ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പ്രാവിന്‍കൂട് ജംഗ്ഷനില്‍ നിന്നാരംഭിച്ച് എരമല്ലിക്കരയില്‍ അവസാനിക്കുന്ന റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. 5.400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണത്തിന് അഞ്ചു കോടിയ്‌ക്ക് കാവുങ്കല്‍ റോഡ് ബില്‍ഡേഴ്‌സ്, വെച്ചുച്ചിറ എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്.
2016 ജൂണ്‍ മാസത്തില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും വളരെ മന്ദഗതിയിലാണ് പ്രവൃത്തി നടക്കുന്നത്. റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ജി.എസ്ബിയും, വെറ്റ് മിക്‌സ് മെക്കാഡവും വിരിക്കുന്ന പ്രവൃത്തി കരാര്‍ കമ്പനി വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് ചെയ്തിട്ടുള്ളത് എന്ന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത് നീക്കം ചെയ്ത് നിലവാരമുള്ളവ വിരിക്കാന്‍ കരാര്‍ കമ്പനിയോട് പലതവണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കമ്പനി അവഗണിക്കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് പണികള്‍ നിര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കമ്പനിയുടെ നഷ്‌ടോത്തരവാദിത്വത്തില്‍ ഒഴിവാക്കി കമ്പനിക്കെതിരെ ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് എടുക്കുന്നതിനും, കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനും മന്ത്രി ജി.സുധാകരന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
















