പീരുമേട്: മെയ് മാസം പാതിയോടെ 160 രൂപവരെ എത്തിയ ചുവന്നുള്ളിയുടെ വില കുത്തനെ താഴുന്നു. ഉള്ളിയുടെ പ്രധാന വില്പന കേന്ദ്രങ്ങളിലൊന്നായ ദിണ്ടിഗല്‍ മാര്‍ക്കറ്റിലാണ് ഉള്ളിവില കുറഞ്ഞത്. ഒന്നാന്തരം ഉള്ളിയ്ക്ക് 22 രൂപയാണ് നിലവിലെ ഇവിടുത്തെ മൊത്തവില. കഴിഞ്ഞ മാസം ഇത് 40 രൂപ വരെ എത്തിയിരുന്നു.
ഉള്ളിവില കുറഞ്ഞതനുസരിച്ചുള്ള വിലയിടിവ് സംസ്ഥാന മാര്‍ക്കറ്റില്‍ കണ്ട് തുടങ്ങിയിട്ടില്ല. 40-50 രൂപയ്ക്ക് ഇടയ്ക്കാണ് വില്‍പ്പന. രണ്ടും മൂന്നും തരം ഉള്ളിമാത്രമാണ് വിപണിയിലുള്ളത്.
ദിണ്ടിഗല്‍ മാര്‍ക്കറ്റില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും ഉള്ളി വ്യാപാരം. ഇവിടെനിന്ന് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലേയ്ക്കും ഉള്ളി കയറ്റുമതിയുണ്ട്.
പല്ലടം, തിരുപ്പൂര്‍, ഈറോഡ്, കമ്പം, തേനി, പഴനി, ഒട്ടന്‍ഛത്രം എന്നിവിടങ്ങളില്‍നിന്ന് അധിക വിളവ് ലഭിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഉള്ളിവില ഇടിഞ്ഞത്. വില ഇടിഞ്ഞതോടെ മുടക്കുമുതല്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് കര്‍ഷകര്‍ക്ക്. സവോളയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. 60 രൂപ വരെയെത്തിയ സവോള ഇപ്പോള്‍ പാതിയായി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: