കൊച്ചി: ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ വൈറ്റില മേല്‍പ്പാലത്തിന്റെ നിലവിലുള്ള രൂപരേഖയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ആയിരം കോടി രൂപയിലധികം ചെലവ് വരുന്ന ഡിസൈനുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നിലവില്‍ വൈറ്റിലയില്‍ നിര്‍മ്മാണം ആരംഭിച്ച മേല്‍പ്പാലം ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ നിലവിലുള്ള ഡിസൈനെതിരെ സമരം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പറ്റാത്ത മേല്‍പ്പാലം എന്തിനാണെന്നും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍പ്പാലം അവര്‍ക്ക് പ്രയോജനകരമാകണമെന്നും ഹൈക്കോടതിയും വിലയിരുത്തിയിരുന്നു.
ഡിസൈന്‍ മാറ്റം സംബന്ധിച്ച് ഹൈക്കോടതിയും സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വന്‍ നിക്ഷേപം ആവശ്യമുള്ള പദ്ധതി ഇപ്പോള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വൈറ്റില ജംഗ്ഷനില്‍ ദേശീയപാതയില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ അന്തിമമാക്കി നിര്‍മ്മാണം തുടങ്ങിയതിനാല്‍ ഇതു സംബന്ധിച്ച് പ്രശ്നബാധിതരുമായി ഇനിയും ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈറ്റില ജംഗ്ഷനിലെ മറ്റു റോഡുകളിലേക്ക് കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട അഞ്ചംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പരാതിക്കാരുടെ നിര്‍ദേശങ്ങള്‍ രണ്ടാം ഘട്ട വൈറ്റില ജംഗ്ഷന് വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കാമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
ഇടപ്പള്ളിയില്‍ നിര്‍മ്മിച്ച മേല്‍പ്പാലത്തിന് സമാനമായ രീതിയിലാണ് വൈറ്റിലയിലും മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഇടപ്പള്ളിയില്‍ ഇപ്പോഴും ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനായിട്ടില്ല.
ദേശീയപാതയില്‍ ഇരുവശത്തേക്കുമായി ആറുവരി ഗതാഗതം സാദ്ധ്യമാകുന്ന തരത്തിലാണ് വൈറ്റിലയിലെ നിലവിലെ പ്ളാന്‍. മറ്റു ദിശകളിലേക്കുള്ള റോഡുകള്‍ക്കായി ഫ്ളൈ ഓവറിനടിയില്‍ സിഗ്നല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ അടിപ്പാത നിര്‍മ്മിച്ച് കാല്‍നടയാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ കുരുക്കഴിക്കാന്‍ പര്യാപ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: