ന്യൂദല്‍ഹി: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം വിശേഷിപ്പിക്കാന്‍ പുതിയ വാക്കുകള്‍ക്കായി നിഘണ്ടുവില്‍ പരതുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. നിലവിലെ വിശേഷണങ്ങളിലൊന്നും ഒതുങ്ങുന്നതല്ല ഈ മഹാപ്രതിഭയുടെ തേരോട്ടം. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഇന്ത്യയെ പരമ്പരവിജയത്തിലേക്ക് ഉയര്‍ത്തിയ ഈ നായകന് അവസാന ഏകദിന മത്സരത്തില്‍ സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി നിറഞ്ഞാടി. ഇന്ത്യക്ക് സവിശേഷമായൊരു വിജയവും സമ്മാനിച്ച് പരമ്പരയിലെ കേമനുള്ള അവാര്‍ഡും സ്വന്തമാക്കി.
സെഞ്ചൂറിയനില്‍ തന്റെ ഇരുനൂറാം ഏകദിനത്തിനിറങ്ങിയ കോഹ്ലി 35-ാം സെഞ്ചുറിയാണ് കുറിച്ചിട്ടത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 96 പന്തില്‍ പത്തൊന്‍പത് ഫോറും രണ്ട് സിക്സറുമടക്കം 129 റണ്‍സുമായി അജയ്യനായി നിന്ന് ടീമിന് എട്ട് വിക്കറ്റ് വിജയം സമ്മാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 13-ാമത്തെയും റണ്‍ ചേസില്‍ ടീമിനെ വിജയത്തിലെത്തിച്ച 19-ാമത്തെയും സെഞ്ചുറിയാണിത്.
പരമ്പരയിലെ ആറു മത്സരങ്ങളിലായി മൂന്ന് സെഞ്ചുറിയുടെപ്പെടെ 558 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പരമ്പരയില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമായി. ആറ് ഇന്നിങ്ങ്സില്‍ കോഹ്ലിയുടെ ശരാശരി 186 റണ്‍സാണ്.
കോഹ്ലിയുടെ ഈ മാന്ത്രിക പ്രകടനത്തെ ക്രിക്കറ്റ്ലോകം വാഴ്ത്തുകയാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ നായകനെ പ്രശംസിച്ചു.
എക്കാലത്തെയും മികച്ച ഏകദിന കളിക്കാരന്, അസാധാരണ പ്രതിഭ, പോരാളി, ജേതാവ്, എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. മൈക്കിള്‍ വോഗന്, കെവിന് പീറ്റേഴ്സണ്, റഷീദ് ഖാന്, ടോം മൂഡി, യുവരാജ് സിങ്, സുരേഷ് റെയ്ന, മുഹമ്മദ് കൈഫ് തുടങ്ങിയവര്‍ കോഹ്ലിയെ വാഴത്തിയവരില്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: