കൊച്ചി: പ്രശസ്ത നേത്രരോഗ ചികിത്സാ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാശുപത്രി ഗവേഷണകേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍.പി.പി. നമ്പൂതിരി (69) അന്തരിച്ചു. യോഗക്ഷേമസഭയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു. ഇന്ന് രാവിലെ 5.50ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
അമൃത ആശുപത്രിയില്‍ എബാം ചെയ്ത് മൃതദേഹം രാവിലെ 10.30 ന് വീട്ടിലെത്തിച്ചു. രാഷ്‌ട്രീയ സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പരേതന് ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം വൈകുന്നേരം 5.00 മണിക്ക് കൂത്താട്ടുകുളത്ത് നടക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ട്യൂമര്‍ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാരതത്തിന്റെ തനത് ചികിത്സാ ശാസ്ത്രമായ ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗമായ ശാലാക്യതന്ത്രത്തിന് അമൂല്യ സംഭാവന നല്‍കിയ വൈദ്യപ്രതിഭയായിരുന്നു എന്‍പിപി നമ്പൂതിരി. നിരവധി ആയുര്‍വേദ വൈദ്യന്‍മാര്‍ക്ക് ജന്മം നല്ലിയ കൂത്താട്ടുകുളത്തെ പ്രശസ്തമായ നെല്ല്യക്കാട്ടു മനയില്‍ 1949 ഒക്ടോബര്‍ 29നാണ് ഡോ.പരമേശ്വരന്‍ പരമേശ്വന്‍ നമ്പൂതിരിയുടെ ജനനം. പിതാവ് പരമേശ്വരന്‍ നമ്പൂതിരിയും അമ്മാവന്‍ ത്രിവിക്രമന്‍ നമ്പൂതിരിയും പേരുകേട്ട ആയുര്‍വേദ ചികിത്സകരായിരുന്നു.
1980-ല്‍ കണ്ണൂരിലെ മാലൂരില്‍ ഡോ. എന്‍ പി പി നമ്പൂതിരി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അതിനുമുമ്പേ കൂത്താട്ടുകുളത്തും കോട്ടയം കുറുപ്പന്തറയിലും ഡോക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ സംസ്‌കൃതവും ആയുര്‍വേദവുമെല്ലാം അദ്ദേഹം പഠിച്ചു.
തൊടുപുഴ കാരിക്കോട്ടെത്തുന്നതോടെയാണ് നേത്ര ചികിത്സയിലേക്ക് തിരിയുന്നത്. അന്ന് ആയുര്‍വേദത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ രണ്ടോ മൂന്നോ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായിരുന്നു എന്‍പിപി. ഒട്ടനവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ഡോ.എന്‍പിപി.നമ്പൂതിരി നേടിയിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നം രാഷ്‌ട്രീയ രത്തന്‍ അവാര്‍ഡ്, രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് പ്രൈഡ് ഓഫ് ഇന്‍ഡ്യ അവാര്‍ഡ്, നേപ്പാള്‍ സര്‍ക്കാരില്‍ നിന്നും ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റ്റാര്‍ മിലേനിയം അവാര്‍ഡ്, ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡില്‍ നിന്നും ജോണ്‍ എഫ് കെന്നഡി അവാര്‍ഡ്, മദര്‍ തെരേസ അവാര്‍ഡ് തുടങ്ങി നൂറോളം ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനായിരുന്നു ഡോ. എന്‍പിപി നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. എന്‍പിപിയുടെ വേര്‍പാട് ആയുര്‍വേദത്തിലെ നേത്രചികിത്സാ മേഖലക്ക് കനത്ത നഷ്ടമാണ്. ആയുര്‍വേദത്തിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും നിരന്തരമായ ഗവേഷണത്തിലൂടെ നേത്രരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്ത പ്രതിഭാധനനായിരുന്നു ഡോക്ടര്‍ എന്‍പി പി നമ്പൂതിരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക