ഹൈന്ദവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് ഭസ്മധാരണം. കുളിച്ചുവന്നാല്‍ കുറിതൊടണം. കുട്ടിയിലേമുതല്‍ നാം കേട്ടുവരുന്ന കാരണവന്മാരുടെ ഓര്‍മ്മപ്പെടുത്തലാണ്. രാവിലെ നനച്ചും അതിനുശേഷം നനക്കാതെയുമാണ് ഭസ്മം തൊടുക പതിവ്. എന്നാല്‍ ഭസ്മം നിര്‍മ്മിക്കുക എന്നത് ശിവരാത്രിക്കാലത്ത് പതിവുള്ള സംഗതിയാണ്.
രണ്ടുവിധത്തില്‍ ഇതുനിര്‍മ്മിക്കുന്നുണ്ട്. ഒന്ന് അഗ്നിഹോത്രത്തില്‍ നിന്നും ലഭിക്കുന്നതും, രണ്ടാമത്തേത് പശുവിന്റെ ചാണകം ഉണക്കിയെടുത്തും ഭസ്മം നിര്‍മ്മിക്കാം. ചാണകം ചുട്ടു നിര്‍മ്മിക്കുന്ന ഭസ്മം ശിവരാത്രിക്കുമുന്‍പേ പതിനെട്ടുരുളയാക്കി ഉണക്കിയെടുത്ത് വീടിന്റെ വടക്കുഭാഗത്ത് മുന്നിഞ്ച് ഘനത്തില്‍ നെല്ലുകുത്തിയ തവിടോ, അറക്കപ്പൊടിയോ വിരിച്ച് അതിനുമുകളില്‍ ചാണകത്തിന്റെ ഉരുളകള്‍ അടുക്കിഅടുക്കിവെച്ച് അതിനുമുകളില്‍ ഉമികൊണ്ടുമൂടിയാണ് ചുട്ട് ഭസ്മമാക്കേണ്ടത്. ശിവരാത്രി ദിനത്തില്‍ സന്ധ്യക്കാണ് ഭസ്മമാക്കുന്നതിന് തുടങ്ങുക. നമഃശിവായ ജപിച്ചുകൊണ്ടുവേണം ഇങ്ങനെ ഭസ്മം നിര്‍മ്മിക്കേണ്ടത്.
മൂന്നുനാള്‍ കഴിഞ്ഞ് കത്തിച്ച ചാണ ഉരുളകള്‍ ശുദ്ധജലത്തില്‍ കലക്കി പുതിയ തോര്‍ത്തിനാല്‍ അരിച്ച് ശുദ്ധമാക്കിയെടുത്തജലം അനക്കാതെ ഊറാന്‍ വയ്‌ക്കണം. അടുത്തനാള്‍ അനക്കം കൂടാതെ തെളിവെള്ളംമാറ്റി അടിയില്‍ അവശേഷിക്കുന്ന ഭസ്മം ശുദ്ധമായ തുണിയില്‍ വെയിലില്‍ കെട്ടിത്തൂക്കിയെടുത്ത് വെള്ളം മുഴുവന്‍ വാര്‍ന്നുപോയി ഒരാള്‍ച്ചകൊണ്ട് കിട്ടുന്ന ഉണങ്ങിയഭസ്മം കൈകൊണ്ടു പൊടിച്ചെടുക്കണം. ശിവസഹസ്രനാമംചൊല്ലി കൂവളത്തിലയാല്‍ അര്‍ച്ചിച്ച് കര്‍പ്പൂരം ഉഴിഞ്ഞ് ഭസ്മം ചെപ്പിലാക്കി വച്ച് യഥേഷ്ടം ഉപയോഗിക്കാം. നനച്ചുതൊട്ടഭസ്മം തൊട്ടാല്‍ ശരീരത്തിലെ നീര്‍ക്കെട്ടുപോയി നല്ല ആരോഗ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: