എടത്വ: വഴിയില്‍ കിടന്ന് കളഞ്ഞ് കിട്ടിയ പേഴ്സും പണവും ഉടമയെ കണ്ടത്തി നല്‍കി സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ മാതൃകയായി. കളത്തിപ്പാലം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍ തകഴി ദീപാസദനത്തില്‍ ദിനൂപിനാണ് വഴിയില്‍ കിടന്ന് പേഴ്സ് ലഭിച്ചത്.
ഇന്നലെ രാവിലെ വിദ്യാര്‍ത്ഥികളെ കയറ്റാനായി പോവുന്നതിനിടയില്‍ തകഴി പാലത്തിന് സമീപത്ത് വച്ച് റോഡില്‍ പേഴ്സ് കിടക്കുന്നത് കണ്ട് വണ്ടി നിറുത്തി എടുക്കുകയുമായിരുന്നു. പേഴ്സിനുള്ളില്‍ 3,500 രൂപായും എറ്റിഎം കാര്‍ഡും വിലപ്പെട്ട രേഖകളും ഉണ്ടെന്ന് കണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ആക്കിയ ശേഷം പേഴ്സുമായി എടത്വ പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
ഈ സമയം തന്നെ പേഴ്സ് നഷ്ടപ്പെട്ട ചങ്ങംകരി കണ്ണമ്പള്ളി ബിനീഷ് വര്‍ഗീസ് എന്ന യുവാവ് പരാതിയുമായി സ്റ്റേഷനിലെത്തുകയും ചെയ്തിരുന്നു. പേഴ്സ് ബിനീഷിന്റെ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എസ്ഐ എം. സതീശന്‍ ദിനൂപിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന പേഴ്സ് ബിനീഷിന് കൈമാറി.
















