പാലാ: കുറിഞ്ഞി കോട്ടമലയ്‌ക്ക് പിന്നാലെ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂര്‍ നാടുകാണി മലയും പാറമടലോബി കയ്യടക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശവും ജൈവ വൈവിധ്യം നിറഞ്ഞതുമായ നാടുകാണിമല ഉള്‍പ്പെടുന്ന പ്രദേശത്തെ 7 ഏക്കറോളം സ്ഥലം റവന്യൂ അധികാരികളുടെ ഒത്താശയോടെ സ്വകാര്യ വ്യക്തി സ്വന്തമാക്കിയതായി നാടുകാണി സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ഭരണങ്ങാനം വില്ലേജില്‍ ബ്ലോക്ക് 34ല്‍ റീസര്‍വേ 106/1 ല്‍ ഉള്‍പ്പെട്ട വസ്തു ഇപ്പോള്‍ ജോസഫ് സെബാസ്റ്റ്യന്‍ പനന്താനത്ത് എന്ന വ്യക്തിയുടെ പേരിലാണ്. ഇവിടെ ഭരണങ്ങാനം ഇന്‍ഡസ്ട്രീസ് ഉള്ളനാട് എന്ന പേരില്‍ കമ്പനി രൂപീകരിച്ച് പാറമട നടത്തുന്നതിന് അനുമതി തേടിയിരിക്കുകയാണ്.
500 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ പാറ ഖനനത്തിന് അനുമതി നല്‍കരുതെന്ന് കാണിച്ച് നാടുകാണി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്ന് സമിതി നേതാക്കളായ പ്രൊഫ.പി.വി.ജോസഫ്, റോബിന്‍ ഔസേപ്പറമ്പില്‍, സജി ആനക്കല്ലുങ്കല്‍, സണ്ണി ഈറ്റത്തോട്ട്, ഷേക്‌സ് ഔസേപ്പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
















