പുണ്യനാമം പൂണ്ട ശിവനാമം കീര്‍ത്തിച്ചുകൊണ്ട് ഒരു ശിവരാത്രി കൂടി. ശിവനാമം ജപിക്കുവാന്‍, ശിവമഹിമ മനസ്സിലാക്കുവാന്‍, ശിവന്റെ അദ്ഭുത ചരിതങ്ങള്‍ ഹൃദയത്തിലുറപ്പിക്കുവാന്‍ ശിവനാമം പോലൊരു ശബ്ദം സുകൃതികള്‍ക്ക് ആനന്ദമരുളുന്ന മറ്റൊരും ആവില്ല കൈലാസാചലവാസിയും ശൈലജാകാന്തനും കാലാരിയും കപാലപാണിയും ശ്രീനീലകണ്ഠനും ഗൗരീശനും ശിവന്റെ അദ്ഭുത ലീലകളാടിയ ഓരോ സവിശേഷനാമരൂപങ്ങളാണ്. ഓരോ നാമത്തിലും നീണ്ടകഥ തന്നെ കാണാം.
ശിവമഹിമ വര്‍ണിക്കാത്ത ഒരു പുണ്യഗ്രന്ഥവും ഇല്ല. നാഗേന്ദ്ര ഹാരനും, ഭസ്മാംഗരാഗനുമായ ശിവന്‍ സര്‍വവിധ ശ്രേയസ്സുകളേയും പ്രദാനം ചെയ്യുന്ന ക്ഷിപ്രപ്രസാദിയും അതേ സമയം ക്ഷിപ്രകോപിയുമാണ്. കൈലാസാചലവാസി ശിവന്റെ വാസസ്ഥാനം ഹിമവത്ശൃംഗമാണ് ഹിമാലയത്തിന്റെ ശൃംഗമായ കൈലാസം വെള്ളിമാമലയാണ്. പാര്‍വതീ പരമേശ്വരന്മാരുടെ സംഗമഭൂമി ലോകോത്തരമായ ഒരു പര്‍വതശ്രേണിയാക്കാന്‍ കാരണം പ്രകൃതിയുടെ സര്‍വസാന്നിധ്യം വിളിച്ചോതുവാനാണ്. പ്രകൃതിയിലെ ഉന്നതപീഠം ശിവസ്വരൂപത്തിന്റെ സമ്മോഹനപ്രകാശമാണ്. പ്രകൃതിയിലെ അമേയകാന്തി ചൊരിയുന്നു. ഈ ഭാരതഭൂമിയെ കടാക്ഷിച്ചുകൊണ്ട് ഹിമവാന്‍ സദാ സംരക്ഷണമേകുന്നു.
ഭാരത ഭാഗ്യവിധാവായി കൈലാസത്തില്‍ ശിവസാന്നിദ്ധ്യത്താല്‍ ധന്യതയേകുന്നു. പക്ഷികളും മൃഗങ്ങളും പാമ്പുകളും ആയ ഹിമവാന്‍ ഭാഗധേയം കുറിക്കുന്നു. പാമ്പുകളെ ശിവാഭരണമാക്കി സ്വീകരിച്ചിരിക്കുന്നു. ചന്ദ്രക്കല ഹിമവല്‍ശൃംഗത്തില്‍ ശോഭിക്കുന്നു. ശിവശീര്‍ഷത്തിലും കാണാം. മാമരങ്ങള്‍ വള്ളിപ്പടര്‍പ്പുകളാല്‍ പ്രകൃതീശ്വരിക്ക് മാലകളാക്കിയിരിക്കുന്നു. ശിവനിലും കാണാം ജടാജൂഡമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന മാലകള്‍. ദേവമന്ദാകിനിയായ ഗംഗാദേവി ശിവശിരസ്സിലൂടെ ഒഴുകി ഭൂമിയില്‍ നിപതിക്കുന്നു. അതും ശിവഭഗവാനില്‍ കാണാം. ഗംഗാദേവി അലംകൃതയായി പ്രശോഭിക്കുന്നത്. വെള്ളിമാമലയില്‍ പല ഔഷധങ്ങളഉടെ കൃഷിയേറ്റം കാണാം. ഈ കാര്‍ഷിക ഭൂമിയെ ഉഴുതുമറിക്കാന്‍ ശക്തിയുടെയും വീര്യത്തിന്റെയും സാമര്‍ത്ഥ്യത്തിന്റെയും കൂട്ടുകാരനായി കാളയെ ശിവന്‍ കൊണ്ടുനടക്കുന്നു;
പരമേശ്വരന്റെ വാഹനമാണ് കാള. കൃഷിയേറ്റാന്‍ വളം വേണം. ഭസ്മം ധാരാളമായി അവിടെയുണ്ട്. ചുടല ഭസ്മം അണിഞ്ഞ് തന്റെ ദേവഭൂമിയെ പവിത്രീകരിക്കുന്നു. എല്ലാവരും വെള്ളിക്കുന്നിനെ ഭാരതത്തിന്റെ ആത്മാവായി വാഴ്‌ത്തിയിരിക്കുന്നു. ദേവഭൂമിയും തപോവാടവും മറ്റെങ്ങുമല്ല. പവിത്ര സംസ്‌കാരത്തിന്റെ ഉറവിടവും ജന്മഭൂമിയും കൈലാസമെന്ന് ഉദ്‌ഘോഷിക്കാം. ഭാരതാത്മാവ് ആ വിശിഷ്ട ഭൂമിയാണ്. മഹാപുണ്യം സുഗന്ധം വീശുന്ന ആത്മതേജസ്സിന്റെ അദ്വൈത കാന്തിയാല്‍ അഴകും മിഴിവുംകൊണ്ട് അവിടം സുകൃതപൂര്‍ണമാണ്.
ശിവപൂജയുടെ മഹിമകൊണ്ട് ബാണന്‍, രാവണന്‍ എന്നിവര്‍ക്കുപോലും ദേവന്മാരും ഭയപ്പെടുത്തക്കതായ ഭുജപരാക്രമങ്ങളും ഐശ്വര്യസമൃദ്ധികളും കൈവരിക്കാനായി. ശിവപൂജയുടെ മാഹാത്മ്യംകൊണ്ട് ബാണരാവണന്മാര്‍ ഏകാഗ്രതയോടെ ചെയ്ത ശിവപൂജാസമാപ്തിയില്‍ അവര്‍ക്ക് ഏവരും സ്മരിക്കത്തക്ക ഭാഗ്യവും നേടാന്‍ സാധിച്ചു. മന്ത്രത്തോടുകൂടിയൊ, ഏകാഗ്രമായ ഭക്തിയോടുകൂടിയൊ ഒരു ബില്വം (കൂവളത്തില) സ്വല്‍പം തീര്‍ത്ഥം എന്നിവകൊണ്ട് ഭഗവാനെ പൂജിക്കുന്നതുകൊണ്ട് അവധിയില്ലാത്ത ക്ഷേമൈശ്വര്യങ്ങള്‍ നിഷ്പ്രയാസം വന്നുചേരും. ഈ ശ്ലോകം ഇക്കാര്യം ഉറപ്പിക്കുന്നു. ‘ ഏകം ചബില്വം സലിലം ചകിംചിത് സമര്‍പ്പിതം ശങ്കരമൂര്‍ദ്ധ്‌നി ഭക്ത്യാ അമന്ത്രകം യേന സമന്ത്രകം വാ സവംശഗകാട്യാ ശിവലോകമേതി’ ശിവതത്ത്വം ശിവനെ രുദ്രന്‍ എന്ന് വേദങ്ങള്‍ കീര്‍ത്തിക്കുന്നു.
ത്രിമൂര്‍ത്തികളിലൊരാളാണ്. പ്രപഞ്ചത്തിന്റെ സകല പ്രവൃത്തികളും സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുവിധത്തില്‍ വിഭജിച്ചിരിക്കുന്നു. ഈ പ്രവൃത്തികള്‍ക്കായി മൂന്നുരൂപങ്ങള്‍ സങ്കല്‍പ്പിച്ച് സൃഷ്ടിക്ക് ബ്രഹ്മാവ്. സ്ഥിതിക്ക് (പരിപാലനത്തിന്) വിഷ്ണുവും സംഹാരത്തിന് ശിവനും ആണ് കര്‍മ്മാധികാരികള്‍. മൂന്നുപേരെയും ഒന്നിച്ച് GOD എന്നും കീര്‍ത്തിക്കാം. Generator= സൃഷ്ടി, O= observator പരിപാലകന്‍, D= Destructor സംഹാരം. ഇവരില്‍ ആദ്യം മഹാവിഷ്ണുവും രണ്ടാമത് ബ്രഹ്മാവും മൂന്നാമത് ശിവനും സംജാതരായി. ബ്രഹ്മപ്രളയമായ കല്‍പാന്തകാലത്തില്‍ ഈശ്വരന്റെ സ്പഷ്ടരൂപമായ ഈ മൂന്നുമൂര്‍ത്തികളും നശിച്ച് പരാശക്തിയില്‍ ചേരുമെന്നും അടുത്ത കല്‍പത്തിന്റെ ആരംഭത്തില്‍ വീണ്ടും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഭൂമിയില്‍ അവതരിക്കുമെന്നും സൃഷ്ടിയും പരിപാലനവും തുടരുമെന്നുമാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്രത്തിന്റെ തത്ത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: