമായി മാറിയതോടെ കൊല്ലങ്കോട് രാജാവ് നിസ്സാരവിലയ്ക്ക് അരയേക്കര്‍ വസ്തു കൂടി പി.സ്മാരകത്തിന് നല്കി. 1981 ഒക്ടോബര്‍ 22ന് കവിയുടെ 75-ാം ജന്മദിനത്തില് പി.സ്മാരകം അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ നാടിന് സമര്‍പ്പിച്ചു.
പി.സ്മാരക ഗ്രന്ഥാലയം
പി.സ്മാരകം നിലവില്‍വന്നെങ്കിലും കവിയുടെ അഭിലാഷമായ ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ നീക്കം നടന്നിരുന്നില്ല. പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പി.സ്മാരകത്തില്‍ തന്നെ ഗ്രന്ഥശാല സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു. ദല്‍ഹി ബ്രിട്ടീഷ് ലൈബ്രറി, കേരള സാഹിത്യ അക്കാദമി, രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്, എന്നീ സ്ഥാപനങ്ങള്‍ ധാരാളം പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്ക് നല്കി. 1981 ഡിസംബര്‍ 29ന് വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് ഗ്രന്ഥശാലയുടെ കാവല്‍ക്കാരനും സാഹിത്യകാരനുമായ എ.സേതുമാധവന് കൃത്യമായി ഓര്‍മയുണ്ട്. വളരെ വേഗം തന്നെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ എ ഗ്രേഡ് ലൈബ്രറിയെന്ന ബഹുമതി പി.സ്മാരക ലൈബ്രറിയെ തേടിയെത്തി. സര്‍ക്കാരില്‍ നിന്നും കൃത്യമായി സാമ്പത്തിക സഹായം ലഭിക്കാതായപ്പോള്‍ ലൈബ്രറിയുടെയും പി.സ്മാരകത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടായി ഇഴഞ്ഞ് നീങ്ങുന്നു. ചെറുതും വലുതുമായ അരലക്ഷത്തോളം പുസ്തകങ്ങള്‍ ഈ സ്മാരകത്തിലുണ്ട്. അമൂല്യങ്ങളായ ധാരാളം പുസ്തകങ്ങള്‍ സംരക്ഷിക്കാനാകാതെ ഇവിടെ പൊടിപിടിച്ചിരിക്കുന്നു.
പി.യുടെ ശേഷിപ്പുകള്‍
പി.കുഞ്ഞിരാമന് നായര്‍ സ്മാരകത്തില്‍ കവിയുടെ പേനയും തോള് സഞ്ചിയും സൂക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷിച്ചിരിക്കുന്നത് അലമാരയ്ക്കുള്ളിലാണ്. ചരിത്ര ശേഷിപ്പ് സൂക്ഷിക്കേണ്ട ഗൗരവത്തിലല്ല ഇവ സംരക്ഷിച്ചിരിക്കുന്നത്. നശിച്ച് പോകാതെ സൂക്ഷിക്കാന്‍ ഇവിടെ സംവിധാനമില്ല. കവി ഉപയോഗിച്ച കുടിവെള്ളപാത്രം, വസ്ത്രങ്ങള്‍, കോല്ലങ്കോട് കൊട്ടാരത്തില്‍ നിന്നും ലഭിച്ച അമൂല്യങ്ങളായ താളിയോലകള്‍, കവിയുടെ അപൂര്‍വ്വമായ ചിത്രങ്ങള്‍ എന്നിവ കൂടുതല്‍ കരുതല്‍ നല്കി സംരക്ഷിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ കണ്ണ് തുറക്കണം
ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കുന്നത് ലൈബ്രേറിയനും സാഹിത്യകാരനുമായ എ. സേതുമാധവനാണ്. ഇദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇപ്പോഴും പി. സ്മാരക ലൈബ്രറിയില്‍ ആളനക്കമുള്ളത്. കുത്ത് വിട്ട് വായിക്കാന്‍ പറ്റത്ത നിലയിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ സാംസ്കാരിക വകുപ്പ് ഇടപെടേണ്ടതുണ്ട്. പലതവണ പി.സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികാരികള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അമൂല്യങ്ങളായ പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ വൈകിയാല്‍ കവിയോടും പുതുതലമുറയോടും സാംസ്കാരിക വകുപ്പ് കാണിക്കുന്ന വഞ്ചനയായിരിക്കുമത്. പി.സ്മാരകമൊരു സാംസ്കാരിക-ഗവേഷണ കേന്ദ്രമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: