ഉത്തരേന്ത്യയില്‍ ഇതുപോലെ മഞ്ഞുകാലം മൂര്‍ദ്ധന്യത്തിലെത്തിയ മാസത്തിലാണ് ആശാനെ ആദ്യമായി നേരില്‍ക്കണ്ട് സംസാരിക്കുന്നത്. കൊല്ലം 1998ല്‍. ദല്‍ഹിയില്‍ എത്തിയതായിരുന്നു കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം വാങ്ങാന്‍ മടവൂര്‍ വാസുദേവന്‍നായര്‍.
അവാര്‍ഡുദാനം കഴിഞ്ഞുള്ള ദിവസം അദ്ദേഹത്തെ മാദ്ധ്യമയിന്റര്വ്യൂ ചെയ്യാന്‍ താമസസ്ഥലത്തെത്തി. ഭാര്യയുമൊത്ത് അപ്പോഴേക്കും ആള് തമ്പ് തലസ്ഥാനത്തെ പ്രമുഖ കഥകളിക്കാരന് സദനം ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു. നഗരത്തിന്റെ തെക്കന്‍ഭാഗത്ത് പാര്‍ത്തിരുന്ന ഞാന്‍ നാലഞ്ചു കിലോമീറ്റര്‍ പകല്ക്കുളിരില് നടന്നാണ് ഏഷ്യാഡ് വില്ലേജിന്റെ പടിക്കല്‍ എത്തിയത്.
പൊതുവെ ഗൗരവമുള്ള മുഖത്ത് ഇടയ്ക്ക് ചിരിവിരിഞ്ഞാല് അത് പല്ലുവെളുക്കെക്കാട്ടിത്തന്നെയാവും. അളന്നുമുറിച്ച വര്‍ത്തമാനത്തിനിടെ പൊടുന്നനെ ഫലിതം പറയുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്.
അസാമാന്യ ആത്മവിശ്വാസം
പത്രാസെന്ന് ക്ഷണം തെറ്റിദ്ധരിക്കാവുന്നവിധം അസാമാന്യമായ ആത്മവിശ്വാസമാണ് ആശാന്. സ്വകലയില് അവനവന്സ്ഥാനം എവിടെയെന്ന് അദ്ദേഹത്തിന് കൃത്യമായ കണക്കുണ്ട്. അതിന്റെ ലക്ഷണയുക്തി പറയുമ്പോള്‍ ഒരുതരത്തിലും കപടവിനയം കാണിക്കില്ല. ഈവിധം പെരുമാറ്റം അനുഭവമില്ലാത്തവര് എളുപ്പം വിധിയെഴുതും: അഹങ്കാരി.
കഥകളിരാവുകള്‍ ഒന്നിലധികം ആട്ടക്കഥകള്‍ക്ക് വേദിയായിവന്നിട്ടുള്ളതിനോട് തീരെ താല്പര്യമില്ല ആശാന്. സന്ധ്യതുടങ്ങി നേരംവെളുക്കുന്നതിനിടെ ഒരേയൊരു കഥ അരങ്ങേറിയിരുന്നു പഴയ തിരുവിതാംകൂര്‍ ക്ഷേത്രക്കളങ്ങളില്നിന്ന് മനസ്സു പോന്നിട്ടില്ല. ‘ഇന്നിപ്പം ഈ പൊന്നാനിഭാഗവതര്‍ എന്തുവാ? ആദ്യത്തെ കഥയ്ക്കങ്ങോട്ടു കയറിപ്പാടി പാതിരാ കഴിയുമ്പം അണിയറയില്‍ തിരികെവന്ന് കൂര്ക്കംവലിച്ചങ്ങുറങ്ങിയേക്കും. ഇങ്ങനാന്നോ വേണ്ടത്?”
തന്റെ രാവണനും കീചകനും ദുര്യോധനനും ബാണനും നരകാസുരനും ഒക്കെ എഴുന്നള്ളുന്ന യാമമാവുമ്പോഴേക്കും മുഖ്യഗായകര്‍ മുങ്ങിയിരിക്കും എന്ന ആക്ഷേപംകൂടിയാണ് ധ്വനി.
കല്ലുവഴിക്കളരിയോട്
കല്ലുവഴിക്കളരിയോട് ഒടുങ്ങാത്ത മാല്സര്യമുണ്ടായിരുന്നു (അന്നൊക്കെ) ആശാന്. കര്ണാടകസംഗീതത്തിനെ കുറിച്ച് ചില ഹിന്ദുസ്ഥാനിക്കമ്പക്കാര്ക്കുള്ള ഈര്ഷ്യപോലൊന്ന് കണ്ണില്‍ പൊരിഞ്ഞുതെളിയും. മുഖരസത്തിനു പ്രാധാന്യം കല്‍പ്പിക്കാതെ ‘ചുമ്മാ കൊറേ കലാശോം എടുത്തോണ്ടാ മതിയോ?’ എന്ന് വരും ചോദ്യം. കലാമണ്ഡലംമട്ടിലെ പ്രതിനായകവേഷങ്ങളെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ‘അതിന് വടക്കന്കത്തി എന്നൊരു കത്തിയൊണ്ടോ?’ (മലബാറുകാരന് ബാലകൃഷ്ണന്റെ ഉമ്മറത്തിരുന്നാണ് സംസാരം എന്നതൊന്നും അദ്ദേഹത്തിന് ബാധകമേയല്ല; ആതിഥേയനും യാതൊരു പരിഭവവുമില്ല.)
മദ്ധ്യകേരളത്തിലെ സമകാലികകഥകളി ഊട്ടിയുറപ്പിച്ച രാമന്കുട്ടികുട്ടിനായരെപ്പറ്റി ചോദിച്ചു. ‘ബാക്കിയൊള്ളവര്ക്കൊള്ള പല വൃത്തികേടുമൊണ്ടല്ലോ അരങ്ങത്ത്, അതിയാക്കില്ല.’
സ്വന്തം ഗുരുനാഥന് ചെങ്ങന്നൂര്‍ രാമന്പിള്ളയെ കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേക്കും ആയിരം നാവായി. എഴുന്നേറ്റുനിന്ന് അഭ്യാസമുറകളും കാണിച്ചുതന്നു. ‘ദോണ്ട് ഞ്ഞോട്ട് നോക്കിക്കേ,’ എന്ന് കാല്പാദഭാഗത്തേക്ക് ശ്രദ്ധ ക്ഷണിച്ച് മുണ്ടു മടക്കിക്കുത്തി കാല്ചുവടുകള്. ഐസ്തണുപ്പുള്ള വെറുംനിലത്ത് നേരെ മടമ്പടിച്ചും അതല്ലാതെയും ഉള്ള ഇരുവിധ ചവിട്ടുകളുടെ ആവേശ ഡെമോ. ‘ഇതെല്ലാം നിത്യം അഭ്യസിക്കുമായിരുന്നു,’ എന്ന് അഭിമാനത്തോടെ. ‘(കളരിയില്‍) ഞാന്‍ വന്നതീപ്പിന്നെ എന്റെമേലോട്ടല്ലാരുന്നോ മുഴുവന്‍ശ്രദ്ധയും.’
ഫീച്ചര്‍ വൈകാതെ യുഎന്‍ഐ വാര്ത്തായേജന്സിവഴി അടിച്ചിറങ്ങി. എടുത്ത പത്രങ്ങളില്‍ ഒന്ന് ദ ഏഷ്യന്‍ ഏജ്. ആ കട്ടിങ് എടുത്ത് ആശാനായച്ചു തപാലില്‍. പ്രസ്തുത പ്രസിദ്ധീകരണത്തിന് ലണ്ടനില്നിന്നുമുണ്ട് എഡിഷന് എന്നും അറിയിച്ചു. പിറ്റേകൊല്ലം നാട്ടില്ക്കണ്ടപ്പോള് ഓര്‍മ്മ പുതുക്കി. പേര് പറഞ്ഞപ്പോള്‍ മനസ്സിലായില്ല ആശാന്. പിടികിട്ടിയപ്പോള്‍ പറഞ്ഞു: ‘ആങ്….. മറ്റേ, ലണ്ടനില്‍ വാര്ത്തവരുത്തിയ കൊച്ചന്.’
കുട്ടിയിലേ ഞാന്‍ കണ്ടിരിക്കാമെങ്കിലും ടീനേജിലെത്തിയപ്പോള് തരപ്പെട്ട ഒരു കംസന് ആണ് അരങ്ങോര്മയില് നടാടത്തെ. എറണാകുളം കഥകളിക്ലബ്ബില്‍, 1987ല്‍. വൈകാതെ, തൃപ്പൂണിത്തുറ ഒരു മണ്ണാന്‍. തുടര്‍ന്നങ്ങോട്ട് പല വേഷങ്ങളും — വെള്ളത്താടി, നളചരിതത്തിലെ കാട്ടാളന്, കത്തിവേഷങ്ങള്‍… കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കണ്ട വേഷങ്ങള്‍ ചിലതൊക്കെ ഒരുങ്ങിയത് വള്ളുവനാട്ടിലും കിഴക്കന്പാലക്കാടും ഒക്കെയായിരുന്നു എന്ന കൗതുകം വേറെയും. ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് കലാമണ്ഡലം ഗോപിയുടെ അശീതിക്കായിരുന്നു ഒടുവില്‍ ദര്‍ശനം. തൃശ്ശൂരെ നിറഞ്ഞഹാളില് കുചേലവൃത്തം കൃഷ്ണനൊരുങ്ങിയ നേരത്ത് ക്യാമറയുമായി അണിയറയില്ചെന്നപ്പോള് ‘ഇഷ്ടംപോലെടുത്തോ’ എന്ന മുഖഭാവമായി പെട്ടിപ്പുറത്തിരുന്ന് മുത്തച്ഛന്കണക്കെ നോക്കിപ്പുഞ്ചിരിച്ചു.
രാമുട്ടിയാശാന്റെ ശതാഭിഷേകം 2009 വേനലില്‍ ചെര്പ്പുളശ്ശേരിവച്ച് നടന്നപ്പോഴത്തെ രണ്ടുരാത്രിയിലേയും കളികളില്‍ ഏറ്റവും മികച്ചതായിത്തോന്നിയത് മടവൂരാശാന്റെ രംഭാപ്രവേശം രാവണന്. കൈലാസത്തിനടിയില് പാതികുടുങ്ങിയ ദശമുഖന് കാല്‍ഞരമ്പ് വലിച്ച് വീണാതന്ത്രിയാക്കി ശങ്കരാഭരണരാഗത്തില്‍ പാടിക്കൂടി നടിക്കേണ്ട ആ മാസ്റ്റര്‍പീസ് വേഷത്തില്‍ത്തന്നെ അദ്ദേഹം ഇന്നലെ മലനാട്ടിലെ ഒരു ക്ഷേത്രത്തില്‍ സമാധിയായി.
തൊണ്ണൂറടുത്ത പ്രായത്തിലും ഒതുങ്ങിയ ചന്ദനമുട്ടിപോലെ ഉടലഴക്. ചിതയിലേക്ക് പോവുന്നത് കറയില്ലാത്ത കപ്ലിങ്ങാടന്ശൈലിയുടെതന്നെ കൈമെയ്യ്….
(ഫേസ്ബുക്കില്‍ എഴുതിയത്)
മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: